കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍, കര്‍മനിരതനായ പണ്ഡിതന്‍, ചരിത്രകാരന്‍, ന്യായാധിപന്‍ എന്നീ നിലകളിലെല്ലാം അസാമാന്യപ്രതിഭയായ വ്യക്തിത്വമാണ് ശൈഖ് ത്വന്‍ത്വാവി.
1909 ജൂണ്‍ 12ന് ഡമസ്‌കസിലെ ഒരു പണ്ഡിത കുടുംബത്തിലാണ് ത്വന്‍ത്വാവി ജനിച്ചത്. ഈജിപ്തിലെ ത്വന്‍തയിലാണ് കുടുംബവേര്. പിതാമഹന്‍ ശൈഖ് അഹ്മദ് ത്വന്‍ത്വാവി പണ്ഡിതനും ഉസ്മാനിയ സേനയിലെ നായകനുമായിരുന്നു. പിതാവ് ശൈഖ് മുസ്തഫ ഒരു പള്ളിയിലെ ഇമാമായിരുന്നു. ശൈഖ് ത്വന്‍ത്വാവിയുടെ മുതിര്‍ന്ന പിതൃവ്യന്‍ പ്രമുഖ ഇസ്‌ലാമിക ഗോളശാസ്ത്രജ്ഞനും അമ്മാവന്‍ മുഹിബ്ബുദ്ദീനുല്‍ ഖത്വീബ്, അസ്സഹ്‌റാഅ്, അല്‍ഫതഹ് എന്നീ മാസികകളുടെ ഉടമയുമായിരുന്നു. ജനങ്ങളില്‍ ഇസ്‌ലാമിക ബോധം ഉണര്‍ത്തുന്നതിലും മുസ്‌ലിംകളെ ഇസ്‌ലാമിക കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ച ആനുകാലികങ്ങളാണ് ഇവ രണ്ടും. ഗുരുമുഖത്ത് നിന്നുള്ള പഠനവും വ്യവസ്ഥാപിത രീതിയിലുള്ള പാഠശാലകളിലെ പഠനവും സംയോജിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം മുന്നോട്ടുപോയത്. 1918വരെ തന്റെ പിതാവ് ഡയറക്ടറായിരുന്ന പ്രാഥമിക പാഠശാലയില്‍ പഠിച്ചു. 1928ല്‍ സിറിയയില്‍ നിന്ന് ബിരുദം നേടിയശേഷം ഈജിപ്തിലേക്ക് പോയി. അവിടെ മദ്‌റസതു ദാരില്‍ ഉലൂമില്‍ ഉല്‍യായില്‍ ചേര്‍ന്നു.
ത്വന്‍ത്വാവി അവിടെ സയ്യിദ് ഖുതുബിന്റെ സതീര്‍ഥ്യനായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പേ ഡമസ്‌കസിലേക്ക് മടങ്ങി. 1929ല്‍ അവിടെ ലോ കോളെജില്‍ ചേര്‍ന്നു. വിഖ്യാതപണ്ഡിതന്‍ മുസ്തഫസ്സര്‍ഖാഅ് അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. 1933ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.
തന്റെ ഹ്രസ്വമായ ഈജിപത് ജീവിതത്തിന്നിടയില്‍ വിദ്യാര്‍ഥി സംഘടനകളെക്കുറിച്ചും അവര്‍ ജനകീയ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ചും ത്വന്‍ത്വാവി സൂക്ഷ്മമായി മനസ്സിലാക്കിയിരുന്നു. സിറിയയില്‍ മടങ്ങിയെത്തിയ അദ്ദേഹം വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു. ജംഇയ്യത്തുത്വുലബയുടെ അധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് അധിനിവേശത്തിന്നെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ അദ്ദേഹംവും സംഘടനയും സജീവമായി രംഗത്തുവന്നു. റാലികളും പണിമുടക്കുകളും സംഘടിപ്പിച്ചു. 1931ല്‍ കൃത്രിമമായി നടത്തിയ തെരഞ്ഞെടുപ്പുകള്‍ ദുര്‍ബലപ്പെടുത്താന്‍ കാരണമായത് ഈ പ്രക്ഷോഭങ്ങളാണ്. ജനങ്ങളെ ഇളക്കിമറിക്കുന്ന അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ ഭരണകൂടത്തിന് അലോസരം സൃഷ്ടിച്ചു. അതിന്റെ പേരില്‍ അധികാരികള്‍ അറസ്റ്റു ചെയ്ത് അദ്ദേഹത്തെ ജയിലിലടച്ചു. കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാക്കി.
