സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപകന്‍ എന്ന നിലയില്‍ ചരിത്രം രേഖപ്പെടുത്തിയ സാത്വികനാണ് കോഴിക്കോട് പുതിയങ്ങാടി വലിയമാളിയേക്കല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ഹാമിദ് ബാഅലവി എന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍.
1840-ല്‍ കോഴിക്കോട് പുതിയങ്ങാടി വലിയമാളിയേക്കല്‍ ജനിച്ചു. യമനിലെ ഹളര്‍മൗത്തില്‍ നിന്നും കേരളത്തില്‍ താമസമാക്കിയ സയ്യിദ് അലി ഹാമിദ് ബാഅലവിയുടെ സന്താന പരമ്പരയിലെ സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങളാണ് പിതാവ്. മരക്കാരകത്ത് ശരീഫ ചെറിയ ബീവിയാണ് മാതാവ്.
വരക്കല്‍ തങ്ങള്‍ തന്റെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം കോഴിക്കോട്ടെ പ്രഗത്ഭ പണ്ഡിതരായ ഖാളി സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍, അബൂബക്കര്‍ കുഞ്ഞി ഖാസി എന്നിവരുടെ കീഴില്‍ പഠനമാരംഭിച്ചു. സയ്യിദ് അലി അത്താസ് (മദീന), അബ്ദുല്ലാഹില്‍ മഗ്‌രിബി (യമന്‍) തുടങ്ങിയവരും ഗുരുനാഥന്‍മാരാണ്. മതവിഷയങ്ങളോടൊപ്പം അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഫാരിസി ഭാഷകളിലും പ്രാവീണ്യം നേടി.
പഠനാനന്തരം കണ്ണൂര്‍ അറക്കല്‍ ആലി രാജാവിന്റെ കീഴില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചു. ഭരണ കാര്യങ്ങളില്‍ മതപരമായ ഉപദേശങ്ങള്‍ നല്‍കുക, ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം രാജാക്കന്‍മാരുമായി അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുത്തുകളയക്കുക, അറക്കല്‍ കൊട്ടാരത്തിനു കീഴിലുള്ള പള്ളികളിലെ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക, കൊട്ടാരത്തിലെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങിയ ചുമതലകളാണ് അദ്ദേഹം വഹിച്ചിരുന്നത്.
കോഴിക്കോട് പുതിയങ്ങാടി കേന്ദ്രീകരിച്ച് മതപരവും രാഷ്ട്രീയപരവുമായ സംരംഭങ്ങള്‍ക്കും ആത്മീയ പ്രബോധനത്തിനും തങ്ങള്‍ നേതൃത്വം നല്‍കി. ബ്രിട്ടീഷ് ഭരണകൂടം വളരെ ആ ദരവോടെയാണ് തങ്ങളോട് പെരുമാറിയിരുന്നത്. കലക്ടര്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാര്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളിലും പൊതുവിഷയങ്ങളിലും അദ്ദേഹത്തോട് പരിഹാരം തേടിയിരുന്നു. ഇംഗ്ലീഷ്, അറബി ഭാഷകള്‍ വശമുണ്ടായിരുന്നതിനാല്‍ ലോഗന്‍ തന്റെ മലബാര്‍ മാന്വല്‍ രചനക്ക് തങ്ങളുടെ സഹായം തേടിയിരുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളുടെ ഉള്ളടക്കം തങ്ങളില്‍ നിന്നാണ് ലോഗന്‍ മനസ്സിലാക്കിയിരുന്നത്. ബ്രിട്ടീഷ് ഭരണകൂടം തങ്ങളെ വിവിധ ബഹുമതികള്‍ നല്‍കി ആദരിക്കുകയും ചെയ്തു.
ഭരണകൂടവുമായുള്ള തന്റെ ബന്ധം മുസ്‌ലിംകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തങ്ങള്‍ ഉപയോഗപ്പെടുത്തി. 1898-ല്‍ മദ്രാസ് ഗവര്‍ണറായിരുന്ന ഹാവ്‌ലോക്കിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് തങ്ങള്‍ മെമോറാണ്ടം സമര്‍പ്പിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷ് ശക്തിക്കെതിരായ ഉറച്ച ശബ്ദമായി തങ്ങള്‍ മാറുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവുമായും തങ്ങള്‍ സഹകരിച്ചു. 1920 നവംബര്‍ 3-ന് കോഴിക്കോട് സഭാഹാളില്‍ ചേര്‍ന്ന ലോക്കല്‍ ഖിലാഫത്ത് കമ്മിറ്റിയുടെ പൊതുയോഗത്തിലെ അധ്യക്ഷന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളായിരുന്നു.
ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന്റെ ആദ്യകാല നാമം വരക്കല്‍ എന്നായിരുന്നു. ഈ പേരിലാണ് തങ്ങള്‍ പ്രസിദ്ധനായത്. ത്വരീഖത്തിന്റെ ഗുരു കൂടിയായിരുന്ന വരക്കല്‍ തങ്ങളില്‍ നിന്നും അക്കാലത്തെ പ്രധാന പണ്ഡിതരെല്ലാം തുടര്‍ച്ചകള്‍ സമ്പാദിച്ചിരുന്നു. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലെ പ്രമുഖരായിരുന്നു.
ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷികം 1922 ജൂണ്‍ 1,2 തിയതികളില്‍ കോഴിക്കോട് നടന്നു. പ്രസ്ഥാനത്തിന്റെ മലബാറിലേക്കുള്ള അരങ്ങേറ്റമായിരുന്നു ഇത്. മുഖ്യധാരാ പണ്ഡിതര്‍ വരക്കല്‍ തങ്ങളെ സമീപിക്കുകയും അവിടത്തെ ആഹ്വാന പ്രകാരം 1925-ല്‍ കോഴിക്കോട് വലിയ ജുമാ മസ്ജിദില്‍ ചില പ്രമുഖ ഉലമാമാരും മറ്റു സമൂഹ നേതാക്കളും ഒത്തുകൂടുകയും ദീര്‍ഘവും ഗൗരവമേറിയതുമായ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു ഉലമ സംഘടന രൂപീകരിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം 1926 ജൂണ്‍ 26ന് സയ്യിദ് ശിഹാബുദ്ധീന്‍ ചെറുകുഞ്ചിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തുടനീളമുള്ള പ്രഗത്ഭ പണ്ഡിതര്‍ പങ്കെടുത്ത വലിയൊരു കണ്‍വന്‍ഷന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വിളിച്ചു ചേര്‍ത്തു. കണ്‍വെന്‍ഷന്‍ മുമ്പ് രൂപീകരിച്ച താല്‍ക്കാലിക സംഘടനയെ പുനഃസംഘടിപ്പിക്കുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒരു സമ്പൂര്‍ണ്ണ സംഘടനാ സജ്ജീകരണം സ്വീകരിക്കുകയും ചെയ്തു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വിയോഗം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.
പിതൃവ്യനായ സയ്യിദ് അഹ്മദ് ബാഅലവി തങ്ങളുടെ മകള്‍ ശരീഫ സൈനബ കോയമ്മ ബീവിയാണ് ആദ്യ ഭാര്യ. ഇവരുടെ വിയോഗ ശേഷം സഖാഫ് ഖബീലയിലെ ചെറിയ ബീവിയെ വിവാഹം കഴിച്ചു. തങ്ങള്‍ക്ക് ഇരുവിവാഹങ്ങളിലും സന്താന സൗഭാഗ്യമുണ്ടായിരുന്നില്ല. 1932 ഡിസംബര്‍ 16 (ഹിജ്‌റ 1351 ശഅ്ബാന്‍ 17)-നായിരുന്നു വിയോഗം. പുതിയങ്ങാടി വരക്കല്‍ മഖാ മില്‍ അന്ത്യവിശ്രമംകൊള്ളുന്നു. പുതിയങ്ങാടി കോയ റോഡ് അദ്ദേഹത്തിന്റെ പേരിലാണ്.
സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ തങ്ങള്‍, ശരീഫ മുല്ലബീവി എന്നിവര്‍ സഹോദരങ്ങളാണ്. ശരീഫ മുല്ലബീവിയെ വിവാഹം കഴിച്ചത് കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖിയാണ്. ഇദ്ദേഹത്തിന് മറ്റൊരു ഭാര്യയില്‍ ജനിച്ച മകളാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മാതാവ്.