സുഊദി അറേബ്യയിലെ ഇസ്‌ലാമിക പണ്ഡിതന്‍, ആത്മീയ വിദ്യാഭ്യാസ വിചക്ഷണന്‍, പ്രസംഗകന്‍. അബൂദാബി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തബാഹ് ഫൗണ്ടേഷന്റെ സ്ഥാപകന്‍. ഇപ്പോള്‍ യു എ ഇയിലെ തബാഹ് ഫൗണ്ടേഷന്റെ ഡയരക്ടര്‍ ജനറല്‍. യമനിലെ ദാറുല്‍ മുസ്തഫയുടെയും റോയല്‍ അല്‍ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ബോര്‍ഡ് അംഗം.
സുഊദി അറേബ്യയിലെ ജിദ്ദയില്‍ 1971 ഏപ്രില്‍ 16ന് ജനിച്ചു. ഹബീബ് അലി സെയ്ന്‍ അല്‍ ആബിദീന്‍ അല്‍ ജിഫ്രി എന്നാണ് മുഴുവന്‍ പേര്. യമനിലെ ഹദ്‌റമൗത്ത് താഴ്‌വരയില്‍ നിന്ന് സുഊദിയിലേക്ക് കുടിയേറിയവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍.
ഒമ്പതാം വയസ്സിലാണ് ഗുരുനാഥനായ ഹബീബ് അബ്ദുല്‍ ഖാദിര്‍ അല്‍സഖാഫിയെ പരിചയപ്പെടുന്നത്. പത്ത് വര്‍ഷത്തോളം ഇദ്ദേഹത്തിന് കീഴില്‍ ഹദീസ് പഠനവും ശേഖരണവും നടത്തി. ഹദീസുകളുടെ ബാഹ്യവും ആന്തരികവുമായ സൈദ്ധാന്തിക പഠനം നടത്തുന്നതും ഹബീബ് അബ്ദുല്‍ഖാദിര്‍ അല്‍സഖാഫിയുടെ കീഴില്‍ നിന്നാണ്. പിന്നീടുള്ള പത്ത് വര്‍ഷത്തോളം ഹബീബ് ഉമര്‍ ബിന്‍ഹാഫിസ് എന്ന പണ്ഡിതനൊപ്പം ബെയ്ദയിലെ വടക്കന്‍ യമന്‍ നഗരത്തിലേക്ക് പോയി. അവിടെവെച്ചാണ് ഹബീബ് മുഹമ്മദ് അല്‍ ഹദ്ദാറുമായി പരിചയപ്പെടുന്നത്. ഹബീബ് ഉമറിനൊപ്പം 90കളുടെ മധ്യത്തിലാണ് താരിമിലെ പുരാതന നഗരത്തിലേക്ക് തിരിച്ചെത്തുന്നതും ദാറുല്‍ മുസ്തഫ പഠനകേന്ദ്രം ആരംഭിക്കുന്നതും. ജിഫ്രി 'ഇമാംഗസ്സാലിയുടെ ധര്‍മ്മശാസ്ത്രത്തിന്റെ പുനരുദ്ധാരണം' എന്ന വിഷയത്തില്‍ നൈപുണ്യം നേടി. ഹദീസ് വിഷയത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച പ്രസംഗകനായ ജിഫ്രിയുടെ ടിവി പ്രോഗ്രാമുകള്‍ പ്രസിദ്ധമാണ്.
'എ കോമണ്‍ വേള്‍ഡ് ബിറ്റ്‌വീന്‍ അസ് ആന്റ് യു' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന് 2008 യൂഗന്‍ ബൈസര്‍ അവാര്‍ഡ് സമ്മാനിക്കപ്പെട്ടു. ജിഫ്രി സഊദിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.