Skip to main content

പാനൂര്‍ തങ്ങള്‍

അറബി ഭാഷയില്‍ രചന നടത്തിയ ധാരാളം പണ്ഡിതന്‍മാരുണ്ട് കേരളത്തില്‍. പക്ഷേ, അറബി ഭാഷയില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വ്യാഖ്യാനമെഴുതിയ ഒരേ ഒരു പണ്ഡിതന്‍ മാത്രമേ കേരളത്തിലുള്ളൂ. സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ എന്ന പാനൂര്‍ തങ്ങള്‍.

hh

1936ല്‍ കാസര്‍ഗോഡിനടുത്ത് തളങ്കരയില്‍ സയ്യിദ് ഹുസൈന്‍ കോയ തങ്ങളുടെയും കുഞ്ഞു ബീവിയുടെയും പുത്രനായി ജനിച്ചു. പ്രസിദ്ധ പണ്ഡിതനായിരുന്ന സിറാജുദ്ദീന്‍ യു.കെ. ആറ്റക്കോയ തങ്ങള്‍ സഹോദരനാണ്. കണ്ണൂരില്‍ പ്രാഥമിക പഠനത്തിന് ശേഷം 1948ല്‍ ഉള്ളാള്‍ ദര്‍സില്‍ ചേര്‍ന്നു. ദര്‍സ് പഠനശേഷം മുദരിസായി. 1959ല്‍ ഉത്തര്‍പ്രദേശിലെ ദാറുല്‍ ദയൂബന്ദില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ദയൂബന്ദിലെ പ്രധാനാധ്യാപകനായ മൗലാന ഹുസൈന്‍ അഹ്മദി മദനിയുടെ ചരമത്തില്‍ അനുശോചിച്ചു കൊണ്ട് എഴുതിയ അനുശോചന കാവ്യത്തിന് സ്വര്‍ണമെഡല്‍ നേടി. 

നാട്ടില്‍ തിരിച്ചെത്തിയ ശേഷം പാറക്കടവ് ഓമച്ചപ്പുഴ, തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്‌ലാം എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായി. ഉമ്മത്തൂര്‍ സ്വഖാഫതുല്‍ ഇസ്‌ലാം അറബിക് കോളജ് സ്ഥാപിക്കുന്നതില്‍ മുന്‍കയ്യെടുത്തു. അതിന്റെ പ്രിന്‍സിപ്പല്‍ ആയി. 

1961ല്‍ അദ്ദേഹം തങ്ങള്‍പീടികയിലെ എസ്.എം.പൂക്കോയ തങ്ങളുടെ മകള്‍ ശരീഫാ ബീവിയെ വിവാഹം ചെയ്തു. മൊകേരിയിലെ തങ്ങള്‍ പീടികയില്‍ 1974 ല്‍ സ്ഥാപിച്ച ഇസ്‌ലാമിക് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പിന്നീട് 'ജാമിഅ സഹ്‌റ'യായി മാറി. വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര കോഴ്‌സുകള്‍ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്ന കോളെജ് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും വിശാലമായ ലൈബ്രറിയുമടക്കമുള്ള കാമ്പസായി വികസിച്ചു. 

