പണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ശൈഖ് മുജാഹിദീന്‍ ഖാസിമി. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ-സാമൂഹിക സാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം മുസ്‌ലിം ഐക്യത്തിന്റെ ശക്തമായ വക്താവുമായിരുന്നു.
1936 ഒക്‌ടോബര്‍ 9ന് പ്രമുഖ പണ്ഡിതനായ അബ്ദുല്‍ അഹദ് ഖാസിമിയുടെ പുത്രനായി ബീഹാറിലെ ദര്‍ഭംഗയിലാണ് ജനനം. ഖുര്‍ആന്‍, ഫിഖ്ഹ്, ശരീഅത് എന്നീ വിഷയങ്ങളില്‍ അവഗാഹം നേടിയിരുന്ന അദ്ദേഹം ദാറുല്‍ ഉലൂം ദയൂബന്ദിലാണ് പഠനം പൂര്‍ത്തീകരിച്ചത്. ബീഹാറിലെ മോങ്കീരില്‍ സ്ഥിതി ചെയ്യുന്ന ജാമിഅതുര്‍റഹ്മാനിയയില്‍ അധ്യാപകനായി. ഒറീസ, ബീഹാര്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ സ്വാധീനം നേടിയ ശരീഅത്ത് കോടതിയുടെ സ്ഥാപനത്തിന്ന് മുന്നിട്ടിറങ്ങുകയും തുടര്‍ന്ന് അതിന്റെ അധ്യക്ഷപദവി ഏറ്റെടുക്കുകയും ചെയ്തു. നീണ്ട 40 വര്‍ഷക്കാലം ശരീഅഃ കോര്‍ട്ട് ജഡ്ജിയായിരുന്ന അദ്ദേഹം മുസ്‌ലിം വ്യക്തി നിയമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ യുക്തിഭദ്രവും ക്രിയാത്മകവുമായ തീരുമാനങ്ങളിലൂടെ പ്രശ്‌നപരിഹാരത്തിന് സജീവമായി ഇടപെട്ടു. സങ്കീര്‍ണമായ കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങളില്‍ ഖുര്‍ആനും സുന്നത്തിനും അനുയോജ്യമായ രീതിയില്‍ അനായാസം പരിഹാരം നിര്‍ദേശിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതാവഹമായിരുന്നു.
1972ല്‍ ബോംബെയില്‍ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് രൂപം കൊള്ളുമ്പോള്‍ ഖാസിമി മുന്‍നിരയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ 1989ല്‍ രൂപീകരിക്കപ്പെട്ട 'ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി' ആധുനിക വിഷയങ്ങളില്‍ മുസ്‌ലിം സമൂഹത്തിനു ദിശാബോധം നല്‍കുന്നു. അക്കാദമിയുടെ ജനറല്‍സെക്രട്ടറി ഖാസിമിയായിരുന്നു. സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ വ്യവസായിക സാങ്കേതിക വിദ്യയുടെ മാറ്റത്തിനു അനുയോജ്യമായി സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പൂര്‍വ്വീകരുടെ പാതയുടെയും അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തുക, ഇന്ത്യന്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ ബൃഹത്തായ പദ്ധതികളാണ് ഫിഖ്ഹ് അക്കാദമിക്കുള്ളത്. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, അവയവ മാറ്റം തുടങ്ങിയ ആധുനികമായ ധാരാളം പ്രശ്‌നങ്ങളില്‍ അക്കാദമി നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മരണംവരെ അക്കാദമിക്ക് അദ്ദേഹം സാരഥ്യം നല്‍കി. 40 വാല്യങ്ങളിലായി ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ഫിഖ്ഹ് വിജ്ഞാന കോശം അക്കാദമിയുടെ ഏറ്റവും മികച്ച സംഭാവനയാണ്.
1996ല്‍ ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ രൂപവത്ക്കരണത്തിനും അദ്ദേഹം നായകത്വം വഹിച്ചു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇത്തിഹാദെ മില്ലത്ത് സമ്മേളനമാണ് മില്ലി കൗണ്‍സിലിന് ബീജാവാപം നല്‍കിയത്. കൗണ്‍സിലിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു ഖാസിമി. കര്‍മജീവിതത്തില്‍ യഥാര്‍ഥ മുജാഹിദായിരുന്നു അദ്ദേഹം. ഉര്‍ദുവിലും അറബിയിലുമായി മൂന്ന് ഡസനിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. നാലു വാല്യങ്ങളിലായി അറബിയില്‍ രചിച്ച സ്വിന്‍വാനുല്‍ ഖദാ, ഉര്‍ദുവിലുള്ള അല്‍ വഖ്ഫ് ഔര്‍ ഇസ്‌ലാമിക് അദാലത് എന്നിവ അക്കൂട്ടത്തില്‍ ശ്രദ്ധേയങ്ങളാണ്. നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്ഥാപകനുമാണ് അദ്ദേഹം. രണ്ടു തവണ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് മെമ്പറായി. ജിദ്ദ കേന്ദ്രമായുള്ള അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമി അംഗമായിരുന്നു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മരണശേഷം ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ചെയര്‍മാനുമായി. നിരവധി അന്താരാഷ്ട്ര മുസ്‌ലിം സമ്മേളനങ്ങളില്‍ ഖാസിമി മുസ്‌ലിം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിവാഹിതനായിരുന്നു. സന്താനങ്ങളില്ല.
2002 ഏപ്രില്‍ നാലിന് അദ്ദേഹം വിട പറഞ്ഞു.