Skip to main content

പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍

പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും പ്രബോധനം വാരിക മുഖ്യപത്രാധിപരും ജമാഅത്തെ ഇസ്ലാമി കേരള അമീറുമായിരുന്നു പ്രൊഫ.കെ.എ സിദ്ദീഖ് ഹസന്‍. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ ഉപാധ്യക്ഷനും ന്യൂഡല്‍ഹി ആസ്ഥാനമായ ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടറുമായിരുന്നു.

1945 മെയ് 5 ന് കൊടുങ്ങല്ലൂര്‍ എറിയാട്ടിലാണ് ജനനം. പിതാവ് കെ.എം അബ്ദുല്ല മൗലവിയും മാതാവ് പുന്നിലത്ത് ഖദീജയും. ജന്‍മഗ്രാമത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഫറോക്ക് റൗദത്തുല്‍ ഉലൂം, ശാന്തപുരം ഇസ്‍ലാമിയ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എറിയാട് യു.പി സ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ സിദ്ദീഖ് ഹസന്‍ പിന്നീട് കോളജ് അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്,എറണാകുളം മഹാരാജാസ്, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍കോട് ഗവ.കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി.

hh

കേരള ജമാഅത്തെ ഇസ്‍ലാമിയുടെ ആദ്യകാല നേതാവും അമീറുമായിരുന്ന കെ.സി അബ്ദുല്ല മൗലവിയുടെ ശിഷ്യനായാണ് സിദ്ദീഖ് ഹസന്‍ പ്രാസ്ഥാനിക രംഗത്തെത്തുന്നത്. തുടര്‍ന്ന് 1990 മുതല്‍ 2005 വരെ നാലു തവണ തുടര്‍ച്ചയായി സംഘടനയുടെ അമീറുമായി. ഇക്കാലയളവിലാണ് ജമാഅത്തിന്‍റെ പല സംരംഭങ്ങളും തുടങ്ങുന്നത്. അതിന്‍റെയെല്ലാം സാരഥ്യമേറ്റതും സിദ്ദീഖ് ഹസനായിരുന്നു. മാധ്യമം ദിനപത്രം പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപക സെക്രട്ടറിയും പിന്നീട് ചെയര്‍മാനുമായി. സംഘടയുടെ കീഴില്‍ തുടങ്ങിയ സാമ്പത്തിക സംരംഭങ്ങളായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ക്രഡിറ്റ് ലിമിറ്റഡിന്‍റെ അധ്യക്ഷന്‍, ബൈത്തുസ്സകാത്തിന്‍റെ സ്ഥാപകാധ്യക്ഷന്‍ എന്നീ പദവികളിലിരുന്നു. ഐഡിയല്‍ റിലീഫ് വിങ് ഇദ്ദേഹത്തിന്‍റെ ആശയമായിരുന്നു. ജമാഅത്തിന്‍റെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് യാഥാര്‍ഥ്യമായതും സിദ്ദീഖ് ഹസന്‍റെ നേതൃകാലത്താണ്. 2005 ല്‍ ജമാഅത്തിന്‍റെ അഖിലേന്ത്യ സെക്രട്ടറിയായി ന്യൂഡല്‍ഹിയിലെത്തി. 2006 ല്‍ അഖിലേന്ത്യ ഘടകം രൂപീകരിച്ച ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഇതിന് കീഴില്‍ ആവിഷ്കരിച്ച 'വിഷന്‍ 2016' എന്നിവയുടെ ശില്പിയായി. ഉത്തരേന്ത്യന്‍ മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ഇതിന് കീഴില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. ഹ്യൂമണ്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വീസ്സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായും സിദ്ദീഖ് ഹസന്‍ പ്രവര്‍ത്തിച്ചു.

പൊതുരംഗത്ത്

ജമാഅത്തെ ഇസ്‍ലാമി കേരളത്തിലും അഖിലേന്ത്യ തലത്തിലും ആവിഷ്കരിച്ചു നടപ്പിലാക്കിയ പല ജനകീയ പദ്ധതികളുടെയും പിന്നാമ്പുറ ശക്തിയായിരുന്നു സിദ്ദീഖ് ഹസന്‍. മുസ്‌ലിം  സംഘടനകളുടെ പൊതുവേദിയെന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. കേരള മുസ്‌ലിം  സൗഹൃദ വേദി ജന്‍മം കൊണ്ടത് അങ്ങനെയാണ്. മതങ്ങള്‍ക്കിടയില്‍ സൗഹൃദം സ്ഥാപിക്കുന്നതിനും അദ്ദേഹം യത്നിച്ചു. 2002 ല്‍ മാറാട് കലാപകാലത്ത് ജമാഅത്തിന്‍റെ അമീര്‍ എന്ന നിലയില്‍ അദ്ദേഹം കാണിച്ച പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി), വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, വയനാട് പീസ് വില്ലേജ് ഫൗണ്ടേഷന്‍ എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി.

എഴുത്തുകാരന്‍,വാഗ്മി

ഇസ്‍ലാമിക വിജ്ഞാനീയങ്ങളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന സിദ്ദീഖ് ഹസന്‍ എഴുത്തുകാരനും പത്രാധിപരുമായിരുന്നു. പ്രബോധനം വാരികയുടെ എഡിറ്ററും പിന്നീട് ചീഫ് എഡിറ്ററുമായി. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഇസ്‍ലാമിക ദര്‍ശന'ത്തിന്‍റെ അസി.എഡിറ്ററുമായിട്ടുണ്ട്. സി.എന്‍ അഹമ്മദ് മൗലവിയുടെ സ്വഹീഹുല്‍ ബുഖാരി പരിഭാഷ ഗ്രന്ഥത്തില്‍ സഹകാരിയായി. ഇന്ത്യന്‍ മുസ്‌ലിംകള്‍: അതിജീവനത്തിന്‍റെ വഴികള്‍, പ്രവാചക കഥകള്‍ എന്നിവ അദ്ദേഹത്തിന്‍റെ കൃതികളാണ്. ഇസ്ലാം: ഇന്നലെ ഇന്ന് നാളെ, തെറ്റിദ്ധരിക്കപ്പെട്ട മതം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യവസ്ഥ എന്നിവ വിവര്‍ത്തന കൃതികളാണ്.  മികച്ച സംഘാടകന്‍ കൂടിയായിരുന്നു സിദ്ദീഖ് ഹസന്‍.

അംഗീകാരങ്ങള്‍

സിദ്ദീഖ് ഹസനെ തേടി നിരവധി അംഗീകാരങ്ങളുമെത്തി. ഇസ്‍ലാം ഓണ്‍ലൈന്‍ സ്റ്റാര്‍ അവാര്‍ഡ് (2010), വിദ്യാഭ്യാസ, ജനസേവന, മനുഷ്യാവകാശ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇമാം ഹദ്ദാദ് എക്സലന്‍റ് അവാര്‍ഡ് (2015), ഇബ്റാഹീം സുലൈമാന്‍ സേട്ട് ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയ അവയില്‍ ചിലതാണ്. മേഘാലയ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ സിദ്ദീഖ് ഹസന്‍റെ പേരില്‍ ഒരു ബ്ളോക്ക് പണിതിട്ടുണ്ട്.

2021 ഏപ്രില്‍ 6 ന് നിര്യാതനായി. വി.കെ സുബൈദയാണ് ഭാര്യ.നാലു മക്കളുണ്ട്.
 

Feedback