Skip to main content

ശൈഖ് അന്‍വറുല്‍ ജുന്‍ദി

ഇസ്‌ലാമിക വിജ്ഞാന മേഖലയിലെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, പ്രശസ്ത എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്. ഇതെല്ലാമാണ് ശൈഖ് അന്‍വറുല്‍ ജുന്‍ദി. നാമത്തെ അന്വര്‍ഥമാക്കുന്ന പ്രകാശ പ്രസരണവും സയണിസ്റ്റ്-ഓറിയന്റലിസ്റ്റ് കൂട്ടായ്മക്കെതിരെയുള്ള നിരന്തരമായ പോരാട്ടവും അതായിരുന്നു അന്‍വറുല്‍ ജുന്‍ദി.

ഈജിപ്തിലെ കെയ്‌റോയില്‍ നിന്ന് 300 കി. മീ. അകലെ എസ്യൂത്ത് പ്രവിശ്യയിലെ ദയനുബ് നഗരത്തില്‍ 1916 ഡിസംബറില്‍ (1335 റബീഉല്‍ അവ്വല്‍ അഞ്ചിന്) ജനനം. പിതാമഹന്‍ ശറഈ കോര്‍ട്ടിലെ ജഡ്ജിയായിരുന്നു, പിതാവ് പരുത്തി വ്യാപാരിയും. സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു വീട്ടില്‍. ഫലസ്തീന്‍ പോരാട്ടത്തില്‍ വീരോചിതമായ സേവനങ്ങളര്‍പ്പിച്ച തുര്‍ക്കി സേനാധിപന്‍ അന്‍വറിനെ അനുസ്മരിച്ചുകൊണ്ട് അക്കാലത്ത് പിറന്ന പല കുട്ടികള്‍ക്കും അന്‍വര്‍ എന്ന് നാമകരണം ചെയ്തിരുന്നു. പ്രാഥമിക പഠനങ്ങള്‍ മത പാഠശാലയില്‍ നിന്ന് നിര്‍വഹിച്ചശേഷം ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍ പഠനങ്ങള്‍ നടത്തി. അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ ഇസ്‌ലാമിന്നെതിരെ വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഈ പഠനം അദ്ദേഹത്തെ വളരെയേറെ സഹായിച്ചു.

എഴുത്ത് ജീവിതം ആരംഭിക്കുന്നത് അപ്പോളോ പ്രസ്ഥാനം ആരംഭിച്ച 'അപ്പോളോ' മാസികയില്‍ എഴുതിക്കൊണ്ടാണ്. അഹ്മദ് സകി അബൂശാദിയായിരുന്നു പത്രാധിപര്‍. 1933ലാണ് സംഭവം. ശാഇറുന്നീല്‍ എന്ന പേരില്‍ പ്രശസ്തമായ കവി ഹാഫിദ് ഇബ്‌റാഹീമിനെക്കുറിച്ചുള്ള ഒരു സ്‌പെഷ്യല്‍ പതിപ്പിലായിരുന്നു ആദ്യമായി എഴുതുന്നതും പ്രമുഖരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും. അപ്പോള്‍ 15 വയസ്സ് പ്രായം.

'പോകൂ, ഞങ്ങളുടെ നാട്ടില്‍നിന്ന്' എന്ന കൃതി അദ്ദേഹത്തിന്റെ ആദ്യ രചനകളില്‍പെടുന്നു. ഈജിപ്തിലെ അധിനിവേശക്കാരായ ഇംഗ്ലീഷുകാരോടാണ് ആ ആജ്ഞ. അതിന്റെ പേരില്‍ ഫാറൂഖ് രാജാവിന്റെ കാലത്ത് അദ്ദേഹം ജയിലില്‍ അടക്കപ്പെടുകയുണ്ടായി. ജയില്‍ ജീവിതം രചനാജീവിതത്തിന് വിഘാതം സൃഷ്ടിച്ചില്ല. മാത്രമല്ല, ജയില്‍ മോചിതനായപ്പോള്‍ പൂര്‍വാധികം ശക്തിയോടും വീറോടും അദ്ദേഹം എഴുതുകയുണ്ടായി. നിരവധി വാല്യങ്ങളുള്ള വിജ്ഞാനകോശങ്ങളുള്‍പ്പെടെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.