പ്രഗത്ഭനായ ഒരു അധ്യാപകന്‍ എന്നതിലുപരി കഴിവുറ്റ ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്. അറബി ഭാഷയില്‍ സമ്പൂര്‍ണ ഖുര്‍ആന്‍ വ്യാഖ്യാനമെഴുതിയ കേരളീയ പണ്ഡിതന്‍ എന്ന നിലയിലാണ് തങ്ങള്‍ അറിയപ്പെടുന്നത്. 'ജലാലൈനി' അടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ തഫ്‌സീര്‍ ഗ്രന്ഥമാണ് 'അലാഹാമിശിത്തഫാസീര്‍'. ആധുനികവും പൗരാണികവുമായ ചിന്താധാരകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രസ്തുത ഗ്രന്ഥം ഏറെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഗഹനമായ വിശകലന രീതിയും ആകര്‍ഷകമായ അവതരണ ശൈലിയും ആധുനിക വിഷയങ്ങളെ കൂടി അപഗ്രഥിച്ചു കൊണ്ടുള്ള വിശദീകരണങ്ങളും ഈ തഫ്‌സീറിന്റെ സവിശേഷതകളാണ്. പഴയകാല തഫ്‌സീറുകളെ അന്ധമായി അനുകരിക്കാതെ അവയിലെ നന്‍മകള്‍ സ്വീകരിക്കുകയും അവയില്‍ കടന്നുകൂടിയിട്ടുള്ള കെട്ടുകഥകളും ഇസ്രാഈലി കൈകടത്തലുകളും നിശിതമായി നിരൂപണം നടത്തുകയും ചെയ്യുന്നുണ്ട്  ഇതില്‍. ഖുര്‍ആന്‍ വ്യാഖ്യാതാവായ സയ്യിദ് ഖുതുബിന്റെ 'ഫീദിലാലില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥത്തിന്റെ സ്വാധീനം അദ്ദേഹം തുറന്നുപറയുന്നുമുണ്ട്. 

jj

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തിനു പുറമെ അദ്ദേഹം മറ്റു ധാരാളം കൃതികളും അറബി ഭാഷയില്‍ രചിച്ചിട്ടുണ്ട്. മികച്ച വാഗ്മിയായിരുന്ന തങ്ങളുടെ പയ്യന്നൂര്‍ മസ്ജിദിലെ വെള്ളിയാഴ്ചയിലെ 600 ഓളം ഖുതുബകള്‍ ക്രോഡീകരിച്ചിട്ടുണ്ട്.  2010 മെയ് 10 ന് ഇഹലോകവാസം വെടിഞ്ഞു.

ഗ്രന്ഥങ്ങള്‍:

·    അലാഹാമിശിത്തഫാസീര്‍ (7 വാള്യം)
·    അല്‍ മിര്‍ഖാത് ഫി അഖീദതി മുസ്‌ലിം
·    അല്‍ മദാരിജ് ഫീ തഖ്‌രീറില്‍ ആയ വത്തഖ്‌രീബ്
·    അല്‍ കലാം ഫീ ശറഹില്‍ അഖാഇദുന്നഫ്‌സിയ്യ
·    നിഖാതുന്‍ മിന്‍ താരീഖുല്‍ ഇസ്‌ലാം
·    അല്‍ മന്‍ത്വിഖ് ഫീ ശറഹു തഹ്ദീബ്    
·    അന്നബ്‌റാസ് ഫീ മീുസ്‌ലിഖില്‍ ഫിഖ്ഹിശ്ശാഫിഈ 3 വാള്യം
·    നിഖാത്ത് മിന്‍ താരീഹില്‍ ഇസ്‌ലാം മഅ ശദ്‌റാത്തില്‍ സഹബ്
·    സഫ്‌വത്തുല്‍ കലാം ഫീ അഖീദത്തില്‍ ഇസ്‌ലാം (അഖീദ)
·    അദബുല്‍ മുസ്‌ലിം ഫീ മന്‍ഹജില്‍ ഇസ്‌ലാം (തസ്‌കിയ) 2 വാള്യം
·    അല്‍ മിര്‍ഖാത്ത് ഫീ ഫിഖ്ഹില്‍ ഇസ്‌ലാം (അഖീദ)
·    അല്‍ ദുറൂസുഫീ തര്‍കീബില്‍ അല്‍ഫാദ്
·    ഖിദ്മാതഹു ഫീ ശഅ്‌രില്‍ അറബി (മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയെ കുറിച്ച കവിത)
·    അത്തഹദിയാത്ത് (മലയാളം പരിഭാഷ)
·    അല്‍ ഇന്‍ഹിറാഫത്ത് (മലയാളം പരിഭാഷ)
 

 

Feedback