ഒരേ സമയം ഇരുപത് സ്ഥാനങ്ങള്‍ അലങ്കരിക്കുകയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ഒരു ചെറിയ മനുഷ്യന്‍. ആ ചെറുപ്പം ശരീരവലിപ്പത്തിന്റെ കാര്യത്തില്‍ മാത്രമാണുള്ളത്. അറിവിന്റെ വിഹായസ്സില്‍ മിന്നുന്ന താരകമായി വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം പകര്‍ന്നു നല്‍കി ഇന്നും ആ മഹാമനുഷ്യന്‍ ചെമ്മാട് ദാറുല്‍ ഹുദായുടെ ഇടനാഴിയിലൂടെ നടന്നുനീങ്ങുന്നു. ദാറുല്‍ ഹുദക്ക് ആധുനികതയുടെ രൂപം നല്‍കി ദാറുല്‍ ഹുദയുടെ പേര് പുറം ലോകത്തെത്തിച്ചതില്‍ ബഹാഉദ്ദീന്‍ നദ്‌വിക്ക് ഉള്ള പങ്ക് നിസ്തുലമാണ്. ദാറുല്‍ ഹുദയുടെ ഒന്നാമത്തെ വൈസ് ചാന്‍സലറായ അദ്ദേഹം ഇന്നും തല്‍സ്ഥാനത്ത് പ്രൗഢിയോടെ തിളങ്ങുന്നു.
കേരളത്തിലെ സുന്നി മതപണ്ഡിതരില്‍ പ്രമുഖനായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 1951 ഏപ്രില്‍ 22 ന് മുഹമ്മദ് ജമാലുദ്ദീന്‍ മുസ്‌ലിയാരുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാടാണ് ജനിച്ചത്. സ്വദേശത്ത് നിന്ന് തന്നെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നു. പഠനത്തോടുള്ള അമിതമായ താല്പര്യം അദ്ദേഹത്തെ ലക്‌നൗ നദ്‌വത്തുല്‍ ഉലമ, അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കെത്തിച്ചു. സ്വദേശത്തും വിദേശ രാജ്യത്തുമുള്ള പഠനം അദ്ദേഹത്തിലെ പണ്ഡിതനെ രൂപപ്പെടുത്തുന്നതില്‍ വല്ലാതെ സഹായിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും അദ്ദേഹം പൂര്‍ത്തിയാക്കി.
അറിവും മികവും ഒരുപോലെ പുലര്‍ത്തുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ ചെമ്മാട് നിന്നും പുറത്തിറങ്ങുന്ന തെളിച്ചം മാസിക, സുപ്രഭാതം ദിനപത്രം, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യ പത്രാധിപനാണ്. ദാറുല്‍ ഹുദാ ചെമ്മാടിനെ ബൗദ്ധികമായി നിയന്ത്രിക്കുന്ന, പ്രഥമ വി.സിയായ ബഹാഉദ്ദീന്‍ നദ്‌വി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ദാറുല്‍ഹുദ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായിരുന്നു 2011 മെയ് മാസത്തില്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭയിലെ അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഈയൊരു സ്ഥാനത്തേക്ക് എത്തുന്ന കേരളത്തിലെ ആദ്യ പണ്ഡിതനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ മുസ്‌ലിം പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ഉന്നതാധികാര സമിതിയായ മുശാവറ അംഗം കൂടിയാണ് ബഹാഉദ്ദീന്‍ നദ്‌വി.
സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം സോഷ്യല്‍ സയന്റിസ്- ഡല്‍ഹി, നാഷണല്‍ മൈനോറിറ്റി എഡ്യുക്കേഷന്‍ മോണിറ്ററിംഗ് കമ്മിറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
വ്യത്യസ്ത വൈജ്ഞാനിക മേഖലകളിലും നിരവധി സംഘനടാ മേഖലകളിലും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബഹാഉദ്ദീന്‍ നദ്‌വി കുടുംബ സമേതം ചെമ്മാടിനടുത്ത് ദാറുല്‍ ഹുദാ പ്രദേശത്ത് താമസിക്കുന്നു.