പത്തു വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. ഉമ്മയും അഞ്ച് സഹോദരീ സഹോദരന്മാരുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തില്‍ അര്‍പ്പിതമായി. അദ്ദേഹമായിരുന്നു മൂത്തമകന്‍. ഇതേത്തുടര്‍ന്നു പഠനം നിര്‍ത്തി കച്ചവടത്തിലേക്ക് തിരിഞ്ഞുവെങ്കിലും അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു. തുടര്‍ന്ന് പഠനത്തിലേക്ക് മടങ്ങി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. തന്റെ 24-ാം വയസ്സില്‍ പ്രിയപ്പെട്ട മതാവും മരണമടഞ്ഞത് ജീവിതത്തിലെ വലിയ പ്രതിസന്ധിയായിരുന്നു.
അറബ് ലോകത്തെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതിയിരുന്ന അദ്ദേഹത്തിന്റെ തുടക്കം 1926ല്‍ അല്‍മുഖ്തബസ് പത്രത്തില്‍ എഴുതിക്കൊണ്ടായിരുന്നു. അന്ന് പ്രായം ഇരുപത്തിയേഴ്. പത്രാധിപര്‍ ഉസ്താദ് മുഹമ്മദ് കര്‍ദ് അലി. പിന്നീട് തന്റെ തൂലിക താഴെ വെച്ച അവസരമുണ്ടായിട്ടില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് വിവിധ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ ആയിരക്കണക്കിനുവരും. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ അവതരിപ്പിച്ച വിജ്ഞാനപ്രദവും ആകര്‍ഷകവുമായ പരിപാടികള്‍ നിരവധിയാണ്.
ഫതല്‍അറബ്, അലിഫ്ബാഅ്, അല്‍അസ്സാം എന്നിവയുടെ പത്രാധിപസമിതിയില്‍ ജോലി ചെയ്തു. 1933 അഹ്മദ് ഹസന്‍ സയ്യാത് തന്റെ പ്രസിദ്ധമായ അര്‍റിസാല മാസിക ആരംഭിച്ചപ്പോള്‍ അതിന്റെ പ്രമുഖ എഴുത്തുകാരില്‍ ത്വന്‍ത്വാവിയുമുണ്ടായിരുന്നു. ഇരുപത് വര്‍ഷം അതില്‍ പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അല്‍മുസ്്‌ലിമൂന്‍, അല്‍അസ്വാം, അന്നുസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം നിരന്തരമെഴുതിയിരുന്നു. സുഊദി അറേബ്യയില്‍ സ്ഥിരതാമസമാക്കിയശേഷം അല്‍ഹജ്ജ്, അല്‍മദീന എന്നിവയില്‍ സ്ഥിരം കോളങ്ങള്‍ ചെയ്തു. എട്ടു വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഓര്‍മക്കുറിപ്പുകള്‍ അശ്ശര്‍ഖുല്‍ ഔസത് മാസികയിലാണ് ആദ്യം വെളിച്ചം കണ്ടത്.
