Skip to main content

എം അബ്ദുല്ലക്കുട്ടി മൗലവി

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍, പുഴകളില്‍ നിന്ന് മണലെടുപ്പ് നിയന്ത്രിക്കുക എന്നത് തീര്‍ത്തും അപരിചിതമായിരുന്ന കാലത്ത് കുറ്റ്യാടി പുഴയിലെ മണല്‍വാരല്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങി ഒരു മൗലവി.  വിശ്വസിച്ച ആദര്‍ശത്തിനു വേണ്ടി പരസ്യമായി പോരിനിറങ്ങുമ്പോഴും പ്രബോധകന്‍ കാത്തുസൂക്ഷിക്കേണ്ട സാമൂഹ്യബോധത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്ന അബ്ദുല്ലക്കുട്ടി മൗലവി, അതു കൊണ്ടു തന്നെ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട കുറ്റ്യാടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റുമായി.

'മുജാഹിദുകള്‍ ലാമ് കട്ടു' എന്ന ആരോപണം ഉയര്‍ന്നുവന്ന പ്രസിദ്ധമായ നാദാപുരം വാദപ്രതിവാദത്തിന്റെ ചരിത്രം എം അബ്ദുല്ലക്കുട്ടി മൗലവിയുടെ നവോത്ഥാന പോരാട്ടത്തിലെ ഉജ്ജ്വല അധ്യായമാണ്. കുറ്റ്യാടിയില്‍ പ്രസംഗപരമ്പര നടത്തുകയായിരുന്ന അബ്ദുല്ലക്കുട്ടി മൗലവിയെ യാഥാസ്ഥിതികരില്‍ ചിലര്‍ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചു. മൗലവിയെ തടഞ്ഞു വച്ചെങ്കിലും അക്രമികളില്‍ നിന്നും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. നാദാപുരം വാദപ്രതിവാദത്തില്‍ കെ എം മൗലവി, എം സി സിഅബ്ദുര്‍റഹ്മാന്‍ മൗലവി, എം സി സി ഹസന്‍ മൗലവി, പി കെ മൂസമൗലവി, ഇ മൊയ്തുമൗലവി, പി പി ഉണ്ണിമൊയ്തിന്‍ കുട്ടി മൗലവി, ഇ കെ മൗലവി, പി എന്‍ മുഹമ്മദ് മൗലവി, അബ്ദുല്ലക്കുട്ടി മൗലവി, കട്ടിലശേരി പി കെ അഹ്മദ് മൗലവി എന്നിവരാണ് മുജാഹിദ് പക്ഷത്ത് അണിനിരന്ന പണ്ഡിതന്മാര്‍. ഖുതൂബിമുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാറക്കടവ് ഖാദി അബ്ദുല്ല മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, നടുക്കണ്ടി അഹ്മദ് മുസ്‌ലിയാര്‍, തുടങ്ങിയവര്‍ യാഥാസ്ഥിതിക പക്ഷത്തും അണിനിരന്നു.

തലയില്‍ വെളുത്ത ഇസ്ത്രി തൊപ്പിയും തോളില്‍ ഒതുക്കിയിട്ട ഷാളുമായി തികഞ്ഞ ശുഭ്രവസ്ത്രധാരിയായിരുന്ന അബ്ദുല്ലക്കുട്ടി മൗലവി വസ്ത്രധാരണത്തിലും വ്യായാമത്തിലുമെല്ലാം വളരെ കണിശമായ ചര്യകള്‍ പുലര്‍ത്തിയിരുന്നു.

1889ല്‍ മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാരുടെ മകനായി വാഴക്കാട്ട് ജനനം. പൊന്നാനി സൈനുദ്ദീന്‍ മഖ്ദുമിന്റെ പൗത്രനാണ്. വാഴക്കാട് എല്‍ പി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനു ശേഷം പുളിക്കല്‍ പള്ളിദര്‍സില്‍ ചേര്‍ന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പ്രധാനാധ്യാപകനായി വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ് സ്ഥാപിതമായപ്പോള്‍ മൗലവിയും അവിടെ ചേര്‍ന്നു. പി കെ മൂസമൗലവി, ഇ കെ മൗലവി, ഇ മൊയ്തു മൗലവി, പി പി ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവി, പി കെ യൂനുസ് മൗലവി, കെ സി കോമുക്കുട്ടി മൗലവി, എം സി സി സഹോദരന്മാര്‍ തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ സതീര്‍ഥ്യരായിരുന്നു.

