ദാരിദ്ര്യം മുലം അരവയര്‍ പോലും നിറയ്ക്കാന്‍ കഴിയാതിരുന്ന ക്ഷാമകാലത്തും ആ വിദ്യാര്‍ഥി മതപഠനം മുടക്കിയില്ല. വാഴക്കാട് ദാറുല്‍ ഉലൂമിലേക്ക് അര മുണ്ടും തൊപ്പിയും ധരിച്ച് കയറിവന്നിരുന്ന ആ വിദ്യാര്‍ഥിയില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ഗുരു നാഥന്മാര്‍ ഒരു പണ്ഡിത വര്യനെ സ്വപ്നം കണ്ടു. ആ യുവാവാണ് പിന്നീട്, അണികള്‍ റഈസുല്‍ മുഹഖ്ഖിഖീന്‍ എന്ന് ആദരപൂര്‍വം വിളിച്ച കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരായി വളര്‍ന്നത്.
മരക്കാട്ടുപറമ്പില്‍ അവറാന്‍ കുട്ടി മൊല്ലയുടെയും ചുള്ളിക്കാട്ടില്‍ ഖദീജയുണ്ണിടെയും മകനായി കണ്ണിയത്ത് കുടുംബത്തില്‍ 1900 ജനുവരി 17ന് തോട്ടക്കാട്ട് ജനനം. മാലിക് ദീനാറിന്റെകുടുംബ പരമ്പരയില്‍പെട്ടതാണ് അഹമ്മദ് മുസ്‌ലിയാ രുടെ പൂര്‍വപിതാമഹനെന്ന് പറയപ്പെടുന്നു. കുടുംബത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് തലപ്പെരുമണ്ണ, ഊരകം മൊറയൂര്‍, തുടങ്ങിയ ദറസുകളില്‍ പഠനം. വാഴക്കാട് ദാറുല്‍ ഉലൂമിലും പഠിച്ചു ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു പ്രധാന ഗുരു.
വാഴക്കാട് ദാറുല്‍ ഉലൂം, പട്ടിക്കാട് ജാമിഅ നൂരിയ്യ, ഉമ്മത്തുര്‍ സഖാഫത്തുല്‍ ഇസ്‌ലാം കോളെജ് എന്നിവയുടെ പ്രിന്‍സിപ്പലായിരുന്നിട്ടുണ്ട്. പ്രമുഖ പണ്ഡിതരായിരുന്ന ഇ കെ അബുബക്കര്‍ മുസ്‌ലിയാര്‍, കെ കെ സദഖത്തല്ല മൗലവി, സി എച്ച് അബുദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങി നീണ്ട നിര മുസ്‌ലിയാരുടെ ശിഷ്യഗണങ്ങളായുണ്ട്.
തത്വശാസ്ത്രം, അലങ്കാര ശാസ്ത്രം, വ്യാകരണം, തര്‍ക്കശാസ്ത്രം തുടങ്ങിയ ശാഖകളില്‍ വ്യുല്‍പ്പത്തി നേടി. സമസ്തയുടെ പ്രമുഖ മുഫ്തിയുമായിരുന്നു. സമസ്തയുടെ വളര്‍ച്ചയുല്‍ സുപ്രധാന പങ്കുവഹിച്ച കണ്ണിയത്ത് ആശയ പ്രചരണ വേദികളിലെ സ്ഥിരം സാന്നിധ്യവും വാദപ്രതിവാദങ്ങളിലെ നാവുമായിരുന്നു. സമസ്ത സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചിരുന്നതും മുസ്‌ലിയാര്‍ തന്നെ.
1967ല്‍, സമസ്തയുടെ പ്രസിഡന്റായിരുന്ന സദഖത്തുല്ല മൗലവി രാജിവെച്ചപ്പോള്‍ ആ സ്ഥാനത്ത് നിയോഗിക്കപ്പെട്ടത് കണ്ണിയത്തായിരുന്നു. 1993 സെപ്തംബര്‍ 19 ന് മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടര്‍ന്നു. തസ്ഹീലുല്‍ മത്വാലിബിസ്സനിയ്യ, രിസാലത്തുന്‍ ഫില്‍ വിന്‍ദസ എന്നിവ പ്രധാന കൃതികള്‍.
രണ്ടു ഭാര്യമാര്‍. നാലു മക്കള്‍.