ഹദീസ് വിജ്ഞാന കുതുകികളുടെ മാര്‍ഗദര്‍ശക ഗ്രന്ഥമായി വര്‍ത്തിക്കുന്ന 'ഫത്ഹുല്‍ബാരി' യുടെ കര്‍ത്താവാണ് പ്രമുഖ ഹദീസ് പണ്ഡിതനായ ഇബ്‌നു ഹജറില്‍ അസ്ഖലാനി. ഹിജ്‌റ 773 മുതല്‍ 852 വരെയുള്ള (ക്രി 1372 1449) കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. 'ഫത്ഹുല്‍ബാരി' എന്ന ഗ്രന്ഥം സ്വഹീഹ് ബുഖാരിയുടെ ഏറ്റവും നല്ല വിശദീകരണമായാണ് ഇന്നും ഗണിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ ധൈഷണിക രംഗത്ത് എണ്ണപ്പെട്ട വ്യക്തിത്വമാണ് അസ്ഖലാനി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാകട്ടെ ഇസ്‌ലാമിക വിജ്ഞാനകോശമായി ഗണിക്കപ്പെടാവുന്ന വിഖ്യാത രചനകളാണ്.
ഹദീസ്, അസ്മാഉര്‍രിജാല്‍ (ഹദീസ്‌നിവേദകര്‍), ചരിത്രം തുടങ്ങിയ വിഷയങ്ങളിലും ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മംലൂക്കുകളുടെ ഭരണകാലത്ത് ഈജിപ്ത് സിറിയന്‍ മേഖലയിലും വിജ്ഞാന സാഹിത്യ പുരോഗതിയുടെ അവസാന യുഗമായിരുന്നു. ഇസ്‌ലാമിക ലോകത്തെ മൊത്തമെടുത്താല്‍ തന്നെ വിജ്ഞാനത്തിലും സാഹിത്യത്തിലും അക്കാലത്ത് മുന്നിട്ടു നിന്നത് ഈജിപ്തായിരുന്നു. ക്രിസ്താബ്ദം പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഇമാം ഇബ്‌നുതൈമിയ, ഹാഫിസ് ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയ അതിപ്രഗത്ഭരായ പണ്ഡിതന്‍മാരുടെ വിജ്ഞാനപ്രഭ കൊണ്ട് ഈജിപ്തും സിറിയയും അനുഗൃഹീതമായി. ഈ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇസ്‌ലാമിക ലോകത്തൊരിടത്തും അവര്‍ക്കു തുല്യരായ പണ്ഡിതന്‍മാര്‍ ഉണ്ടായിരുന്നില്ല. ഇക്കാലഘട്ടത്തിലാണ് ഇബ്‌നു ഹജറില്‍ അസ്ഖലാനിയും കടന്നുപോയത്.
വൈജ്ഞാനികാടിത്തറയുള്ള കുടുംബമായിരുന്നു അസ്ഖലാനിയുടെത്. കര്‍മശാസ്ത്രത്തിലും സാഹിത്യത്തിലും നിപുണനായ പിതാവ് ബുദ്ധിമാനും ചിന്തകനുമായിരുന്നു. മാതാവ് വാണിജ്യാടിത്തറയുള്ള കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. മാതാവും പിതാവും ഇബ്‌നു ഹജറിന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. അടുത്ത ബന്ധുവായ സകിയുദ്ദീന്‍ അല്‍ ഖറൂബിയാണ് അദ്ദേഹത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തത്.
ഒന്‍പതാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ഹദീസ് വിജ്ഞാനീയമായിരുന്നു ഇഷ്ടവിഷയം. മുഴുസമയശ്രദ്ധ അങ്ങോട്ടുനീക്കി. നിരവധി പ്രമുഖ പണ്ഡിതന്‍മാരില്‍ നിന്നും ഹദീസുകള്‍ പഠിച്ചു. വിദ്യ തേടി അനേകം യാത്രകള്‍ നടത്തി. അലക്‌സാണ്ടറിയ, യമന്‍, സിറിയ, ബൈതുല്‍ മുഖദ്ദസ്, ഹജ്ജ് യാത്രകളിലും ഹിജാസിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചും പ്രമുഖന്‍മാരില്‍ നിന്ന് പഠിക്കുകയും പ്രമുഖരെ പഠിപ്പിക്കുകയും ചെയ്തു. 450ഓളം പ്രമുഖരില്‍ നിന്നും അദ്ദേഹം വിദ്യ നേടിയിട്ടുണ്ട്.
