കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായിരുന്നു മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവി. കേരളത്തിന്റെ ഇബ്‌നു ഖല്‍ദൂന്‍ എന്ന് സാഹിത്യലോകം വിശേഷിപ്പിച്ച ചിന്തകനായിരുന്നു മൗലവി. ബഹുഭാഷാപാണ്ഡിത്യവും ആശയഗാംഭീര്യമുള്ള പ്രഭാഷണവും ആഴമുള്ള രാഷ്ട്രീയ നിരീക്ഷണവും ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തിയുമുള്ള മൗലവി, മതപണ്ഡിതരെക്കുറിച്ച ഇടുങ്ങിയ സാമ്പ്രദായിക ധാരണകള്‍ ധീരമായി തിരുത്തിക്കുറിച്ചു.
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 1926 ആഗസ്റ്റ് 14ന് എം മുഹമ്മദ് കുഞ്ഞിയുടെയും ഔദര്‍ ഉമ്മയുടെയും മകനായാണ് മൗലവിയുടെ ജനനം. അറുപത്തിയഞ്ച് ഏക്കറോളം കൃഷിഭൂമിയുണ്ടായിരുന്ന മുട്ടാണിശ്ശേരി കുടുംബത്തിന്റെ സാമ്പത്തികാഭിവൃദ്ധിയും എഴുത്തും വായനയും അറിയുന്ന പിതാവും പ്രദേശത്തെ ആദ്യ ബിരുദധാരിയായ സഹോദരന്‍ അബ്ദുറഹമാന്‍ കുഞ്ഞും അദ്ദേഹത്തിന് മികച്ച പഠനാന്തരീക്ഷമൊരുക്കി. എരുവകിഴക്ക് മുഹമ്മദന്‍സ് സ്‌കൂള്‍, കായംകുളം ബോയ്‌സ് സ്‌കൂള്‍, തിരുവനന്തപുരം സര്‍വകലാശാല കോളജ്, കൊല്ലം എസ്.എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. വിവിധ പണ്ഡിതന്‍മാരില്‍ നിന്ന് അറബി-ഇസ്‌ലാമിക വിഷയങ്ങളില്‍ പ്രാവീണ്യം നേടി. പരന്ന വായനക്കാരനായിരുന്ന കോയക്കുട്ടി മൗലവി കായംകുളത്തെ ദേശബന്ധു വായനശാലയെ പൂര്‍ണമായും ഉപയോഗപ്പെടുത്തി. ഇംഗ്‌ളീഷ്, മലയാളം, പേര്‍ഷ്യന്‍ കവിതകള്‍ ധാരാളം മന:പാഠമാക്കിയ അദ്ദേഹം, കവിതയാണ് ഭാഷയുടെ നട്ടെല്ല് എന്ന് പറയുമായിരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് അദ്ദേഹം പുസ്തകങ്ങള്‍ വരുത്തി വായനയുടെ ആഴം വര്‍ധിപ്പിച്ചു.
