ഇസ്‌ലാമിന്റെ ദ്വിതീയ പ്രമാണമായ ഹദീസുകള്‍ക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച് അതിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുന്ന ഓറിയന്റലിസ്റ്റ് രീതിക്കെതിരെ പ്രതിരോധനിര സൃഷ്ടിച്ച ധിഷണശാലിയായ പണ്ഡിതനാണ് ഡോക്ടര്‍ മുസ്തഫസ്സിബാഈ.
ഗിറിയയിലെ ഹിംസ്വില്‍ 1915ലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ശൈഖ് ഹസനിസ്സിബാഈ പ്രഗത്ഭ പണ്ഡിതനും വാഗ്മിയും മത ഭക്തനുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസ പ്രായത്തിനു മുമ്പേ പിതാവില്‍ നിന്ന് ഖുര്‍ആന്‍ പഠനവും ഇസ്‌ലാമിക പഠനങ്ങളും അദ്ദേഹം സ്വായത്തമാക്കി. ഉന്നത ശീര്‍ഷരായ പണ്ഡിതന്‍മാരില്‍ നിന്ന് വിവിധ ഗ്രന്ഥങ്ങള്‍ പഠിച്ച അദ്ദേഹം പതിനെട്ടാം വയസ്സില്‍ പിതാവിന്റെ പ്രതിനിധിയായി ഹിംസ്വിലെ ജുമുഅക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
1933ല്‍ ഉപരിപഠനാര്‍ഥം ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചു. ഫിഖ്ഹ്, ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റികളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി. ഇസ്‌ലാമിക നിയമ നിര്‍മാണ ചരിത്രം എന്ന വിഷയത്തില്‍ ഡോക്ടറല്‍ പഠനത്തിനായി തയ്യാറാക്കിയ തീസിസാണ് 'അസ്സുന്നതു വ മകാനത്തുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി'.
അനന്തരം ഹിംസ്വിലെ ഒരു സെക്കന്‍ഡറി മദ്രസയില്‍ കുറച്ചുകാലം അധ്യാപകനായി ജോലി നോക്കിയ അദ്ദേഹത്തിന് ഇസ്‌ലാമിക പാഠ്യപദ്ധതിയുടെയും ശിക്ഷണ സമ്പ്രദായങ്ങളുടെയും പോരായ്മ എളുപ്പത്തില്‍ മനസ്സിലായി. പാഠ്യപദ്ധതി നവീകരണ ത്തിനും മറ്റുമായി 'അല്‍ മസ്ഹറുല്‍ ഇസ്‌ലാമി അല്‍ അറബി' എന്ന സ്ഥാപനം ആരംഭിച്ചു. ഡമസ്‌കസ് സര്‍വകലാശാലയില്‍ പ്രൊഫസറായി നിയമിതനായ അദ്ദേഹം അവിടെ 'കുല്ലിയത്തുശ്ശരീഅ അല്‍ ഇസ്‌ലാമിയ' സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തു. അതിന്റെ മേധാവിയായി നിയമിതിനായി. ഇസ്‌ലാമിക് ഫിഖ്ഹിന്റെയും മദ്ഹബുകളുടെയും ഉന്നത പഠനത്തിനും താരതമ്യ പഠന ഗവേഷണങ്ങള്‍ക്കും പ്രത്യേക ഫാക്കല്‍റ്റി രൂപീകരിക്കുകയും അതിലൂടെ പ്രഗത്ഭരായ പ്രബോധകന്‍മാരെയും ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്‍മാരെയും വാര്‍ത്തെടുക്കാന്‍ നിരന്തരമായി യത്‌നിക്കുകയും ചെയ്ത അദ്ദേഹം ലോക പ്രശസ്തരായ പണ്ഡിതന്‍മാരെയും ചിന്തകന്‍മാരെയും പങ്കെടുപ്പിച്ച് പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിച്ചു.
സിറിയയില്‍ ഇസ്‌ലാമിന്റെ പ്രതിരോധം
സിറിയന്‍ ഭരണഘടന നിര്‍മാണ സഭയില്‍ അംഗമായും പാര്‍ലമെന്റ് രൂപപ്പെട്ടപ്പോള്‍ (1949þ-1954) അതില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കരടു ഭരണഘടനക്ക് രൂപം നല്‍കിയ ഒമ്പതംഗ സംഘത്തിന്റെ ഉപാധ്യക്ഷനും അദ്ദേഹമായിരുന്നു. സിറിയയുടെ രാഷ്ട്രമതം ഇസ്‌ലാമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ഇസ്‌ലാം നിയമങ്ങള്‍ മൗലിക തത്വങ്ങളായി ഉള്‍ക്കൊള്ളിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു.
