പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന അധിനിവേശവിരുദ്ധ സമരത്തിന്റെ ആശയസ്രോതസ്സും മുസ്‌ലിം നവോത്ഥാന സംരംഭങ്ങളുടെ നായകനുമാണ് മഹാപണ്ഡിതനും ചരിത്രകാരനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍. ലോകപ്രശസ്തനായ ചരിത്ര പണ്ഡിതനായും ജന്മദേശത്തിന്റെ വിമോചന നായകനായും വിശ്രുതനായിത്തീര്‍ന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ ജീവിതം, ഇതിഹാസ തുല്യമായ ചരിത്രമാണ്.
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രന്‍ ശൈഖ് ഗസ്സാലിയുടെ പുത്രനായി 1531 ല്‍ മാഹിക്കടുത്ത് ചോമ്പാലിലാണ് ജനനം. ചോമ്പാലില്‍ വലിയകത്ത് തറകെട്ടി കുടുംബാംഗമാണ് മാതാവ്. സൈനുദ്ദീന്‍ ചെറിയ കുട്ടിയായിരിക്കെ പിതാവ് മരിച്ചു. പിതൃസഹോദരനും പൊന്നാനിയിലെ ഖാദിയുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. പിതൃവ്യന്‍ തന്നെയായിരുന്നു ആദ്യഗുരു.
പിതാമഹനെപ്പോലെ പൗത്രനും മക്കയിലേക്കാണ് ഉപരിപഠനത്തിന് പോയത്. വിശ്വപ്രസിദ്ധ പണ്ഡിതന്മാര്‍ക്കു കീഴില്‍ പത്തുവര്‍ഷം മക്കയില്‍ വിദ്യാര്‍ഥിയായി. മഹാപണ്ഡിതനും വിഖ്യാതഗ്രന്ഥമായ'തുഹ്ഫ'യുടെ രചയിതാവുമായ ഇബ്നു ഹജറില്‍ ഹൈതമിയായിരുന്നു ശൈഖ് സൈനുദ്ദീന്റെ പ്രധാന ഗുരു. പ്രഗത്ഭ പണ്ഡിതന്മാരായ ഇസ്സുദ്ദീനുബ്‌നു അബ്ദില്‍ അസീസ് അസ്സുമരി, അല്ലാമാ വജീഹുദ്ദീന്‍ അബ്ദുര്‍റഹ്മാനു ബ്‌നു സിയാദ്, ശൈഖുല്‍ ഇസ്‌ലാം അബ്ദുര്‍ റഹ്മാനുബ്‌നുസ്സ്വുഫ്ഫ തുടങ്ങിയവരുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ശൈഖ് സൈനുദ്ദീന് ഭാഗ്യമുണ്ടായി.
'ഫത്ഹുല്‍ മുഈന്റെ' പിറവി
പൊന്നാനിയില്‍ തിരിച്ചെത്തിയ ശേഷം പിതാമഹന്‍ തുടങ്ങിവെച്ച വൈജ്ഞാനിക നവോത്ഥാനം ഏറ്റെടുത്ത സൈനുദ്ദീന്‍ പൊന്നാനി ദര്‍സ് കൂടുതല്‍ ശാസ്ത്രീയമാക്കാനാണ് ആദ്യം ശ്രമിച്ചത്. സൈനുദ്ദീന്‍ മഖ്ദൂമിനെ ഏറെ സ്വാധീനിച്ച അധ്യാപകനായ ഇബ്നുഹജറില്‍ ഹൈതമിയുടെ ഗ്രന്ഥമായ 'തുഹ്ഫ'യിലെ വിഷയങ്ങള്‍ സംഗ്രഹിച്ച് ഒരു ഗ്രന്ഥരചന ആരംഭിച്ചു. അനേകം വാള്യങ്ങളുള്ള ബൃഹദ്ഗ്രന്ഥമായ 'തുഹ്ഫ' ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ ഖ്യാതി നേടിയിരുന്നെങ്കിലും ജനകീയമായിരുന്നില്ല. ശൈഖ് സൈനുദ്ദീന്‍ എഴുതിയ ഗ്രന്ഥം അല്പകാലം കൊണ്ടു തന്നെ ജനകീയമാവുകയും പള്ളിദര്‍സുകളിലെ പാഠപുസ്തകമാവുകയും ചെയ്തു. ആ ഗ്രന്ഥമാണ് പ്രസിദ്ധമായ 'ഫത്ഹുല്‍ മുഈന്‍'.
മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തിനുള്ള നിയമോപദേശങ്ങളായ കര്‍മശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായി 'ഫത്ഹുല്‍ മുഈന്‍' സ്വീകരിക്കപ്പെട്ടു. കച്ചവടം, വിവാഹം, ആരാധനകള്‍, കുടുംബം, സാമൂഹികജീവിതം തുടങ്ങിയ മേഖലകളിലേക്കെല്ലാം മതത്തിന്റെ വെളിച്ചം പകരുന്ന ഗ്രന്ഥമായതിനാല്‍ മുസ്‌ലിം മനസ്സിനെ സ്വാധീനിക്കാനും പതിവു വായനക്ക് പാത്രമായിത്തീരാനും 'ഫത്ഹുല്‍ മുഈന്' സാധിച്ചു. ചിട്ടയാര്‍ന്ന ഇസ്‌ലാമിക ജീവിതത്തിന് കേരള മുസ്‌ലിംകള്‍ക്ക് ആദ്യം ലഭിച്ച കര്‍മശാസ്ത്രഗ്രന്ഥമെന്ന് 'ഫത്ഹുല്‍ മുഈനെ' വിശേഷിപ്പിക്കാം.
ഇത്രയധികം പൊതുമനസ്സില്‍വിനിമയം ചെയ്യപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥം അധികമുണ്ടാകില്ല അച്ചടി വ്യാപകമാകാത്തതിനാല്‍ 'വഅദു'കളിലൂടെയാണ് 'ഫത്ഹുല്‍ മുഈന്‍' പ്രചരിക്കപ്പെട്ടത്. 'വഅദുകള്‍' ഒരു കാലത്ത് മുസ്‌ലിം മനസ്സില്‍ ഏറെ ഗുണപരമായ സ്വാധീനം ചെലുത്തിയിരുന്നു. ജുമുഅത്ത് പള്ളികള്‍ കുറച്ചു മാത്രമായിരുന്നതിനാല്‍ ഉപദേശനിര്‍ദേശങ്ങള്‍ ലഭിക്കാന്‍ 'വഅദുകള്‍' എന്നരാത്രികാല പ്രഭാഷണങ്ങളായിരുന്നു ഏക ആശ്രയം. അല്ലാഹുവിന്റെ പേരിലല്ലാത്ത, ശിര്‍ക്ക് കലര്‍ന്ന വിധത്തിലുള്ള നേര്‍ച്ചകളെയെല്ലാം സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ വിമര്‍ശിക്കുന്നു.
'തുഹ്ഫത്തുല്‍ മുജാഹിദീന്‍'
പറങ്കികളോടുള്ള അരിശം അതിശക്തമാക്കി നിര്‍ത്താന്‍ നൂതനമായ പ്രായോഗിക പദ്ധതികളാണ് മഖ്ദും രണ്ടാമന്‍ ആസൂത്രണം ചെയ്തത്. 'തുഹ്ഫതുല്‍ മുജാഹിദീന്‍' ആണ് മഖ്ദുമിന്റെ രാഷ്ട്രീയ ചിന്തകളുടെയും പ്രത്യയശാസ്ത്ര നിലപാടുകളുടെയും പുസ്തകം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ചരിത്രം വിശദമാക്കുന്ന കണക്കുപുസ്തകമല്ല, അതിന്റെ സൂക്ഷ്മ രാഷ്ട്രീയത്തിലേക്കും ജനിമൃതികളിലേക്കും അസാധാരണമായ വിശകലന പാടവത്തോടെ കടന്നുചെല്ലുന്ന തത്വഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. മക്കയിലെ സഹപാഠികള്‍ക്കും ഗുരുനാഥന്മാര്‍ക്കും വേണ്ടി ജന്മനാടിന്റെ രാഷ്ട്രീയ കാലാവസ്ഥ പരിചയപ്പെടുത്താന്‍ എഴുതിയതാണെങ്കിലും 'തുഹ്ഫതുല്‍ മുജാഹിദീന്റെ' വായനാ സമൂഹത്തിന് അതിര്‍ത്തി ഭേദങ്ങളില്ല.