ശാസ്ത്രം, തത്ത്വചിന്ത, ഖുര്‍ആന്‍, ചരിത്രം, യുക്തിവാദം, മത-ശാസ്ത്ര താരതമ്യം തുടങ്ങിയവയായിരുന്നു മൗലവിയുടെ പ്രധാന പഠന മേഖലകള്‍. മുസ്‌ലിം ശാസ്ത്ര പാരമ്പര്യത്തെയും ഖുര്‍ആന്‍-ശാസ്ത്ര ബന്ധത്തെയും കുറിച്ച് അദ്ദേഹത്തിന് സവിശേഷ അവഗാഹമുണ്ടായിരുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിഭാഷ, ഇബ്‌നു ഖല്‍ദൂനിന്റെ 'മുഖദ്ദിമ' പരിഭാഷ എന്നിവ മുട്ടാണിശ്ശേരി എം കോയക്കുട്ടി മൗലവിയുടെ പ്രധാന സംഭാവനകളാണ്. ഒറ്റ വാള്യത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ എന്ന ലക്ഷ്യത്തോടെ 1955ല്‍ ആരംഭിച്ച മഹാദൗത്യം പൂര്‍ത്തിയാകുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. 1965ല്‍ ചീഫ് എഞ്ചിനിയര്‍ ടി പി കുട്ട്യാമു സാഹിബിന്റെ സഹായത്തോടെ ഖുര്‍ആന്‍ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. ചീഫ് എഞ്ചിനീയര്‍ എ എം ഉസ്മാന്‍ സാഹിബാണ് പരിഭാഷക്ക് അവതാരിക എഴുതിയത്. പരിഭാഷയുടെ പത്ത് പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ മലയാളത്തിലേക്ക് മൊഴിമാറ്റിയ അനുഭവം ഏറെ ക്ലേശപൂര്‍ണവും അധ്വാനദൈര്‍ഘ്യമുള്ളതുമായിരുന്നു എന്നും, എന്നാല്‍ എഴുത്തുജീവിതത്തില്‍ വളരെയേറെ ആത്മനിര്‍വൃതി സമ്മാനിച്ച ഒരു ധ്യാനപ്രക്രിയയായിരുന്നു ഇതെന്നും മൗലവി പറഞ്ഞിരുന്നു. മുഖദ്ദിമയുടെ ഒരു കോപ്പി 1968ല്‍ മക്കയില്‍നിന്ന് കരസ്ഥമാക്കിയ മൗലവി മൂന്ന് ഘട്ടങ്ങളിലായാണ് അതിന്റെ വിവര്‍ത്തനം പൂര്‍ത്തീകരിച്ചത്.
വൈക്കം മുഹമ്മദ് ബഷീറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മൗലവി, മുഖദ്ദിമയുടെ പരിഭാഷയുമായി അദ്ദേഹത്തെ സമീപിച്ചു. കൈയെഴുത്ത് പ്രതിയുടെ ചില ഭാഗങ്ങള്‍ ചര്‍ച്ചചെയ്തശേഷം ബഷീര്‍ പരിഭാഷക്ക് 'മാനുഷ ചരിത്രത്തിന് ഒരു ആമുഖം' എന്ന് പേരിട്ടു.1970ല്‍ ആരംഭിച്ച വിവര്‍ത്തന യജ്ഞം പൂര്‍ത്തിയാക്കി പുസ്തകം പുറത്തിറങ്ങിയത് 1986ല്‍.
ഇമാം ഗസ്സാലിയുടെ മിശ്കാത്തുല്‍ അന്‍വാര്‍ എന്ന ഗ്രന്ഥം കോയക്കുട്ടി മൗലവി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിതിട്ടുണ്ട്. ഖുര്‍ആനിലെ ഉപമകള്‍, ശുദ്ധീകരണം, ശാസ്ത്ര വേദ സംഗമം ഖുര്‍ആനില്‍, ഇസ്‌ലാം ഒരു വിശകലന പഠനം, ഖുര്‍ആന്‍ പഠന സഹായി എന്നിങ്ങനെ 25 ഓളം കൃതികള്‍ മൗലവി രചിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികള്‍. 'സയന്‍സ് എന്റിച്ച്ഡ് ഇന്‍ ദ ഗ്‌ളോറിയസ് ഖുര്‍ആന്‍', 'സയന്‍സ് ബിഹൈന്‍ഡ് ദ മിറക്കിള്‍', 'ചലഞ്ച്' എന്നിവ അദ്ദേഹം രചിച്ച ഇംഗ്ലീഷ് ഗ്രന്ഥങ്ങളാണ്.
ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള ആശയബാന്ധവം തൊട്ടറിഞ്ഞ അദ്ദേഹം ഒമാന്‍ ഒബ്‌സര്‍വറില്‍ എഴുതിയ ലേഖനങ്ങള്‍ പാശ്ചാത്യലോകത്തുപോലും ഏറെ ചര്‍ച്ചയായി. മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയ, സമാഹരിക്കപ്പെടാത്ത നൂറുകണക്കിന് ലേഖനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ഇംഗ്ലീഷില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വിദേശ പത്രമാസികകള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും പിഎച്ച്ഡിക്കും മറ്റും പഠിക്കുന്ന ഗവേഷകര്‍ സംശയ നിവാരണത്തിനായി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.