വിപ്ലവകാരിയായ അദ്ദേഹം എന്നും അധിനിവേശ സമരത്തിലെ മുന്നണിപ്പോരാ ളിയായിരുന്നു. തന്റെ നാടിന്റെ സംസ്‌കാരവും സമ്പത്തും കാര്‍ന്നു തിന്നുന്ന ഫ്രഞ്ച് കോളനി വത്കരണത്തിനെതിരെ പോരാടി 1931ല്‍, പതിനാറാം വയസില്‍ അദ്ദേഹം ജയിലിലടക്കപ്പെട്ടു. വിട്ടയച്ചപ്പോള്‍ പൂര്‍വാധികം ശക്തിയോടെ രംഗത്തിറങ്ങിയ അദ്ദേഹത്തെ 1932ല്‍ വീണ്ടും ഫ്രഞ്ചുകാര്‍ തടവിലാക്കി. ഇതിനുശേഷമാണ് അദ്ദേഹം ഉപരിപഠനാര്‍ഥം അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കുന്നത്. ഈജിപ്ഷ്യന്‍ കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രകടനം നടത്തിയതിന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചു.
1948ല്‍ ഫലസ്തീന്‍ പുണ്യ ഭൂമി അറബികള്‍ക്കും ജൂതന്‍മാര്‍ക്കുമായി വിഭജിക്കപ്പെടുകയും അവിടെ ഇസ്രാഈല്‍ രാഷ്ട്രം നിലവില്‍ വരികയും ചെയ്ത പശ്ചാത്തലത്തില്‍ ഫലസ്തീന്‍ വിമോചന പ്രശ്‌നമുയര്‍ത്തി നാടുനീളെ പ്രഭാഷണങ്ങള്‍ നടത്തി. സിറിയയിലെ ഭരണത്തലവന്‍ ശീശക്‌ലിയുടെ ഏകാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിച്ചതിന് സിബാഇയെ ലബനാനിലേക്ക് നാടുകടത്തുകയുണ്ടായി.
1951ല്‍ പാകിസ്താനില്‍ നടന്ന ലോകമുസ്‌ലിം കോണ്‍ഫ്രന്‍സില്‍ സിറിയന്‍ പ്രതിനിധി സംഘത്തലവന്‍ അദ്ദേഹമായിരുന്നു. 1956ല്‍ പാശ്ചാത്യ സര്‍വകലാശാലകളിലെ ഇസ്‌ലാമിക പഠന രീതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്വിബാഇയുടെ നേതൃത്വത്തില്‍ സിറിയ ഒരു പഠന സംഘത്തെ നിയോഗിച്ചു. 1957ല്‍ അദ്ദേഹം മോസ്‌കോ സന്ദര്‍ശിച്ചു. പലതവണ അദ്ദേഹം മക്കയും മദീനയും സന്ദര്‍ശിക്കുകയും ഹജ്ജും ഉംറയും നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 1947ലാണ് 'അല്‍മനാര്‍' എന്ന പേരില്‍ ഒരു പത്രം ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 1949ല്‍ അത് മുടങ്ങിപ്പോയി. 1955ല്‍ അല്‍ ശിഹാബ് മാസിക ആരംഭിച്ചുവെങ്കിലും വല്ലാതെ മുന്നോട്ടു കൊണ്ടുപോകാനായില്ല. അതിനുശേഷം ആരംഭിച്ച അല്‍ മുസ്‌ലിമൂന്‍ എന്ന മാസിക പിന്നീട് ഹലാവതുല്‍ ഇസ്‌ലാം എന്ന പേരില്‍ പ്രസിദ്ധീകരണം തുടര്‍ന്നു.
വൈജ്ഞാനിക ലോകത്ത് കനത്ത സംഭാവന നല്‍കിയ അദ്ദേഹത്തിന്റെ മഹത്തായ കൃതിയാണ് ''അസ്സുന്നതു വ മകാനതുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമി'' എന്നത്. നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന പേരില്‍ മുഹമ്മദ് അമാനി മൗലവി വിവര്‍ത്തനം ചെയ്ത് കൊച്ചിന്‍ മുജാഹിദീന്‍ ട്രസ്റ്റ് 1973ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹദീസിനെതിരെ ഓറിയന്റലിസ്റ്റുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് പ്രസ്തുത ഗ്രന്ഥം.
ഇശ്തിറാകിയ്യതുല്‍ ഇസ്‌ലാം (ഇസ്‌ലാമിക സോഷ്യലിസം), അബൂഹുറയ്‌റ ബൈനല്‍ മുഹിബ്ബി വല്‍മുബ്ഗിദീന്‍ (അബൂ ഹുറയ്‌റ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും മധ്യേ), നിദ്വീമുസ്സില്‍മി വല്‍ ഹര്‍ബി ഫില്‍ ഇസ്‌ലാം (യുദ്ധ സമാധാന വ്യവസ്ഥകള്‍ ഇസ്‌ലാമില്‍), അല്‍ഖലാഇദു മിന്‍ ഫറാഇദില്‍ ഫവാഇദ് (മുത്തുമാല), അല്‍മര്‍അതു ബൈനല്‍ ഫിഖ്ഹി വല്‍ ഖാനൂന്‍ (സ്ത്രീ ഇസ്‌ലാമിക നിയമങ്ങള്‍ക്കും ആധുനിക നിയമങ്ങള്‍ക്കും മധ്യേ) തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
ഹിജ്‌റ 1384 ജുമാദല്‍ ഊലാ 27ന് (1964 ഒക്‌ടോബര്‍ മൂന്നിന്) ശനിയാഴ്ച ആ മഹാപ്രതിഭ ഈ ലോകത്തോട് വിടവാങ്ങി.