Skip to main content

ഇബ്‌നു കസീര്‍

ശാമിലെ ബുസ്വ്‌റാ പ്രവിശ്യയിലെ  മജ്ദലുല്‍ ഖര്‍യ എന്ന ഗ്രാമത്തില്‍ ഹിജ്‌റ 700 ക്രിസ്തുവര്‍ഷം 1300ലാണ് ഇബ്‌നുകസീര്‍ ജനിക്കുന്നത്. അബുല്‍ഫിദാ ഇസ്മാഈലുബ്‌നു ഉമറുബ്‌നു കസീര്‍ എന്നാണ് മുഴുവന്‍ പേര്. അല്‍ഹാഫിദ്വ് ഇമാദുദ്ദീന്‍ എന്ന സ്ഥാനപ്പേരിലും അബുല്‍ഫിദാ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു. ജീവിതം മുഴുവന്‍ വൈജ്ഞാനിക സേവനത്തിനായി മാറ്റിവെച്ച മഹാനായിരുന്നു ഇബ്‌നു കസീര്‍.


വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ്, ചരിത്രകാരന്‍, ഹദീസ് പണ്ഡിതന്‍, കര്‍മശാസ്ത്രപണ്ഡിതന്‍ എല്ലാമായിരുന്നു ഇബ്‌നു കസീര്‍. പണ്ഡിതനും ഖത്വീബുമായിരുന്ന പിതാവ് ഇബ്‌നുകസീറിന്റെ നാലാം വയസ്സിലാണ് മരണപ്പെടുന്നത്. വിവിധ വിജ്ഞാനശാഖകളില്‍ അഗാധ പാണ്ഡിത്യമുള്ളയാളായിരുന്നു ഇബ്‌നുകസീര്‍. കവിതയില്‍ താല്‍പര്യമുള്ളയാളായിരുന്ന ഇബ്‌നുകസീര്‍ തഫ്‌സീറിലും ചരിത്ര ഗ്രന്ഥത്തിലും ഇടക്കിടെ കവിതകള്‍ ഉദ്ധരിച്ചതായി കാണാം. കര്‍മശാസ്ത്രപരമായി ശാഫിഈ മദ്ഹബുകരാനാണെങ്കിലും ത്വലാഖ് പോലുള്ള വിഷയങ്ങളില്‍ ഇബ്‌നുതൈമിയ്യയുടെ പാതയാണ് പിന്തുടരുന്നത്.  ബിദ്അത്തുകളെ എതിര്‍ക്കുന്നതില്‍ അദ്ദേഹം സലഫി പണ്ഡിതന്‍മാരുടെ മാതൃകയും പിന്തുടര്‍ന്നിരുന്നു.


തഫ്‌സീറു ഇബ്‌നുകസീര്‍ എന്ന പേരില്‍ പ്രശസ്തമായ അദ്ദേഹത്തിന്റെ തഫ്‌സീറിന്റെ പൂര്‍ണനാമം 'തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം' എന്നാണ്. അത്തഫ്‌സീറുല്‍ മഅ്‌സൂര്‍ എന്ന വിഭാഗത്തിലാണ് തഫ്‌സീര്‍ ഇബ്‌നി കസീര്‍ എണ്ണപ്പെടുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും പ്രശസ്തമായ തഫ്‌സീറും ഇതുതന്നെയാണ്. തഫ്‌സീര്‍പോലെത്തന്നെ ഇബ്‌നുകസീറിന്റെ പ്രസിദ്ധമായ മറ്റൊരു ഗ്രന്ഥമാണ് ചരിത്രഗ്രന്ഥമായ 'അല്‍ബിദായ വന്നിഹായ'. ആരംഭവും അവസാനവും എന്നര്‍ത്ഥം വരുന്ന ഈ ഗ്രന്ഥത്തില്‍ സൃഷ്ടിയുടെ തുടക്കം മുതല്‍ ജീവിക്കുന്ന കാലഘട്ടംവരെയുള്ള പ്രധാന ചരിത്രസംഭവങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. 14 വാള്യങ്ങളാണ് ഈ ചരിത്ര ഗ്രന്ഥത്തിനുള്ളത്. 


മുസ്‌ലിംകളില്‍ കടന്നുകൂടിയ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ കിട്ടുന്ന അവസരത്തിലെല്ലാം അദ്ദേഹം ആഞ്ഞടിച്ചിരുന്നു. 200ലധികം വര്‍ഷമായി നടപ്പിലാക്കാന്‍ സാധിക്കാത്ത ഒരു അനാചാരം നിര്‍ത്തലാക്കാന്‍ അദ്ദേഹം കാണിച്ച തന്റേടം ഇതിനുദാഹരണമായിരുന്നു. ദമസ്‌കസിലെ ജുമുഅ മസ്ജിദില്‍  ശഅ്ബാന്‍ 15ന് രാത്രിയില്‍ ദീപാലങ്കാര ആഘോഷ സമ്പ്രദായം നടത്തിയിരുന്നു. നിരവധി ഫുഖഹാക്കളും ഖാദിമാരും പണ്ഡിതരും ശ്രമിച്ചിട്ടും നിര്‍ത്തലാക്കാന്‍ സാധിക്കാത്തതായിരുന്നു ഇത്. ഇത് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്ന സുല്‍ത്താന്‍ ആ വര്‍ഷം തന്നെ മരിച്ചുപോകുമെന്നായിരുന്നു ജനങ്ങളി ലുണ്ടായിരുന്ന വിശ്വാസം. എന്നാല്‍ ഇബ്‌നുകസീര്‍ ഇത് നിര്‍ത്താലാക്കാന്‍ സധൈര്യം മുന്നോട്ടുവരികയായിരുന്നു. സാധാരണ രാത്രിയിലെന്നപോലെ ഒരു വിളക്കു മാത്രമാണ് പിന്നീടിവിടെ കത്തിച്ചത്.  ഈ ദുരാചാരം നിര്‍ത്തലാക്കിയതില്‍ പണ്ഡിതന്‍മാരും ദീനീ സ്‌നേഹികളും ഏറെ സന്തോഷിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.


ക്രിസ്തു വര്‍ഷം 1373 ഫെബ്രുവരിയില്‍ ഹിജ്‌റ വര്‍ഷം 774 ശഅ്ബാന്‍ മാസത്തിലാണ് ആ മഹാപണ്ഡിതന്‍ ദമസ്‌കസില്‍ മരണപ്പെടുന്നത്. വാര്‍ധക്യകാല അസുഖം നിമിത്തം അദ്ദേഹത്തിന് കാഴ്ചനഷ്ടമായിരുന്നു. വസ്വിയ്യത്ത് പ്രകാരം ഗുരുനാഥനായ ഇബ്‌നുതൈമിയ്യയുടെ ഖബറിന്നടുത്ത് തന്നെയാണ് മൃതദേഹം ഖബറടക്കിയത്. 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446