മികച്ച പ്രഭാഷകനായിരുന്നു മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി.
ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങള്‍, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങള്‍ പ്രൗഢമായ പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 1997ല്‍ അമേരിക്കയില്‍ രണ്ടുമാസ പര്യടനകാലത്ത് അവിടത്തെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ അദ്ദേഹം ധാരാളം പ്രഭാഷണങ്ങള്‍ നടത്തി. വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും, ചരിത്രത്തിന്റെ സൈദ്ധാന്തിക വ്യാകരണം, ഇബ്‌നു ഖല്‍ദൂന്റെ ചരിത്ര ദര്‍ശനം, വിശുദ്ധ ഖുര്‍ആന്റെ ചിന്താ പ്രപഞ്ചം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങള്‍.
അമേരിക്കയിലെ മെറിലാന്‍ഡില്‍ മൗലവി അവതരിപ്പിച്ച പ്രബന്ധം ഹിബ്രുവിലെയും അറബിയിലെയും പര്യായപദങ്ങളെക്കുറിച്ചുള്ളതായിരുന്നു.
1960-70 കാലഘട്ടത്തില്‍ തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച മൗലവിയുടെ പ്രഭാഷണ പരമ്പരകള്‍ അവിസ്മരണീയമാണ്. മതവും ശാസ്ത്രവും സംയോജിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നിരവധി പേരെ വിശുദ്ധ ഖുര്‍ആനിന്റെ ആശയ പ്രപഞ്ചത്തിലേക്ക് വഴിതിരിച്ചുവിട്ടു.
അബുല്‍ ഹസന്‍ അലി മൗലവിയുടെ പാരായണത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ മലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും എം പി ത്രിയിലും ശബ്ദം നല്‍കി കോയക്കുട്ടി മൗലവി പുറത്തിറക്കിയിട്ടുണ്ട്.
ശാസ്ത്രീയ സംഗീതവും കര്‍ണാടക സംഗീതവും അഞ്ച് വര്‍ഷം അഭ്യസിച്ച മൗലവി മികച്ച ഓടക്കുഴല്‍ വാദ്യക്കാരനായിരുന്നു. മുഖ്യധാരാ മതസംഘടനകളിലൊന്നിലും അംഗമാകാതെ എല്ലാവരെയും ആത്മാര്‍ത്ഥമായി ആദരിച്ച് സമൂഹത്തിന് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ച ഇതിഹാസ പുരുഷനായിരുന്നു മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവി.
മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ പരിഭാഷക്ക് കേരള സാഹിത്യ അക്കാദമിയുടെ 1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാര്‍ഡ് ലഭിച്ചു. സി.എന്‍. അഹ്മദ് മൗലവി അവാര്‍ഡ്, ടി പി കുട്ട്യാമു സാഹിബ് സ്മാരക അവാര്‍ഡ്, എം എം കള്‍ചറല്‍ ആന്‍ഡ് സോഷ്യല്‍ ഫോറം ചാരുംമൂട് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കും മൗലവി അര്‍ഹനായി. കോഴിക്കോട് സര്‍വ്വകലാശാല ഇസ്‌ലാമിക് ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ചരിത്ര വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം തുടങ്ങിയ നിലകളില്‍ മൗലവി സേവനമനുഷ്ഠിച്ചിരുന്നു.
ശാസ്ത്രവും തത്ത്വചിന്തയും ലോകരാഷ്ട്രീയവും സാഹിത്യവും ചരിത്രവും സസൂക്ഷ്മം പിന്തുടര്‍ന്ന മുട്ടാണിശ്ശേരി എം കോയാക്കുട്ടി മൗലവി 87-ാം വയസ്സില്‍, 2013 മെയ് 27ന് ഹരിപ്പാട് അല്‍ഹുദാ ട്രസ്റ്റ് ആശുപത്രിയില്‍ നിര്യാതനായി.