Skip to main content

ഇബ്‌നു മാജാ

പ്രമാണികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ് ഹദീസ് സമാഹാരങ്ങളില്‍ ഒന്നായ സുനനു ഇബ്‌നിമാജഃയുടെ കര്‍ത്താവായ ഹദീസ് പണ്ഡിതന്‍. ശരിയായ പേര് അബ്ദുല്ലാ മുഹമ്മദുബ്‌നു യസീദബ്‌നി മാജാ അര്‍റിബ്ഇയ്യില്‍ ഖസ്‌വീനി. 

ഹി:209/ക്രി: 824-ല്‍ ഖസ്‌വീനില്‍ ജനിച്ചു. അബ്ബാസി ഖലീഫ മഅ്മൂന്റെ കീഴില്‍ ഇസ്‌ലാമിക ലോകം  കലകളിലും ശാസ്ത്രങ്ങളിലും ഔന്നത്യം പ്രാപിച്ചുനില്‍ക്കുന്ന കാലത്താണ് ഇബ്‌നുമാജഃയുടെ കുട്ടിക്കാലം കടന്നു പോയത്. ഹിജ്‌റ 230ന് ശേഷം ഹദീസ് സമാഹരണാര്‍ത്ഥം  ഇറാഖ്, ശാം, ഈജിപ്ത്, ഖുറാസാന്‍, മക്ക എന്നിവടങ്ങളില്‍ പര്യടനം നടത്തി. വലിയ്യുബ്‌നു മുഹമ്മദിത്വാനാഫിസി, ജൂബാരത്ത്ബ്‌നുല്‍ മുഗല്ലിബ്, മുസ്വഅബ് ബ്നു അബ്ദില്ലാ, അബൂബക്ര്‍ ബ്നു അബീശൈബ, ഹിശാമുബ്‌നു അമ്മാര്‍, അബ്ദുല്ലാഹിബ്‌നു സഊദില്‍ അശജ്ജ്, അബൂ ഇസ്ഹാഖല്‍ ഹറവി, അബ്കരി സ്വാഗാതി, മഹ്മൂദ് ബ്‌നു ഗൈലാന്‍ തുടങ്ങിയവര്‍ ഗുരുനാഥന്മാരാണ്.

സുനനു ഇബ്‌നിമാജ

ഇബ്‌നുമാജഃയുടെ പ്രശസ്ത കൃതി ഹദീസ് സമാഹാരമായ സുനനാണ്. സുനനു ഇബ്‌നിമാജഃ എന്ന പേരിലാണത് അറിയപ്പെടുന്നത്. അതിലുള്ള മൊത്തം 4,321 ഹദീസുകളില്‍ 3,002-ഉം ബുഖാരി, മുസ്‌ലിം തുടങ്ങിയ മറ്റ് അഞ്ചു പ്രാമാണിക ഹദീസ് സമാഹാരങ്ങളില്‍ ഉള്ളവ തന്നെയാണ്. ബാക്കിയുള്ള 1,329 ഹദീസുകള്‍ ഇബ്‌നിമാജഃയുടെ ഈ സുനനില്‍ മാത്രമേ കാണുകയുള്ളൂ. അബുല്‍ഫദ്ല്‍ മുഹമ്മദുബ്‌നു ത്വാഹില്‍ എന്ന പണ്ഡിതനാണ് ആദ്യമായി സുനനു ഇബ്‌നുമാജഃ  സിഹാഹുസ്സിത്തഃയില്‍ (ആറ് പ്രമാണിക ഹദീസ് സമാഹാരങ്ങള്‍) ഉള്‍പ്പെടുത്തിയത്. അനന്തരം സുയൂത്വി, അബ്ദുല്‍ ഗനിയ്യില്‍ മുജദ്ദിദ് എന്നിവരും മറ്റു ഹദീസ് പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും അപ്രകാരം തന്നെ ചെയ്തു. 

എന്നാല്‍ ഇബ്‌നു സകന്‍, ഇബ്‌നു മന്‍ദ, അബൂത്വാഹിര്‍, ഇബ്‌നു അസീര്‍, ഇബ്‌നുസ്വലാഹ്, നവവി, മിസ്സി തുടങ്ങിയ പണ്ഡിതന്മാര്‍ സുനനു ഇബ്‌നിമാജയെ സിഹാഹുസ്സിത്തയില്‍ ഉള്‍പ്പെടുത്തുന്നില്ല. അവരില്‍ ചിലര്‍ സിഹാഹുസ്സിത്ത എന്നത് സിഹാഹുല്‍ ഖംസഃയായി ചുരുക്കുകയും വേറെ ചിലര്‍ ഇമാം മാലികിന്റെ മുവത്ത്വയെ ഇബ്‌നുമാജക്ക് പകരം ഉള്‍പ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്.

