Skip to main content

കെ എ സുലൈമാന്‍ സാഹിബ്

അനിതര സാധാരണമായ വ്യക്തിത്വവും വിനയവും പ്രകടിപ്പിച്ച ഇസ്വ്‌ലാഹീ നേതാവായിരുന്നു കെ എ സുലൈമാന്‍ സാഹിബ്. പാലക്കാട് നഗരത്തില്‍, വിദ്യാഭ്യാസത്തിലും മതനിഷ്ഠയിലും ഉദാരമനസ്‌കതയിലും മികച്ചുനിന്നിരുന്ന ഹാജി എസ് കെ അഹ്മദ് റാവുത്തറുടെയും ഹസ്‌ന ബീവിയുടേയും 10 മക്കളില്‍ മൂന്നാമനായി കെ എ സുലൈമാന്‍ 1918 ജൂണ്‍ 25ന് ജനിച്ചു.

ഖുര്‍ആന്‍ പാരായണത്തിനും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പത്രങ്ങള്‍ എന്നിവ വായിക്കുന്നതിനും ദീര്‍ഘസമയം നീക്കിവെക്കുമായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്ക് യഥാര്‍ത്ഥ മതവിജ്ഞാനവും ഭൗതിക വിജ്ഞാനവും അനിവാര്യമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനായി അക്ഷീണം യത്‌നിച്ചു.

1992ല്‍ പാലക്കാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന് സ്ഥിരവരുമാനം ലഭിക്കുന്നതിന് പാലക്കാട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിന് മുന്‍വശത്തുള്ള മുജാഹിദ് ബില്‍ഡിംഗ് അദ്ദേഹം മുന്‍കൈ എടുത്ത് വാങ്ങിയതാണ്. 1971ല്‍ കെ എന്‍ എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് വൈസ് പ്രസിഡന്റായിട്ടായിരുന്നു തുടക്കം. 1976 ജനുവരി 31ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1984 വരെ പദവിയില്‍ തുടര്‍ന്നു. 1991 മുതല്‍ 1995ല്‍ മരണപ്പെടുന്നതുവരെ സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു. നിരവധി തവണ പാലക്കാട് ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയുണ്ടായി.

യുവമുജാഹിദുകളുടെ സംഘശക്തിയായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) രൂപീകരണത്തിന്റെ പ്രധാന ശില്പിയും സുലൈമാന്‍ സാഹിബായിരുന്നു. സമ്മേളന സംഘാടനത്തിന് വളണ്ടിയര്‍മാരായി സേവനം ചെയ്തിരുന്ന യുവമുജാഹിദുക ളുടെപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ അദ്ദേഹവുംമറ്റു നേതാക്കളും സമ്മേളന വേദിയില്‍വെച്ച് എടുത്ത തീരുമാനത്തിന്റെ ഫലമായാണ് കോഴിക്കോട് വെച്ച് 1966 സെപ്തംബര്‍ 17ന് ഐ എസ് എം രൂപീകരിക്കപ്പെട്ടത്. അന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ്എം ശൈഖ് മുഹമ്മദ് മൗലവിയും ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ ലത്തീഫ് മൗലവിയുമായിരുന്നു. മുജാഹിദ് നേതാക്കളുടെയും സംയുക്ത യോഗത്തില്‍ സുലൈമാന്‍ സാഹിബായിരുന്നു അധ്യക്ഷത വഹിച്ചത്.

നിരവധി പള്ളികള്‍, മദ്രസകള്‍, അറബികോളേജുകള്‍, സ്‌കൂളുകള്‍ എന്നിവയുടെ സ്ഥാപനത്തിനും അഭിവൃദ്ധിക്കും വേണ്ടി തന്റെ അറിവും ആരോഗ്യവും ധനവും സ്വാധീനവും അദ്ദേഹം ചെലവഴിക്കുകയുണ്ടായി. 1971ല്‍ സ്ഥാപിച്ച പാലക്കാട് പറളിയിലെ മുജാഹിദ് അറബിക് കോളെജിന്റെ നിര്‍മാണത്തിലും നടത്തിപ്പിലും മരണം വരെ ആവേശപൂര്‍വ്വം അദ്ദേഹം പ്രവര്‍ത്തിച്ചു. പാലക്കാട് കല്‍മണ്ഡപം മസ്ജിദുല്‍ മുജാഹിദീന്‍, പട്ടാണിത്തെരുവ് മദ്രസത്തുല്‍ മുജാഹിദീന്‍ എന്നീ സ്ഥാപനങ്ങള്‍ അദ്ദേഹം സ്വന്തമായി സ്ഥാപിച്ചതാണ്. നഴ്‌സറി വിദ്യാഭ്യാസം മുതല്‍ ആര്‍ട്‌സ്&സയന്‍സ് കോളേജ്, തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന ഉന്നത സ്ഥാപനം തുടങ്ങുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് പറളി അറബിക് കോളെജും അനുബന്ധ സ്ഥാപനങ്ങളും.
എടവണ്ണ ജാമിഅ നദ്‌വിയ്യ, പുളിക്കല്‍ ജാമിഅ സലഫിയ്യ, മദീനത്തുല്‍ ഉലും, മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം വനിതാ കോളേജ് തുടങ്ങി ഇസ്‌ലാഹീ സ്ഥാപനങ്ങളുടെ ഒരു പ്രധാന സഹായിയായിരുന്നു അദ്ദേഹം.

1995 സെപ്തംബര്‍ 15ന്വെള്ളിയാഴ്ച അന്തരിച്ചു. 
 

Feedback