പഠനാനന്തരം സ്വാതന്ത്ര്യസമര രംഗത്തേക്കിറങ്ങിയ മൗലവി ഒന്നാം ലോക മഹായുദ്ധശേഷമുണ്ടായ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ മലബാറില്‍ നേതൃനിരയില്‍ തന്നെയുണ്ടായിരുന്നു. കെ കേളപ്പന്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയവരോടൊപ്പം സ്വാതന്ത്ര്യത്തിന്റെയും മൈത്രിയുടെയും സന്ദേശങ്ങളുമായി നാടിന്റെ മുക്കുമൂലകളില്‍ സഞ്ചരിച്ചു. ഖിലാഫത്ത് പ്രവര്‍ത്തകനായതിന്റെ പേരില്‍ പട്ടാളം മൗലവിയെ വേട്ടയാടി. ഒടുവില്‍ അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് താമസം മാറി. ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന സീതി മുഹമ്മദ് സാഹിബിന്റെ വീട്ടിലാണ് അഭയം പ്രാപിച്ചത്.

മരിച്ചവര്‍, നാടുകടത്തപ്പെട്ടവര്‍, അംഗഭംഗം സംഭവിച്ചവര്‍, ജയില്‍ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ തുടങ്ങിയവരുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാന്‍ പൂനാ മിഷന്റെ നിര്‍ദേശ പ്രകാരം നിയോഗിച്ചത് അബ്ദുല്ലക്കുട്ടി മൗലവിയെയും കെ സി കോമുക്കുട്ടി മൗലവിയെയുമായിരുന്നു. ലഹളക്കാരെ വീണ്ടും സജ്ജരാക്കാന്‍ വന്നവരാണ് ഇവരെന്ന് അധികൃതര്‍ തെറ്റിദ്ധരിച്ചു. മൗലവിക്കെതിരെ അറസ്റ്റ് വാറന്റുണ്ടായി. വീണ്ടും കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി. പിന്നീട് ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പ്രവേശിക്കരുതെന്ന ഉത്തരവ് വടക്കേ മലബാറിലേക്കുള്ള പ്രവേശത്തിന് കാരണമായി. 1926ല്‍ നാദാപുരത്ത് വെച്ച് അദ്ദേഹത്തിന് നേരെ വധശ്രമം പോലുമുണ്ടായി.

അബ്ദുല്ലക്കുട്ടി മൗലവിയുടെ പ്രസംഗം കേട്ട് നിരവധി പേര്‍ നവോത്ഥാന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. ഇപ്രകാരം പ്രസ്ഥാനത്തിലേക്ക് കടന്നുവന്നയാളാണ് കെ കെ എം ജമാലുദ്ദീന്‍ മൗലവി. വളപട്ടണത്ത്അദ്ദേഹത്തിന്റെ ശ്രമഫലമായി നവീന രീതിയിലുള്ള മദ്‌റസ സ്ഥാപിച്ചു. മത ഭൗതിക വിദ്യാഭ്യാസം ശാസ്ത്രീയമായ പാഠ്യപദ്ധതിയിലൂടെ അഭ്യസിപ്പിച്ചപ്പോള്‍ കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതിനു തുടര്‍ച്ചയുണ്ടായി. 1927ല്‍ കുറ്റ്യാടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥാപിച്ച മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയും പിന്നീട് വന്ന എം ഐ യു പി സ്‌കൂളും നാടിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് കുറ്റ്യാടിയിലെ ഇസ്‌ലാമിയ്യ കോളെജ്. കോളെജിന്റെ ഒന്നാമത്തെ പ്രിന്‍സിപ്പലും അദ്ദേഹമായിരുന്നു.

പാട്ടും കവിതയും പ്രസംഗവും നാടകവുമെല്ലാം പ്രബോധനരംഗത്ത് മാധ്യമങ്ങളാക്കാന്‍അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അല്‍ഫാറൂഖ്, ചിന്തകന്‍, അല്‍ മുര്‍ശിദ്, നിരീക്ഷണം, അന്‍സാരി, അല്‍മനാര്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. മആനില്‍ അല്‍ഫാള്, തന്‍സീഹുദ്ദീന്‍ എന്നിവയാണ് അദ്ദേഹം രചിച്ച പുസ്തകങ്ങള്‍.

മാഹിയിലെ പുരാതന പണ്ഡിത കുടുംബമായ മുസ്‌ലിയാരവിടയിലെ ഉമ്മു ആഇശായെയും അവരുടെ മരണ ശേഷം അതേ കുടുംബത്തില്‍ നിന്ന് കുഞ്ഞി പാത്തുമ്മയെയുംവിവാഹം കഴിച്ചു. ഉമ്മുആഇശയില്‍ മൂന്നു മക്കളും കുഞ്ഞി ഫാത്വിമയില്‍ പത്ത് മക്കളുമാണ് മൗലവിക്കുള്ളത്. എണ്‍പത്തി മൂന്നാം വയസ്സിലാണ് മൗലവി മരിച്ചത്. 
 

Feedback