Skip to main content

എ.പി അബ്ദുല്‍ഖാദിര്‍ മൗലവി

കേരള മുസ്‌ലിം നവോത്ഥാനത്തിന് മുന്നില്‍ നടന്ന മുജാഹിദ് പ്രസ്ഥാനത്തിന് നാല് പതിറ്റാണ്ടിലധികം നേതൃത്വം നല്‍കിയ നേതാവായിരുന്നു എ.പി അബ്ദുല്‍ഖാദിര്‍ മൗലവി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് 1933 ല്‍ എടവണ്ണ പത്തപിരിയം സ്വദേശി പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനായാണ് എപി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ജനനം. പളളി ദര്‍സിലും റൗദത്തുല്‍ ഉലൂം അറബിക് കോളേജിലുമായി പഠനം നടത്തിയ അദ്ദേഹം കുറച്ചു കാലം അന്തമാനില്‍ ജീവിച്ചു. 1951 ല്‍ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ മൗലവി മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കടുത്ത എതിര്‍പ്പുകള്‍ നേരിട്ടു.

ബിരുദമെടുത്ത ശേഷം വിളയില്‍ പറപ്പൂര്‍ സ്‌കൂളില്‍ അറബിക് അധ്യാപകനായി ജോലിയില്‍ കയറി. തുടര്‍ന്ന് എടവണ്ണ ഇസ്വ്‌ലാഹിയ്യ ഓറിയന്റല്‍ ഹൈസ്‌കൂള്‍, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളെജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. വളവന്നൂര്‍ അറബിക് കോളെജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. പിന്നീട് 1993 മുതല്‍ എടവണ്ണ ജാമിഅ നദ്‌വിയ്യ അറബിക് കോളെജിന്റെ പ്രിന്‍സിപ്പലായി.

കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ പുരോഗമന മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍  അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. മൗലവി അന്തമാനിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അറബി, ഉറുദു, തമിഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന മൗലവി ദൈവ വിശ്വാസം ഖുര്‍ആനില്‍ എന്ന കൃതിയുടെ കര്‍ത്താവാണ്. കെപി മുഹമ്മദ് മൗലവിയുമായി ചേര്‍ന്ന് തഖ്‌ലീദ് ഒരു പഠനം എന്ന കൃതിയും രചിച്ചു.

1971 മുതല്‍ 1996 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു എ.പി. 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍മനാറിന്റെ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്‌വിയ്യ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ് കമ്മിറ്റിയംഗം, പാവിട്ടപ്പുറം അസ്സ്വബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ്യ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും എ.പി. പ്രവര്‍ത്തിച്ചിരുന്നു. മികച്ച സംഘാടകനായിരുന്നു എ.പി.

എ.പി.അബ്ദുല്‍ ഖാദിര്‍ മൗലവിയെ വ്യതിരക്തനാക്കുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹീതമായ വാഗ്മിതയായിരുന്നു. നര്‍മം കലര്‍ന്ന ഭാഷയില്‍ വശ്യമായ ശൈലിയില്‍ ശ്രോതാവിന്റെ ഹൃദയം കവരുന്ന എ.പി യുടെ ഭാഷണം ഇസ്വ്‌ലാഹീ ആദര്‍ശ പ്രചാരണ രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആശയപ്രചരണ രംഗത്ത് തടസ്സം സൃഷ്ടിച്ചു കൊണ്ട് വെല്ലുവിളി ഉയര്‍ത്തിയിരുന്ന യാഥാസ്ഥിതിക പണ്ഡിതന്‍മാരുമായി എ.പി.നടത്തിയ സംവാദങ്ങള്‍ സുവിദിതമാണ്. 

2014 മെയ് 4 ന് ആ മഹാപ്രതിഭ വിട പറഞ്ഞു. 
 

Feedback