എന്‍.കെ അഹ്മദ് മൗലവി എന്ന പേരില്‍ പ്രശസ്തനായ അഹ്മദ് കുഞ്ഞി അഹ്മദ് കുട്ടി മൗലവി കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ ആദ്യ കാല നേതാക്കളില്‍ പ്രമുഖനും കേരളത്തില്‍ നിന്നറിയപ്പെട്ട അറബിക്കവികളില്‍ പ്രശസ്തനുമാണ്.
1926 ല്‍ കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ നരിക്കൂട്ടുങ്ങല്‍ കൊപ്രക്കോടന്‍ കുഞ്ഞമ്മദ് കുട്ടിയുടെയും കുഞ്ഞിക്കദിയയുടെയും മകനായി ജനിച്ചു . അന്നത്തെ നാട്ടു നടപ്പുപോലെ വിവിധ പള്ളികളിലായി ദറസ് സംവിധാനത്തില്‍ പഠിച്ചു. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളെജില്‍ ചേര്‍ന്നു. 1949 ല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളെജില്‍ നിന്ന് അഫ്ദലുല്‍ ഉലമ കരസ്ഥമാക്കി.
മാടായ് സ്‌കൂള്‍, ചൊക്ലിയിലെ വി.പി ഓറിയന്റല്‍ സ്‌കള്‍, മുബാറക് ഹയര്‍ സെക്കന്ററി സ്‌കൂള്‍ തലശ്ശേരി എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച എന്‍.കെ അഹ്മദ് മൗലവി 1971 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. പിന്നീട് കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളെജ് പ്രിന്‍സിപ്പലായി ചുമതലയേറ്റെടുത്തു.
ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാത പാണ്ഡിത്യം ഉള്ളതോടൊപ്പം തന്നെ അറബി ഭാഷാ നിമിഷ കവി കൂടിയായിരുന്നു എന്‍.കെ അഹ്മദ് മൗലവി. ലളിതമായ ശൈലിയും പ്രാസവുമെല്ലാം അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം തന്റെ ചൂലിക ചലിപ്പിച്ചു. വിലാപഗാനം, സ്തുതിഗീതം, പ്രശംസാഗാനം തുടങ്ങി കവിതയിലെ വിവിധ തലങ്ങളില്‍ അദ്ദേഹം രചനകള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്ര തലവന്മാര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, പണ്ഡിതന്മാര്‍ തുടങ്ങി പ്രശസ്തരായ പലര്‍ക്കും അദ്ദേഹം സ്തുതി ഗീതങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് പ്രോത്സാഹനമായി പല രാജ്യങ്ങളില്‍ നിന്നും പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അറബി കവിതകളായും ഇസ്‌ലാമിക ഗാനങ്ങളായും മുന്നൂറിലേറെ രചനകള്‍ നടത്തിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ പാഠപുസ്ത രചനാ സമിതിയില്‍ അംഗമായിരുന്നു.
സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ എന്‍.കെ അഹ്മദ് മൗലവിയുടെ കവിതകള്‍ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. വിവിധ വിഷയങ്ങളിലായി അദ്ദേഹം രചിച്ച കവിതകള്‍ 'ദീവാനു എന്‍.കെ അഹ്മദ് മൗലവി' എന്ന പേരില്‍ നദീര്‍ കടവത്തൂര്‍ സമാഹരിച്ച് ഓപണ്‍ റീഡ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി പദ്യ നിയമങ്ങള്‍ പഠിപ്പിക്കുന്ന 'അശ്ശാഫീ ഫീ ഇല്‍മില്‍ അറൂദ്വി വല്‍ കവാഫീ' എന്ന പുസ്തകം എന്‍.കെ അഹ്മദ് മൗലവിയുടെ ശ്രദ്ധേയമായ ഒരു രചനയാണ്.
2007 ജനുവരി 14 എന്‍.കെ അഹ്മദ് മൗലവി അന്തരിച്ചു. ഭാര്യ കടവത്തൂരിലെ കുന്നത്ത് തൊപ്പി കലന്തറിന്റെ മകള്‍ അയിശു. മക്കള്‍: ബഷീര്‍, സാലിം, ജാബിര്‍, ഷാഹിദ് അബ്ദുല്ല, അനീസ, മൈമൂന, സഫിയ.