അറബ് ദേശീയത, സോഷ്യലിസം എന്നിവയെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഓര്‍മക്കുറിപ്പുകളില്‍ അദ്ദേഹം എഴുതുന്നു.'കുട്ടിക്കാലത്ത് ഫലസ്തീന്‍, ടൂണീഷ്യ, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ തങ്ങളെ പഠിപ്പിച്ചിരുന്നു. മറ്റു ചിലര്‍ കുര്‍ദുകളും തുര്‍ക്കികളുമായിരുന്നു. പക്ഷേ അവരുടെ ദേശത്തെക്കുറിച്ചോ വംശത്തെക്കുറിച്ചോ ഞങ്ങളാരും ചോദിച്ചിരുന്നില്ല. അത്തരം ചിന്തപോലും ഞങ്ങള്‍ക്ക് അന്യമായിരുന്നു. അവരെല്ലാം മുസ്്‌ലിംകളായിരുന്നു. അതിലുപരിയായി ഒന്നും ഞങ്ങള്‍ക്കറിയേണ്ടിയിരുന്നില്ല. അതിനിടെയാണ് നിഷേധാത്മക ദേശീയത വളരാന്‍ തുടങ്ങിയത്. അതോടെ അറബികളും തുര്‍ക്കികളും കുര്‍ദുമെല്ലാം വംശീയതയുടെ സങ്കുചിത ഭാഷയില്‍ സംസാരിച്ചുതുടങ്ങി. പരസ്പര കൂട്ടായ്മ നഷ്ടമായി. ഏകസമുദായം അനേകസമുദായങ്ങളായി ചിന്നിച്ചിതറി'.
അദ്ദേഹത്തിന് ഇഷ്ടപ്പെട്ട തൊഴില്‍ പത്രപ്രവര്‍ത്തനമായിരുന്നെങ്കിലും മികച്ചൊരു അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം പ്രശസ്തമായിരുന്നു. ഹി.1345ല്‍ അദ്ദേഹംപ്രാഥമിക സ്‌കൂളില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. അന്ന് പതിനെട്ടുവയസ്സായിരുന്നു പ്രായം. നേഷണല്‍ കോളെജില്‍ അറബ് സാഹിത്യത്തെക്കുറിച്ച് ചെയ്ത പ്രഭാഷണം തന്റെ 21-ാം വയസ്സില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഫ്രഞ്ച് അധിനിവേശത്തിന്നെതിരെ പോരാടുന്നത് നിമിത്തം ഇക്കാലയളവില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിവിധ രീതിയില്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങള്‍തോറും അദ്ദേഹത്തെ സ്ഥലം മാറ്റി.
1936ല്‍ ഇറാഖിലേക്ക് പോയി. അവിടെ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായി ചേര്‍ന്നു. 1939വരെ അവിടെ തുടര്‍ന്നു. അതിന്നിടയില്‍ ഒരു വര്‍ഷം 1937ല്‍ ബൈറൂതിലെ ശരീഅ കോളെജില്‍ അധ്യാപനം നടത്തി.
1940ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അധ്യാപന ജോലിയില്‍ നിന്ന് മാറി ന്യായാധിപസ്ഥാനത്ത് അവരോധിക്കപ്പെട്ടു. യൗവന യുക്തമായി ജീവിതത്തിന്റെ നല്ല നാളുകള്‍ ഏതാണ്ട് 25 വര്‍ഷക്കാലം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്ത അദ്ദേഹം റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിലും നിര്‍ണായകമായ പങ്കുവഹിച്ചു.
1963ല്‍ കുടുംബസമേതം സുഊദി അറേബ്യയിലേക്ക് താമസം മാറ്റിയ ത്വന്‍ത്വാവിക്ക് താമസിയാതെ തന്നെ സുഊദി പൗരത്വം ലഭിച്ചു. റിയാദിലെ അറബിക് കോളെജിലും ശരീഅ കോളെജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1964 മുതല്‍ 1985 വരെ മക്ക ഹറമിനു തൊട്ടടുത്തുള്ള അജ്‌യാദിലായിരുന്നു താമസം. പിന്നീട് മിനായുടെ സമീപം അസീസിയയിലേക്ക് താമസം മാറ്റി. ഏഴുവര്‍ഷം അവിടെ താമസിച്ചു. അനന്തരം ജിദ്ദയിലേക്ക് താമസം മാറ്റിയ അദ്ദേഹം 1999ല്‍ മരിക്കുന്നതുവരെ അവിടെയായിരുന്നു.