1940കള്‍ അന്‍വറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരുപറ്റം ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ ഇസ്‌ലാമിന്റെ സുന്ദരമുഖം  വികൃതമാക്കാനായി രചിച്ച 'വിജ്ഹതുല്‍ ഇസ്‌ലാം' എന്ന കൃതി വായിച്ചതോടെ ഇസ്‌ലാമിന്റെ ശത്രുക്കളുടെ വികലമായ ആരോപണങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ രചനയെയും ചിന്തയെയും അദ്ദേഹം രൂപകല്പന  ചെയ്തു. പാശ്ചാത്യ ചിന്താധാരകളുടെ വക്താക്കളായ ത്വാഹാ ഹുസൈന്‍, ലുത്വ്ഫിസയ്യിദ്, സലാമത് മൂസ, ജോര്‍ജ് സൈദാന്‍, തൗഫീഖുല്‍ ഹകീം, നജീബ് മഹ്ഫൂദ് തുടങ്ങിയവരുടെ കൃതികളിലെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടി.

ലളിതമായ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. ഗ്രന്ഥസൂചികള്‍ ചേര്‍ക്കാതെ ഉദ്ധരണികള്‍ ചേര്‍ത്തത് അക്കാദമിക് പണ്ഡിതന്മാരുടെ വിമര്‍ശനത്തിനു വിധേയമായെങ്കിലും രചനാ രംഗത്ത് തന്റേതു മാത്രമായൊരു ശൈലി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് അദ്ദേഹം എഴുതിയത്. മഅ്‌ലമതുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ കുറിമാനം) എന്ന പേരില്‍ പ്രശസ്തമായ തന്റെ വിജ്ഞാനകോശത്തിന്റെ അവതാരികക്ക് അദ്ദേഹം നല്‍കിയ തലക്കെട്ടുതന്നെ 'മുസ്‌ലിം യുവാക്കളോട്' എന്നായിരുന്നു. 

ആഡംബര ജീവിതങ്ങളില്‍ നിന്ന് അകന്ന് വളരെ ലളിതമായ ജീവിതമായിരുന്നു ശൈഖ് നയിച്ചിരുന്നത്. 

അബൂദാബിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മനാറുല്‍ ഇസ്‌ലാം മാസികയില്‍ അന്‍വര്‍ എഴുതാറുണ്ടായിരുന്നു, പ്രതിഫലമൊന്നും പറ്റാതെ. 

അദ്ദേഹം പൂര്‍ണാര്‍ഥത്തില്‍ ഒരു റബ്ബാനിയ്യാ പണ്ഡിതനായിരുന്നുവെന്ന് ഏകമകള്‍ സാക്ഷ്യപ്പെടുത്തുന്നു. സദാ സമയവും വുദു നിലനിര്‍ത്തിയിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും എഴുതുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴുമെല്ലാം വുദു പുതുക്കും. വുദുവോടെ മരിക്കാനായിരുന്നു അദ്ദേഹത്തിന്നിഷ്ടം. സമുദായത്തിനു മുഴുവന്‍ വെളിച്ചവും പകര്‍ന്നു നല്‍കി. പാശ്ചാത്യവത്കരണത്തിനെതിരെ നിരന്തരം പടപൊരുതി. 

വിവിധ സന്ദര്‍ഭങ്ങളിലായി ജയില്‍ ജീവിതം അനുഭവിക്കേണ്ടിവന്ന അദ്ദേഹത്തെ 1960ല്‍ രാഷ്ട്രം ഉന്നത പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. അവസാന കാലത്ത് തികച്ചും ഏകാകിയായി ജീവിച്ച ശൈഖിനെ അറബ്-ഇസ്‌ലാമിക ലോകം പാടെ വിസ്മരിച്ചുകളഞ്ഞു. 

സഞ്ചരിക്കുന്ന വിജ്ഞാനകോശമെന്ന് ഇസ്‌ലാമിക ലോകം വിശേഷിപ്പിച്ച ശൈഖ് അന്‍വറുല്‍ ജുന്‍ദി 28.1.2002 തിങ്കളാഴ്ച മരണപ്പെട്ടു.


 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446