പണ്ഡിതന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്. ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍, ബിംബൂരില്‍ 1906ല്‍ ജനിച്ചു. ഗ്രാമത്തിലെ മക്തബയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. അസംഗഢിലെ മദ്‌റസത്തുല്‍ ഇസ്‌ലാഹില്‍ വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. പിന്നീട് മദ്‌റസയുടെ പ്രിന്‍സിപ്പലായി.
1946ലെ ഇലാഹാബാദ് സമ്മേളനത്തില്‍ വെച്ച് നിലവില്‍ വന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ശൂറയില്‍ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി അംഗമായിരുന്നു. പാകിസ്താനില്‍ ഇസ്‌ലാമിക ഭരണം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മൗലാന മൗദൂദിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു.
സംഘടനാരംഗം വിട്ട് ഗവേഷണ മേഖലയിലേക്ക്
ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് 1958 മുതല്‍ സംഘടനാരംഗത്തു നിന്നും വിട്ടുനിന്ന് വൈജ്ഞാനിക ഗവേഷണമേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. അക്കാലത്ത് മീസാഖ് എന്ന പേരില്‍ ഒരു മാസികയും തുടങ്ങി. ഒമ്പതു വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട തദബ്ബുറെ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ പ്രധാന ഗ്രന്ഥം. 23 വര്‍ഷത്തെ പഠന ഗവേഷണങ്ങളുടെ ഫലമാണ് ഈ കൃതി. ദഅ്‌വതെ ദീന്‍ ഓര്‍ ഉസ്‌കാ ത്വരീഖാകാര്‍, ഇസ്‌ലാമിക പ്രബോധനം ലക്ഷ്യവും ശൈലിയും എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹഖീഖതെ ശിര്‍ക് ആണ് മറ്റൊരു പ്രധാനകൃതി. ഇതിന്റെ അനുപൂരകമായി ഹഖീഖതെ തൗഹീദ് എന്ന മറ്റൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചു. ഈ രണ്ട് കൃതികളും ശിര്‍ക് അഥവാ ബഹുദൈവത്വം, തൗഹീദ് അഥവാ ഏകദൈവത്വം എന്നീ പേരുകളില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തസ്‌കിയെ നഫ്‌സ്, ഇസ്‌ലാമീ ഖാനൂന്‍ കി തദ്‌വീന്‍, ഇസ്‌ലാമീ രിയാസത്‌മേം ഫിഖ്ഹി ഇഖ്തിലാഫാത് തുങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍. കൂടാതെ ഹമീദുദ്ദീന്‍ ഫറാഹിയുടെ നിരവധി അറബി ഗ്രന്ഥങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.