മലപ്പുറം ജില്ലയിലെ അരീക്കോട് മൂര്‍ക്കന്‍ കുടുംബത്തില്‍ ജനിച്ച പ്രതിഭാശാലിയായ ഉസ്മാന്‍ എന്ന വിദ്യാര്‍ഥി മദിരാശി സ്റ്റാന്‍ലി മെഡിക്കല്‍ കോളെജില്‍ നിന്ന് 1951ല്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കുമ്പോള്‍ ഏറനാട്ടിലെ ആദ്യത്തെ ഡോക്ടറാകുവാനുള്ള നിയോഗം കൂടിയായിരുന്നു അത്.
1924 ജുലൈ ഒന്നിനു ജനനം പിതാവ്മൂര്‍ക്കന്‍ മമ്മദ് ഹാജി. മാതാവ് ഇമ്പിച്ചി പാത്തുമ്മ കുമരനെല്ലൂര്‍, മലപ്പുറം എന്നിവിടങ്ങളിലായിസ്‌കൂള്‍ പഠനം. ഗുരുവായൂര്‍ സാമൂതിരി കോളെജില്‍നിന്ന് ഇന്റര്‍ മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷമാണ് മദിരാശിയിലേക്കെത്തിയത്. പഠനം കഴിഞ്ഞയുടന്‍ തൃശ്ശിനാപ്പള്ളി ജില്ലാ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയെങ്കിലും അവിടെചേരാതെ നാട്ടിലേക്കു തന്നെവണ്ടി കയറി. നിലമ്പൂരില്‍ സ്വന്തമായൊരു ക്ലിനിക്ക് തുടങ്ങാനായിരുന്നു ഡോ. ഉസ്മാന്റെ പദ്ധതി. ഡോക്ടറാ യുള്ളസേവനത്തോടൊപ്പം 'നിലമ്പൂര്‍ യുവജന്‍ കലാസമിതി' രൂപികരിച്ച് കലാരംഗത്തും സജീവമായി.'ഈ ദുനിയാവില്‍ ഞാനൊറ്റക്കാണ്' എന്ന നാടകത്തിലൂടെ പരലോക വിശ്വാസത്തേയും ദൈവബോധത്തേയും ഡോക്ടര്‍ പരിഹാസത്തോടെ വെല്ലുവിളിച്ചു. നിലമ്പൂര്‍ പള്ളിയിലെ മിമ്പറില്‍ വെച്ചും തെരുവ് യോഗങ്ങളില്‍ വെച്ചും 'നാടകക്കാര്‍'ക്ക് കെ സി അബൂബക്കര്‍ മൗലവി മറുപടി പറഞ്ഞു. ഏറനാടന്‍ മാപ്പിള മലയാളത്തിലുള്ള കെ സി യുടെ പ്രഭാഷണങ്ങളെ പരിഹസിച്ചുകൊണ്ട് ഡോക്ടര്‍ മറ്റൊരു നാടകമെഴുതിയാണ് അതിനു പകരം വീട്ടിയത്. അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 'ഇജ്ജ് നല്ല മനിസ്സനാകാന്‍ നോക്ക്' എന്ന നാടകമാണത്. 'ഈ ദുനിയാവും' 'മതവും യുക്തിവാദവും' പുസ്തകങ്ങളായി.കമ്യൂണിസ്റ്റ് സ്വതന്ത്രസ്ഥാനാര്‍ഥിയായിമഞ്ചേരി നിയോജക മണ്ഡലത്തില്‍ മത്സരിച്ചു.