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ വിജ്ഞാനപ്രദവും ആകര്‍ഷണീയവുമായ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂന്നി മറുപടി നല്‍കുന്ന ശൈഖിന്റെ മസാഇല്‍ വ മുശ്കിലാത് (റേഡിയോ) നൂറുന്‍ വ ഹിദായ(ടിവി) എന്നീ പരിപാടികള്‍ ലോകത്തിന്റെ നാനാഭാഗത്തുള്ള ജനങ്ങളെയും ഹഠാദാകര്‍ഷിച്ചവയായിരുന്നു. മുസ്‌ലിം ലോകത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ള നിരവധി സെമിനാറുകളിലും സമ്മേളനങ്ങളിലും സജീവ സാന്നിധ്യമായി നിറഞ്ഞുനിന്നിരുന്ന ശൈഖിന്റെ പ്രബോധനരംഗത്തെ സേവനങ്ങള്‍ മാനിച്ചുകൊണ്ട് 1990ല്‍ അദ്ദേഹത്തിന് കിംഗ് ഫൈസല്‍ അവാര്‍ഡ് സമ്മാനിക്കപ്പെട്ടു.
ശൈഖിന്റെ തഅ്‌രീഫുന്‍ ആമ്മുന്‍ ബിദീനില്‍ ഇസ്‌ലാം എന്ന കൃതിക്ക് ഇസ്‌ലാമിക വിശ്വാസം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്രന്ഥകാരനെന്ന നിലക്ക് അറിയപ്പെടുന്ന ശൈഖ് ത്വന്‍ത്വാവിക്ക് അമ്പതില്‍ അധികം ഗ്രന്ഥങ്ങളുണ്ട്. റസാഇലുല്‍ ഇസ്വ്‌ലാഹ് (ഹി.1348), ബശ്ശാറുബ്‌നു ബുര്‍ദ് (ഹി.1348), റസാഇലുസൈഫില്‍ ഇസ്‌ലാം (ഹി.1349), ഫിത്തഹ് ലീലില്‍ അദബ്(ഹി.1352), ഉമറുബ്‌നുല്‍ഖത്താബ് (1355), ഫി ബിലാദില്‍ അറബ് (ഹി.1339), മിനത്താരീഖില്‍ ഇസ്‌ലാമി (1339), അബൂബക്‌റുസ്സിദ്ദീഖ് (1886), ഖിസസുന്‍ മിനത്താരീഖ് (1986), രിജാലുന്‍ മിനത്താരീഖ് (1983), സ്വുവറുന്‍ വ ഖവാത്വിര്‍ (1982), ഖിസസുന്‍ മിനല്‍ ഹയാത് (1980), ഫീ സബീലില്‍ ഇസ്വ്‌ലാഹ് (1959), ദിമശ്ഖ് (1959), ഫുസ്വൂലുന്‍ ഇസ്‌ലാമിയ്യ (1960), മ അന്നാസ് (1960), സില്‍സിലതുഹികായാതിന്‍ മിനത്താരീഖ് (1960) തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ചിലതു മാത്രമാണ്.
അഞ്ചുവര്‍ഷക്കാലം ഇരുന്നൂറ് ലക്കങ്ങളിലായി അശ്ശര്‍ഖുല്‍ ഔസത്വ് വാരികയില്‍ പ്രസിദ്ധീകരിച്ച ഓര്‍മക്കുറിപ്പുകളാണ്. ദിക്‌റയാത് അലിയ്യുത്വന്‍ത്വാവി. എട്ടുവാള്യങ്ങളായി അവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ശൈഖ് അലിത്വന്‍ത്വാവി 1999 ജൂണ്‍ 18ന് 1420 റബീഉല്‍ അവ്വലില്‍ നിര്യാതനായി. ആധുനിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലൊന്നായ തഫ്‌സീറുല്‍ ജവാഹിറിന്റെ കര്‍ത്താവ് ശൈഖ് ത്വന്‍ത്വാവി ജൗഹരിയും (ഈജിപ്ത്) ത്വന്‍ത്വാവി എന്ന പേരില്‍ പ്രസിദ്ധനായ വ്യക്തിത്വമാണ്.