Skip to main content

മൗലവി പി.എം. എടശ്ശേരി

മതപണ്ഡിതന്‍, രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, ചിന്തകന്‍, ഖുര്‍ആന്‍ പരിഭാഷകന്‍, ശാസ്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം തന്റേതായ  സംഭാവകനളര്‍പ്പിച്ചയാളാണ് എടശ്ശേരി മൗലവി. ദാരിദ്ര്യപൂര്‍ണമായ ബാല്യത്തെ ഇച്ഛാശക്തികൊണ്ട് മാറ്റിയെടുത്ത് ജീവിത വിജയം കൈവരിച്ചു അദ്ദേഹം. 

1912 ജൂലൈ ഒന്നിന് തളിക്കുളം എടശേരിയില്‍ അറക്കവീട്ടില്‍ അബ്ദുല്‍ ഖാദറിന്റെയും പോക്കാക്കില്ലത്ത് ഉമ്മാച്ചു കുട്ടിയുടെയും മകനായാണ് എടശ്ശേരി പി. മുഹമ്മദ് മൗലവിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം തളിക്കുളം പത്താം കല്ല് സി എം എസ് സ്‌കൂളില്‍. ആറു വര്‍ഷത്തെ ദര്‍സ് പഠനം. അതോടൊപ്പം മലയാളം, സംസ്‌കൃത ഭാഷകള്‍ കൂടി പഠിച്ചു. ഇക്കാലത്താണ് 'പൂത്തിങ്കള്‍' എന്ന സംസ്‌കൃത വൃത്തത്തിലുള്ള ലഘുകാവ്യം പ്രസിദ്ധീകരിച്ചത്. 1938ല്‍ ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജില്‍ ചേര്‍ന്നു. നാലു വര്‍ഷത്തിന് ശേഷം മൗലവി ഫാസില്‍ ബാഖവി ബിരുദം നേടി. 1943ല്‍ അഫ്‌സലുല്‍ ഉലമ പരീക്ഷയില്‍ മദിരാശി സംസ്ഥാനത്തില്‍ ഉന്നതവിജയം. 

ഉറുദു ഭാഷയില്‍  മദ്രാസ് സര്‍വകലാശാലയുടെ അദീബെ ഫാസില്‍ പരീക്ഷയും ഒന്നാം റാങ്കോടെ വിജയിച്ചു. ആ വര്‍ഷം തന്നെ മട്ടാഞ്ചേരിയില്‍ ഹാജി ഈസ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ഉര്‍ദു അധ്യാപകനായി ചേര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷം അവിടെ തന്നെ അറബി അധ്യാപകനായി. ഇതിനിടയില്‍ ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ് ഡി എഴുതിയെടുത്തു. ഈ കാലത്താണ് 'ഭാഗാര്‍ച്ചന' 'രഹസ്യ രേഖ' എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 1950ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അറബിക് ലക്ചററായി ചേര്‍ന്നുവെങ്കിലും പോസ്റ്റിംഗ് അനുവദിക്കാത്തത് കാരണം ഏതാനും മാസങ്ങള്‍ക്കു ശേഷം ജോലിയില്‍ നിന്ന് പുറത്തു വന്നു.  

1946ല്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ നേരിട്ടുള്ള മലയാള ഭാഷാന്തരമെന്നത് വിട്ട് ലളിതമായ ഗദ്യഭാഷയും വിസ്താരമുള്ള വ്യാഖ്യാനക്കുറിപ്പുകളുമാണ് വന്നു ചേര്‍ന്നതെന്ന് മൗലവി ഖുര്‍ആന്‍ പരിഭാഷയുടെ സുദീര്‍ഘമായ മുഖവുരയില്‍ എഴുതുന്നു. ഇതിന്റെ ഒന്നാം ഭാഗം 1954ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ബാംഗളൂര്‍ ആസ്ഥാനമായ ഇസ്‌ലാമി സാഹിത്യ പ്രസിദ്ധീകരണ ശാലയാണ് പ്രസാധകര്‍. രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഒഴികെ ബാക്കി ഭാഗങ്ങള്‍ ഇന്നും അപ്രകാശിതമായി നില്‍ക്കുന്നുവെന്നത് ഖേദകരമാണ്. ഖുര്‍ആന്‍ പരിഭാഷയുടെ പ്രസിദ്ധീകരണാര്‍ഥം ഹൈദരാബാദ് നൈസാമില്‍ നിന്ന് ഒരു ലക്ഷം രൂപ ഗ്രാന്റായി അനുവദിച്ചിരുന്നുവെങ്കിലും ആദ്യ ഗഡുവായ 20,000 രൂപ മാത്രമാണ് ലഭ്യമായത്.  ഇക്കാലത്ത് സൂറത് യാസീന് ഒരു ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിക സാങ്കേതിക പദങ്ങള്‍ക്ക് മലയാള ഭാഷാന്തരണം നല്‍കാനുള്ള ശ്രമം ഈ പരിഭാഷയില്‍ കാണാം.  സൂറത്തിന് 'സംഹിത'യെന്നും ആയത്തുകള്‍ക്ക് 'രേഖകള്‍' എന്നുമാണ് പരിഭാഷ നല്‍കിയിരിക്കുന്നത്. അപ്രകാരം അല്‍ഫാത്തിഹ എന്നതിനെ 'ഉദ്ഘാടനം' എന്നും മലയാളീകരിച്ചിട്ടുണ്ട്.

