മുഹമ്മദുബ്‌നു ഇസ്മാഈലുബ്‌നി ഇബ്രാഹിമുബ്‌നി മുഗീറതുല്‍ ജഅഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹദീസിലെ 'അമീറുല്‍ മുഅ്മിനീന്‍', 'ഹദീസ് പണ്ഡിതന്മാരുടെ നേതാവ്' എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന ഇമാം ബുഖാരി ഹിജ്‌റ 194ല്‍ ശവ്വാല്‍ മാസം 13ന് വെള്ളിയാഴ്ച ബുഖാറയില്‍ ജനിച്ചു. അബുല്‍ഹസന്‍ എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തിന്റെ പിതാവ് ഇസ്മാഈല്‍, ഇമാം മാലികിന്റെ ശിഷ്യനും ഹദീസ് പണ്ഡിതനുമായിരുന്നു. ഒരേ സമയം പാണ്ഡിത്യം കൊണ്ടും സമ്പന്നതകൊണ്ടും അനുഗൃഹീതനായിരുന്ന അബുല്‍ ഹസന്‍ സാത്വികനും സൂക്ഷ്മാലുവുമായിരുന്നു. തന്റെ സമ്പത്തില്‍ ഹറാമോ സംശയാസ്പദമോ ആയ ഒരു ദിര്‍ഹം പോലും തന്റെ അറിവോടെ കടന്നുകൂടിയിട്ടില്ലെന്ന് മരണസമയത്ത് തന്നെ സന്ദര്‍ശിച്ച യഹ്‌യബ്‌നു ഹഫ്‌സ് എന്ന പണ്ഡിതനോട് അദ്ദേഹം പറയുകയുണ്ടായി.
ഇമാം ബുഖാരിയുടെ മാതാവ് ആരാധനനിരതയും ഭക്തയും ധാരാളം ബഹുമതികളുടെ ഉടമയുമായിരുന്നു. ശൈശവത്തില്‍ കാഴ്ച നഷ്ടപ്പെട്ട ഇമാം ബുഖാരിക്ക്, ചന്ദ്രപ്രകാശത്തില്‍ 'അത്താരീഖുല്‍ കബീര്‍' എന്ന ഗ്രന്ഥത്തിന്റെ കരട് കോപ്പി തയ്യാറാക്കാന്‍ സാധിക്കുമാര്‍ കാഴ്ച തിരിച്ചുകിട്ടിയത് മാതാവിന്റെ നിരന്തര പ്രാര്‍ഥനയുടെ ഫലമായിരുന്നുവത്രേ. പിതാവ് മരണപ്പെട്ടപ്പോള്‍ മാതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. വിജ്ഞാനത്തിന്റെ മടിത്തട്ടില്‍ ശ്രേഷ്ഠതയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്നവനാണ് ബുഖാരിയെന്ന് ഇമാം ഖസ്ത്വല്ലാനി പറഞ്ഞത് ഈ അര്‍ഥത്തിലാണ്. പത്താം വയസ്സില്‍ മതപാഠശാലയില്‍ പഠിക്കുമ്പോള്‍ തന്നെ ബുഖാരി ഹദീസുകള്‍ ഹൃദിസ്ഥമാക്കാന്‍ താല്‍പര്യം കാണിക്കുകയും വിജ്ഞാന സദസ്സുകളില്‍ പതിവായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ബുഖാറയിലെ ആ കാലഘട്ടത്തിലെ മഹാപണ്ഡിതനായിരുന്ന അല്ലാമാ ദാഖിലിയുടെ വിജ്ഞാന സദസ്സില്‍ അദ്ദേഹം സദാ സന്നിഹിതനായിരുന്നു. ഒരിക്കല്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ തെറ്റായി ഉദ്ധരിച്ച ഹദീസ് പരമ്പര ഇമാം ബുഖാരി പെട്ടെന്ന് തിരുത്തുകയുണ്ടായി. ആദ്യം ക്ഷോഭിച്ച ദാഖിലി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ശാന്തനായി. അദ്ദേഹം തെറ്റ് അംഗീകരിച്ചുവെന്ന് മാത്രമല്ല, അതുതിരുത്താന്‍ ബുഖാരിയെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് ബുഖാരിക്ക് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. ബുഖാറ പട്ടണത്തിലെ പ്രശസ്തമായ വിജ്ഞാനസദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദുബ്‌നു സലാമ അല്‍ബീകന്‍ദി, അബ്ദല്ലാഹിബ്‌നു മുഹമ്മദ് മുസ്‌നദി, ഇബ്‌റാഹീമുബ്‌നു അശ്അസ് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരില്‍ നിന്നെല്ലാം ഇമാം ബുഖാരി വിജ്ഞാനം തേടി. പതിനാറ് വയസ് തികഞ്ഞപ്പോഴേക്കും വലിയ ഒരു ഹദീസ് ശേഖരം സ്വന്തമാക്കുകയും പണ്ഡിതന്മാരുടെ വൈജ്ഞാനിക നിലവാരത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചുമൊക്കെ അഭിപ്രായം പറയാനുള്ള കഴിവ് നേടുകയും ചെയ്തു. ഗ്രന്ഥങ്ങളിലെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും പലരും ബുഖാരിയെയാണ് ഏല്‍പ്പിച്ചിരുന്നത്.
ഒരിക്കല്‍ അദ്ദേഹം ബഗ്ദാദില്‍ ചെന്നപ്പോള്‍ അവിടത്തെ പണ്ഡിതന്മാര്‍ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. അവര്‍ ഏതാനും ഹദീസുകള്‍ പരമ്പര (സനദ്) മാറ്റിമറിച്ച് അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം മറുപടി കൊടുത്തു: ''നിങ്ങള്‍ ഉദ്ധരിച്ച ഹദീസിന്റെ സനദ് തെറ്റാണ്. ഓരോ ഹദീസിന്റെയും ശരിയായ പരമ്പര ഇങ്ങനെയാണ്. ഈ ഓരോ പരമ്പരയിലും വന്ന ഹദീസ് ഇങ്ങനെയാണ്''. അങ്ങനെ അവര്‍ തെറ്റിച്ചു ചോദിച്ച ഹദീസുകള്‍ ശരിയായ പരമ്പരയിലേക്ക് ചേര്‍ത്തിക്കൊണ്ടവര്‍ക്ക് പറഞ്ഞുകൊടുത്തു. അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഇമാം ബുഖാരി തന്റെ പാണ്ഡിത്യം തെളിയിച്ചു.