ഇസ്വ്‌ലാഹീ ആദര്‍ശ പ്രബോധന രംഗത്ത് തന്റെ വിദ്യാര്‍ഥിത്വവും യൗവനവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും മത, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ വ്യതിരിക്തമായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു നല്ലളം നാസര്‍ മദനി.
1957 ഒക്‌ടോബര്‍ 25 ന് കോഴിക്കോട് ജില്ലയിലെ നല്ലളത്ത് മുല്ലവീട്ടില്‍ സുബൈര്‍ സാഹിബിന്റെയും നവോത്ഥാന നായകരില്‍ പ്രധാനിയായിരുന്ന പുളിക്കല്‍ പി.പി ഉണ്ണിമൊയ്തീന്‍ കുട്ടി മൗലവിയുടെ മകള്‍ പി.പി ആയിഷയുടെയും മകനായി ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1978 ല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കി. ശേഷം പുളിക്കല്‍ എ.എം.എം ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി ജോലി ചെയ്തു.
ചെറുപ്പം മുതല്‍ തന്നെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി ഘടകമായ എം.എസ്.എം ന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നതിനാല്‍ നല്ലളം പ്രദേശത്തുകാരനായ മദനിക്ക് കൂടുതല്‍ കാര്യങ്ങളില്‍ ഇടപെടുവാനും പങ്കെടുക്കുവാനും കഴിഞ്ഞു. സംഘടനാ പ്രവര്‍ത്തന രംഗത്തെ ഈ പരിചയം 1978ല്‍ കോഴിക്കോട് ജില്ലാ എം.എസ്.എം പ്രസിഡന്റ് പദവിയിലേക്കെത്തിച്ചു. 1980ല്‍ എം.എസ്.എം ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1985-1988 കാലഘട്ടത്തില്‍ എം.എസ്.എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. ഈ സമയത്ത് എം.എസ്.എം ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കുകയും ധാര്‍മിക പാതയില്‍ നൂതനമായ പല പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
1987 ഏപ്രില്‍ 26 ന് പുളിക്കല്‍ ജാമിഅ സലഫിയ്യയുടെ ഉദ്ഘാടന വാര്‍ത്ത നല്‍കുവാന്‍ വേണ്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ട അദ്ദേഹത്തിന്ന് വെട്ടുകുത്തി മലയിലെ കുഴിയില്‍ വീണ് മാരകമായ പരിക്കുകള്‍ സംഭവിച്ചു. കുറേ ദിവസം അബോധാവസ്ഥയില്‍ കഴിച്ചു കൂട്ടുകയും മാസങ്ങളോളം ഹോസ്പിറ്റലില്‍ കിടക്കുകയും ചെയ്തതിനു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
പഠന കാലത്തു തന്നെ എഴുത്തിനോട് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയിരുന്ന അല്‍അദീബ് കയ്യെഴുത്ത് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും രചനകളാല്‍ അതിനെ സമ്പുഷ്ഠമാക്കുകയും ചെയ്തിരുന്നു. മദീനത്തുല്‍ ഉലൂം ഹോസ്റ്റലിലെ തമാശകളും ചര്‍ച്ചകളുമെല്ലാം ചേര്‍ത്ത് ഹരത്തിന് വേണ്ടി പുറത്തിറക്കിയിരുന്ന പത്രികയ്ക്ക് പിന്നിലെ സംഘാടകരില്‍ ഒരാളായിരുന്നു നാസര്‍ മദനി. എം.എസ്.എം ന്റെ മുഖപത്രമായി പുറത്തിറങ്ങിയിരുന്ന ഇഖ്‌റഅ് മാസികയുടെ പിന്നണി ശില്പികളില്‍ അദ്ദേഹവുമുണ്ടായിരുന്നു. മാസികയുടെ ചീഫ് എഡിറ്റര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
പ്രഭാഷണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വലിയങ്ങാടി ഖലീഫ മസ്ജിദ്, കോഴിക്കോട് ലിവാഅ് മസ്ജിദ്, കപ്പക്കല്‍ സലഫി മസ്ജിദ്, അരേനപ്പൊയില്‍ മസ്ജിദ് എന്നിവിടങ്ങളില്‍ ഖതീബായി സേവനമനമനുഷ്ഠിച്ചു. നടത്തിയിരുന്ന ഖുതുബകള്‍ ചേര്‍ത്തു വെച്ച് 'വെള്ളിയാഴ്ചകളിലെ ഓര്‍മത്തെളിമകള്‍' എന്ന ഒരു പുസ്തകവും 'നന്മയുടെ പൂമരങ്ങള്‍' എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
അറബി അധ്യാപകരെ സംഘടിത ശക്തിയില്‍ ഒന്നിച്ചു ചേര്‍ത്ത് അവരുടെ ഉന്നമന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന്നും നാസര്‍ മദനി സമയം കണ്ടെത്തി. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ)യുടെ സംസ്ഥാന സാരഥിയായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി (ഐ.എം.ഇ) നിയമിക്കപ്പെട്ടു. വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്ന്. ഇക്കാലയളവില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ പഠന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്നും അറബി ഭാഷയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന്ന് സാധിച്ചു. ഐ.എസ്.എം സംസ്ഥാന സാരഥി, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ്, ബിസ്മി ചെയര്‍മാന്‍, കോഴിക്കോട് ഐഡിയല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍, മുല്ലവീട്ടില്‍ ഫാമിലി അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അനീസയായിരുന്നു സഹധര്‍മിണി. റഹീബ, അദീബ, അജീബ എന്നിവര്‍ മക്കളാണ്. 2021 സെപ്തംബര്‍ 26 ന് അന്തരിച്ചു.