ശാസ്ത്രീയ നിരീക്ഷണ രംഗങ്ങളില്‍ തത്പരനായിരുന്ന മൗലവി ബാംഗ്‌ളൂരിലെ താമസക്കാലത്ത് ഡോ. സി.വി. രാമനുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം പ്രകാശ വികിരണത്തില്‍ അറബ് ശാസ്ത്രജ്ന്‍മാര്‍ ചെയ്തിരുന്ന പഠനങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. ജൈവ ശാസ്ത്ര രംഗത്ത് തത്പരനായിരുന്ന അദ്ദേഹം റോസാപ്പൂക്കളുടെ ഇഷ്ടതോഴനായിരുന്നു. റോസാപ്പൂക്കളെ  പഴച്ചാറുകളാക്കി മാറ്റി അവയിലെ പോഷക മൂല്യങ്ങള്‍ ഉപയോഗിച്ച് പലതരം മധുര പാനീയങ്ങളും ജാമും മിഠായിയും ഉത്പാദിപ്പിച്ച് വിതരണം നടത്തുവാന്‍ ശ്രമം നടത്തിയിരുന്നു. നൂതനമായി ഇത്തരം കണ്ടുപിടിത്തങ്ങളില്‍ അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് ഉന്നതരായ പല ശാസ്ത്രജ്ഞരും അദ്ദേഹത്തിന് എഴുതിയിരുന്നു. പ്രമുഖ പത്രങ്ങള്‍ കുറിപ്പുകളുമെഴുതി. 


ബഹുഭാഷാ പണ്ഡിതനായിരുന്ന മൗലവി നല്ലൊരു പ്രസംഗകനും നര്‍മത്തോടെ സംസാരിക്കുന്നയാളുമായിരുന്നു. അക്കാദമിക യോഗ്യതകളില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് യോഗ്യതയില്‍ സര്‍ക്കാര്‍ ഇളവനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ 1965ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ അറബിക് ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളെജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പാലക്കാട് വിക്‌ടോറിയ കോളെജിന്നടുത്തേക്ക് താമസം മാറ്റിയ അദ്ദേഹം മരണം വരെ അവിടെ തുടര്‍ന്നു. 

ഇടതുപക്ഷ സഹയാത്രികനായിരുന്ന മൗലവി കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ കൈയെടുത്ത് രൂപീകരിച്ച പ്രോഗസീവ് മുസ്‌ലിം ലീഗിന്റെ സംഘാടകനും പ്രഥമ സാരഥിയുമായിരുന്നു. ഉജ്വല വാഗ്മിയായിരുന്ന അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിച്ചു. പക്ഷേ, രാഷ്ട്രീയ പരീക്ഷണം തികഞ്ഞ പരാജയമായിരുന്നു. ഇടതുപക്ഷ ചായ്‌വും പാര്‍ട്ടി രൂപീകരണവും അദ്ദേഹത്തിനു മലബാറില്‍ നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. പള്ളിയില്‍ നമസ്‌കാരത്തിനു പോലും അദ്ദേഹത്തിനു വിലക്കുകളുണ്ടായി. 1975ല്‍ അധ്യാപന രംഗത്ത് നിന്ന് വിരമിച്ച അദ്ദേഹം ഗവേഷണ രംഗത്ത് ഒതുങ്ങിക്കൂടുകയാണുണ്ടായത്.

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വാഹക സമിതി അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989 ജനുവരി 25ന് പാലക്കാട് വെച്ച് നമസ്‌കാരത്തിനു പള്ളിയില്‍ പ്രവേശിച്ച അദ്ദേഹം അവിടെ വെച്ച് അന്ത്യ ശ്വാസം വലിച്ചു.
 

Feedback