കലാസ്‌നേഹികളുടെ മനസ്സില്‍ഡോ. ഉസ്മാന്‍ എന്ന പേര് ശോഭിച്ചുനില്ക്കുന്ന കാലത്തുണ്ടായ തികച്ചും സ്വകാര്യമായ രണ്ട് അനുഭവങ്ങള്‍ ആ ബുദ്ധിശാലിയുടെ ജീവിതത്തില്‍വഴിത്തിരിവായി. 'ആഇഷ' എന്ന നാടകം എഴുതുമ്പോള്‍ 'ആത്മഹത്യക്കു ശേഷം ആഇഷയ്‌ക്കെന്ത് സംഭവിക്കും' എന്ന ചിന്ത ഡോ. ഉസ്മാനെ അലട്ടി. 'മരണശേഷം എനിക്കെന്തു സംഭവിക്കും' എന്ന ആലോചനയായി അത് പരിണമിക്കാന്‍ അധികസമയമെടുത്തില്ല. കാലിന്റെ പഴുപ്പിന് ചികിത്സ തേടിയെത്തിയ ഒരു ഗ്രാമീണന്റെ വാക്കുകളായിരുന്നു മറ്റൊരു വഴിത്തിരിവ്. 'അത് പടച്ചതമ്പുരാന്‍ തമ്മയിക്കൂലല്ലോ' പടച്ചതമ്പുരാനെ പേടിച്ചിട്ടാണ് കളവ് പറയാനും വഞ്ചിക്കാനും തയ്യാറാകാത്തതെന്ന് അയാള്‍ പറഞ്ഞിരുന്നു.
പുതിയ ചിന്തകള്‍ വെളിച്ചത്തിന്റെ വഴിയൊരുക്കി. നേരത്തെ വിമര്‍ശിച്ച കെ.സി അബൂബകര്‍ മൗലവിയും കെ ഉമര്‍ മൗലവിയും എന്‍ വി ഇബ്രാഹീം മാസ്റ്ററും വെളിച്ചത്തിലേക്കുള്ള വഴികാട്ടികളായി. വിശുദ്ധ ഖുര്‍ആനിലേക്ക് വായനാ ലോകം തിരിച്ചുവിട്ടതോടെ ഡോ. ഉസ്മാന്‍ പുതിയ മനുഷ്യനായി. 1959-60 കാലത്ത് മലബാറിലെ ചര്‍ച്ചകളുടെ മര്‍മ്മമായിത്തീര്‍ന്നു ആ തിരിച്ചുപോക്ക്. ഖുര്‍ആനില്‍ നിന്ന് ഒരു വചനമെടുത്ത് ദിവസങ്ങളോളം അതേപ്പറ്റിചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഡോക്ടറുടേത്.
പുളിക്കല്‍ മദീനതുല്‍ ഉലും അറബിക് കോളെജ് വാര്‍ഷിക സമ്മേളനത്തിലും അബുല്‍ ഹസന്‍ അലി നദ്‌വി പങ്കെടുത്ത മുതലക്കുളം സമ്മേളനത്തിലും ഡോ. ഉസ്മാന്‍ പ്രസംഗിച്ചു. 1970 ല്‍ എടവണ്ണ ജാമിഅ നദ്‌വിയ്യയുടെ മാനേജിംഗ് ട്രസ്റ്റിയാകാനുള്ള കെ പി മുഹമ്മദ് മൗലവിയുടെ ക്ഷണത്തോടെയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഡോക്ടര്‍എത്തുന്നത്. പിന്നീട് 1983 ഡിസംബര്‍ 25ന് കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1999 മാര്‍ച്ച് 19ന് അന്തരിക്കും വരെ നവോത്ഥാനധാരയില്‍ ഊര്‍ജപ്രസാരണം സൃഷ്ടിച്ച പ്രസിഡന്റായിരുന്നു ആ പ്രതിഭാശാലിയായ മഹാ പണ്ഡിതന്‍. പ്രസ്ഥാനത്തെ പൊതുധാരയുമായി ഇണക്കുന്നതിലും ശാസ്ത്രീയമായ സംഘടിത മുന്നേറ്റം വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണം ചെയ്തു.
കെ ഉമര്‍ മൗലവിയുടെ പ്രോത്സാഹനവും നിര്‍ബന്ധവുമാണ് ഡോക്ടറില്‍ നിന്ന് മികച്ച രചനകള്‍ലഭിക്കാന്‍ കാരണമായത്. 'ആളെ നോക്കേണ്ട; തെളിവു നോക്കുക' എന്ന് കൊത്തിവെച്ച മൗലവിയുടെ 'സല്‍ സബീലി' ലാണ് ഡോക്ടര്‍ അധികവുമെഴുതിയത്. 'അല്ലാഹു' എന്ന കൊച്ചു കൃതി ഡോക്ടറുടെ ഏറ്റവും മികച്ച രചനയാണ്.