സ്വന്തം കാലഘട്ടത്തിലെ മുസ്‌ലിം ലോകത്തിനു നേരെ പിടിച്ച കണ്ണാടിയാണീ കൃതി. ആദര്‍ശ ആചാര രംഗങ്ങളില്‍ സംഭവിച്ച പതനങ്ങള്‍ക്കു നേരെ കണ്ണടച്ച്, ജിഹാദിന്റെ പേരില്‍ മുസ്‌ലിംകളെ വികാരം കൊള്ളിക്കുകയല്ല അദ്ദേഹം ചെയ്തത്. ഒരേസമയംഅകത്തേക്കും പുറത്തേക്കും കണ്ണയച്ചുള്ള വിശകലനമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. വിവിധ രാജ്യങ്ങളിലെ മുസ്‌ലിം രാജാക്കന്മാരുമായി സാമൂതിരിയെ ബന്ധിപ്പിച്ച് വിശാല സഖ്യം രൂപപ്പെടുത്താനുള്ള ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തി. സാമൂതിരിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഈജിപ്തിലെയും ബീജാപൂരിലെയും ഗുജറാത്തിലെയും സുല്‍ത്താന്മാര്‍ക്ക് സൈനുദ്ദീന്‍ മഖ്ദൂം കത്തയച്ചു.
ചാലിയത്തെ പറങ്കിക്കോട്ടക്കെതിരെയുള്ള പോരാട്ടത്തില്‍ സാമൂതിരിയെ സഹായിച്ചത് ബീജാപൂരിലെ അലി ആദില്‍ ഷാ ആയിരുന്നു. സൈന്യത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന്റെ സാഹയവും വഴിമുട്ടി. 'തുഹ്ഫതുല്‍ മുജാഹിദീന്‍' ആദ്യമായി അച്ചടിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണിലാണ്. അനേകം യുറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇംഗ്ലീഷില്‍ ഒന്നിലേറെ പരിഭാഷകളുണ്ട്. മദ്രാസ് സെന്റ് ജോര്‍ജ് കോട്ടയിലെ പേര്‍ഷ്യന്‍ പരിഭാഷകനായിരുന്ന മേജര്‍ റൗലണ്ട്‌സനാണ് ആദ്യ പരിഭാഷകന്‍, എമേഴ്‌സണ്‍, ജെയിംസ് ബ്രിഗ്‌സ്, റോക്‌സ്, പ്രൊഫ. മുഹമ്മദ് ഹുസൈന്‍ നൈനാര്‍ തുടങ്ങിയവരും ഈ ഗ്രന്ഥത്തിന് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.
1936 കെ മൂസാന്‍കുട്ടി മൗലവി അറബി മലയാള ലിപിയില്‍ 'തുഹ്ഫതുല്‍ മുജാഹിദീന്റെ' പരിഭാഷ പുറത്തിറക്കി. കെ എം മൗലവിയുടെ പത്രാധിപത്യത്തിലുള്ള'അല്‍മുര്‍ശിദി'ലാണ് 'തുഹ്ഫതുല്‍ മുജാഹിദീ'ന്റെ അറബിമലയാള പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്. ഇന്‍ശാദുല്‍ ഇബാദ്, അല്‍ അജ്‌വിബതുല്‍ അജീബ, അഹ്കാമുന്നികാഹ്, അല്‍മന്‍ഹജുല്‍ വാദിഹ് തുടങ്ങിയവ മറ്റു കൃതികളാണ്.
ഹിജ്‌റ 992ന് ശേഷമാണ് മഖ്ദൂമിന്റെ മരണമെന്ന് കണക്കാക്കുന്നു. ചോമ്പാല്‍ കുഞ്ഞിപ്പള്ളിക്കു തെക്കുകിഴക്കാണ് ഖബറിടം. അബ്ദുല്‍ അസീസ്, അബൂബകര്‍, ഫാതിമ എന്നിവരാണ് മക്കള്‍. പത്‌നിയുടെ പേര് ലഭ്യമല്ല.