തന്റെ കാലത്ത് തുല്യരില്ലാത്ത പണ്ഡിതനായിരുന്നു അസ്ഖലാനി. ഹാഫിദുല്‍ ഇസ്‌ലാം എന്നും ഹദീസിലെ അമീറുല്‍ മുഅ്മിനീന്‍ എന്നും അദ്ദേഹത്തെ ലോകം അംഗീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അസ്ഖലാനിയിലെ വിജ്ഞാനം തേടി പണ്ഡിതര്‍ എത്തി. വ്യത്യസ്ത മദ്ഹബുകാര്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. ഗ്രന്ഥരചനയ്ക്കു വേണ്ട വിവരങ്ങള്‍ പറഞ്ഞു കൊടുക്കുക, അധ്യാപനം നടത്തുക, ഖുതുബ നിര്‍വഹിക്കുക, ഫത്‌വകള്‍ നല്‍കുക, കേസുകളില്‍ തീര്‍പ്പുകല്പ്പിക്കുക തുടങ്ങി എല്ലാ തുറകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. എന്നാല്‍ ഗ്രന്ഥരചനയിലാണ് അസ്ഖലാനി പൂര്‍ണമായും മുഴുകിയത്. മരണത്തിനു തൊട്ടുമുമ്പുവരെ അദ്ദേഹം രചനയില്‍ വ്യാപൃതനായി.
വിശ്വവിഖ്യാതമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അസ്ഖലാനി.
ഏതാനും ഗ്രന്ഥങ്ങള്‍: ഫത്ഹുല്‍ ബാരി ശറഹുല്‍ ബുഖാരി, തഹ്ദീബുത്തഹ്ദീബ്, തഖ്‌രീബുത്തഹ്ദീബ്, ലിസാനുല്‍ മീസാന്‍, അല്‍ ഇസ്വാബ ഫീ തംയീസില്‍ സ്വഹാബ, ഇത്ഹാഫുല്‍ മഹറബി അത്‌റാഫില്‍ അശറ, നുഖ്ബതുല്‍ ഫിക്ര്‍, നുസ്തഹതുന്നദ്ര്‍ ഫീ തൗദീഫി നുഖ്ബതില്‍ ഫിക്ര്‍, ബുലൂഗില്‍ മറാം മിന്‍ അദിയ്യതില്‍ അഹ്കാം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്. ചെറുതും വലുതുമായ അനേകം രചനകള്‍ വേറെയുമുണ്ട്.
വിവേകവും വിനയവും സൂക്ഷ്മതയും ഒത്തിണങ്ങിയ മഹാപ്രതിഭയും കാലഘട്ടത്തലെ അദ്വിതീയനുമായിരുന്നു അസ്ഖലാനി. സൂറത്തു യാസീന്‍ പാരായണം ചെയ്യാന്‍ 'സലാമുന്‍ ഖൗലന്‍ മിന്‍ റബ്ബിര്‍റഹീം' എന്ന ആയത്ത് ആവര്‍ത്തിച്ചു കൊണ്ട് ഇബ്‌നുഹജറുല്‍ അസ്ഖലാനി എന്നന്നേക്കുമായി കണ്ണടച്ചു. വിജ്ഞാനസാഗരം പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുകൊണ്ട് (ഹി.852).
ശിഹാബുദ്ദീന്‍ അബുല്‍ ഫദ്ല്‍ അഹ്മദ് നൂഹ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി എന്ന പേരില്‍ പ്രസിദ്ധനായത് അദ്ധേഹത്തിന്റെ ഏഴാമത്തെ പിതാമഹനായ ഹജറിലേക്ക് ചേര്‍ത്തുകൊണ്ടാണ് അദ്ദേഹം അറിയപ്പെട്ടത്. ഇന്നത്തെ അധിനിവിഷ്ട ഫലസ്തീനിലെ അസ്ഖലാന്‍ പട്ടണത്തിലേക്ക് ചേര്‍ത്തിയാണ് അസ്ഖലാനി എന്ന പേരുവന്നത്.