Skip to main content

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍

സമസ്ത സുന്നിയുടെ സമുന്നത നേതാവായ ആലിക്കുട്ടി മുസ്‌ലിയാര്‍ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന പ്രഗല്ഭ വ്യക്തിത്വം കൂടിയാണ്.

1945 ല്‍ മൂസഹാജി-ബിയ്യാത്തുക്കുട്ടി ദമ്പതികളുടെ മൂത്ത മകനായിട്ടാണ് ആലിക്കുട്ടി മുസ്‌ലിയാര്‍ ജനിക്കുന്നത്. ഏഴാം വയസ്സില്‍ തന്നെ പിതാമഹന്‍ ആയ ഹാജിയില്‍ നിന്ന് ഖുര്‍ആന്റെ പ്രാഥമിക പാഠങ്ങള്‍ അദ്ദേഹം പഠിച്ചെടുത്തു. പിന്നീട് നാല് വര്‍ഷത്തോളം സൈദാലി മുസ്‌ലിയാരുടെ ഇരുമ്പുഴി ദര്‍സില്‍ പഠനം തുടര്‍ന്നു. പിന്നീട് വിവിധ ദര്‍സുകളില്‍ പഠനം നടത്തിയ അദ്ദേഹം പടിഞ്ഞാറ്റുമുരിയില്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ശിഷ്യനായി മൂന്നര വര്‍ഷം കഴിച്ചുകൂട്ടി. പതിനാലാം വയസ്സില്‍ നാട്ടിലെ ഖത്വീബായ അദ്ദേഹം ഇരുപതാം വയസില്‍ അവിടുത്തെ ഖാസിയായി മാറി. 1965 ല്‍ തന്റെ അമ്മാവന്‍ മമമുക്കുട്ടി ഹാജിയുടെ മകള്‍ ഫാത്വിമയെ ജീവിത സഖിയാക്കി.

ദര്‍സ് പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തിയ ആലിക്കുട്ടി മുസ്‌ലിയാര്‍ നാല് വര്‍ഷത്തെ പഠനത്തിന് ശേഷം 1968 ല്‍ ഫൈസി ബിരുദം കരസ്ഥമാക്കി. ജാമിഅ നൂരിയ്യയില്‍ വെച്ചാണ് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നത്. ഒരാഴ്ച മാത്രം സ്‌കൂളില്‍ പോയിട്ടുള്ള ആലിക്കുട്ടി മുസ്‌ലിയാര്‍ ഇംഗ്ലീഷ് പഠിക്കുന്ന് ഉമറലി ശിഹാബ് തങ്ങളുടെ അടുത്ത് നിന്നായിരുന്നു. ജാമിഅ നൂരിയ്യയില്‍ എല്ലാ ശനിയാഴ്ചയും നടന്നുവന്നിരുന്ന കെ.പി. ഉസ്മാന്‍ സാഹിബിന്റെ ഉര്‍ദു ക്ലാസിലൂടെ ഉര്‍ദു ഭാഷയും മുസ്‌ലിയാര്‍ സ്വായത്തമാക്കി.

1968ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ആദ്യ ദര്‍സ് നടത്തുന്നത് മലപ്പുറത്തിനടുത്ത മീനാര്‍ കുഴിയിലാണ്. എട്ട് വര്‍ഷത്തോളം അദ്ദേഹം അവിടെ തുടര്‍ന്നു.

1970 ല്‍ പെരിന്തല്‍മണ്ണ താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറിയായതോട് കൂടി ആലിക്കുട്ടി മുസ്‌ലിയാര്‍ സമസ്തയുടെ സജീവ പ്രവര്‍ത്തകനായി മാറി. അവസാനം സമസ്തയുടെ ജനറല്‍ സെക്രട്ടറി പദത്തിലേക്കും അദ്ദേഹം എത്തിച്ചേര്‍ന്നു. 1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2003 മുതല്‍ 2006 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും അതിന് ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ അദ്ദേഹം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമാണ്.


 

Feedback