സുനനു ഇബ്‌നിമാജയെ സ്വിഹാഹുസ്സിത്തഃയില്‍ ഉള്‍പ്പെടുത്താത്തവരുടെ ന്യായം അവയില്‍ ദുര്‍ബലവും മുന്‍കറുമായ ഹദീസുകള്‍ ഉണ്ടെന്നതാണ്. 

എന്നാല്‍ ഫുആദ് അബ്ദുല്‍ ബാഖിയുടെ അഭിപ്രായത്തില്‍ അസ്വീകാര്യമായ ഹദീസുകളുടെ എണ്ണം 712 ആണ്. മുവത്ത്വയെ അപേക്ഷിച്ച് കുതുബുഖംസയില്‍ ഉള്ളതിനേക്കാള്‍ ഹദീസുകള്‍ കൂടുതല്‍ ഉണ്ടെന്ന കാരണത്താല്‍ സുനനുമാജഃക്ക് മുവത്ത്വയേക്കാള്‍ പ്രാമുഖ്യം നല്‍കുന്ന ഹദീസ് പണ്ഡിതന്മാരുണ്ട്.

ഇബ്‌നുമാജക്കും നബിക്കുമിടയില്‍ മൂന്നുപേര്‍ മാത്രമുള്ള അഞ്ച് നിവേദനങ്ങള്‍ സുനനിലുണ്ട്. അത്തരം നിവേദനങ്ങള്‍ക്ക് ഹദീസ് സാങ്കേതിക സംജ്ഞയില്‍ സുലാസിയാത്ത് എന്നാണ് പേര്. സുനനുഅബീദാവൂദിലും ജാമിഉത്തിര്‍മിദിയിലും സുലാസിയാത്തില്‍പെട്ട ഒരു ഹദീസ് മാത്രമേ ഉള്ളൂ. സ്വഹീഹു മുസ്‌ലിമിലും സുനനുന്നസാഇയിലുമാകട്ടേ ഒന്നു പോലുമില്ല.

പ്രൗഢമായ ഒരു ഖുര്‍ആന്‍ വ്യാഖ്യാനവും ഇബ്‌നുമാജയുടേതായിട്ടുണ്ട്. ആയത്തുകളുടെ വ്യാഖ്യാനങ്ങള്‍ എന്ന നിലക്ക് ധാരാളം ഹദീസുകള്‍ നിവേദന പരമ്പരയോടുകൂടി അദ്ദേഹം അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. ജമാലുദ്ദീന്‍ മിസ്സി തന്റെ തഹ്ദീബുല്‍ കമാലില്‍ ഇബ്‌നുമാജഃയുടെ സുനനിനെ കൂടാതെ അദ്ദേഹത്തിന്റെ തഫ്‌സീറിന്റെ നിവേദകന്‍മാരുടെ ചരിത്രം കൂടി പരാമര്‍ശിക്കുന്നണ്ട്. ഇബ്‌നുകസീറും സുയൂത്വിയും അദ്ദേഹത്തിന്റെ  ഖുര്‍ആന്‍ വ്യാഖ്യാനത്തെ പരാമര്‍ശിക്കുന്നണ്ട്.

അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗ്രന്ഥം ചരിത്ര സംബന്ധിയാണ്. സ്വഹാബികളുടെ കാലം തൊട്ട് തന്റെ കാലം വരെയുള്ള ചരിത്രമാണ് അതിന്റെ ഉള്ളടക്കം. ത്വാരിഖുല്‍ മലീഹ് എന്നാണ് ഇബ്‌നുഖല്ലിക്കാന്‍ അതിനു പേര് നല്‍കിയിരുന്നത്. എന്നാല്‍, ഇബ്‌നുകസീര്‍ ത്വാരിഖുല്‍ കാമില്‍ എന്ന പേരിലാണ് അതിനെ അനുസ്മരിക്കുന്നത്. ഇബ്‌നു മാജയുടെ അവസാനം പറഞ്ഞ രണ്ട് കൃതികളും ഇന്ന് ലഭ്യമല്ല.

ഹി:273/ക്രി: 887-ല്‍ അബ്ബാസി ഖലീഫഃ മുഅ്തമിദിന്റെ കാലത്താണ് ഇബ്‌നു മാജ അന്തരിച്ചത്. 


 

References

 
ഇസ്‌ലാമിക വിജ്ഞാനകോശം

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446