കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാന ചിന്തയുടെ വ്യാപനം സംഭവിച്ച നാളുകളില്‍ യാഥാസ്ഥികതയുടെ ഖഡ്ഗമായി പ്രവര്‍ത്തിച്ച സുന്നി പണ്ഡിതനായിരുന്നു പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.
കൊല്ലം ജില്ലയിലെ കറ്റാനത്ത് ജനിച്ച അദ്ദേഹം, അക്കാലത്തെ മുസ്‌ലിം സമുദായത്തിലെ വിശ്രുതനായ വാഗ്മി കൂടിയായിരുന്നു. പതിയാരകത്ത് ശിഹാബുദ്ദീന്റെ മകനായി ജനിച്ച അദ്ദേഹം പതി എന്ന പേരില്‍ അറിയപ്പെട്ടു. ഓച്ചിറയില്‍ ദീര്‍ഘകാലം മുദര്‍രിസായിരുന്ന വാഴക്കാട് മുഹമ്മദ് മുസ്‌ലിയാരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്‍. ഗുരുവിന്റെ മകളെ തന്നെ വിവാഹം ചെയ്തു. മുസ്‌ലിം സമുദായത്തിനകത്തെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ മതത്തിന്റെ ആന്തരികമൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമമെന്ന് വ്യാഖ്യാനിച്ച് എതിര്‍ത്തവരില്‍ പ്രധാനിയാണ് അദ്ദേഹം.
നവോത്ഥാന സംഘടനാ നേതാക്കളുമായി നടത്തിയ ഖണ്ഡന പ്രസംഗങ്ങളിലുടെപ്രസിദ്ധനായ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ 1948 മുതല്‍ മലബാര്‍ മേഖലയിലേക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റി. ആയിടക്ക് മലബാറില്‍ ശക്തിപ്പെട്ടു കൊണ്ടിരുന്ന നവോത്ഥാന ശബ്ദങ്ങളെചെറുക്കുന്നതിനായി സഹപാഠി കൂടിയായ പറവണ്ണ കെ.പി. മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അദ്ദേഹം മലബാറിലെത്തിയത്. പ്രസംഗ രംഗത്ത് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളിതീര്‍ത്തത് വിഖ്യാത പണ്ഡിതനും വാഗ്മിയുമായിരുന്ന എടവണ്ണ അലവി മൗലിവിയായിരുന്നു. പ്രമാണങ്ങളുടെ ആധികാരിക പിന്‍ബലത്തോടു കൂടി സംസാരിക്കാറുള്ള അലവി മൗലവിയുമായി നെടിയിരുപ്പ്, പൂനൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും വാദപ്രതിവാദങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതിയോഗികള്‍ക്ക് നേരെ നടത്തിയ വിവാദങ്ങളായ പല പ്രഖ്യാപനങ്ങളും പ്രചരണങ്ങളും പുരോഗമന ചിന്തക്ക്പ്രചാരം നല്കുന്നതിന് കാരണമായിത്തീരുകയാണുണ്ടായത്. നവോത്ഥാന ചിന്തയുടെ വക്താക്കളെല്ലാം അവിശ്വാസികളാണെന്നും അവരെ വധിക്കല്‍ അനുവദനീയവും പ്രതിഫലാര്‍ഹവുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് വിപരീതഫലമാണുണ്ടാക്കിയത്. അതോടെ ജനങ്ങള്‍ ഉത്പതിഷ്ണുക്കളുടെപ്രസംഗവും ശ്രവിക്കാന്‍ മനസ്സു കാണിച്ചു. അങ്ങനെ വലിയ വാദ പ്രതിവാദങ്ങള്‍ അരങ്ങേറി. പൂനൂര്‍ വാദപ്രതിവാദത്തിനു ശേഷം വിവാദങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് പണ്ഡിതര്‍ക്കിടയില്‍ തന്നെ അദ്ദേഹം അനഭിമതനാകാന്‍ കാരണമായിത്തീര്‍ന്നു.
കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം കുത്തിപ്പൊക്കാന്‍ ശ്രമിച്ചതും അള്ളാ-അല്ലാ തര്‍ക്കത്തിന് തിരികൊളുത്തിയതും ജലാലത്തിന്റെ ഇസ്മ് വിവാദം പ്രചരിപ്പിച്ചതുമെല്ലാം അദ്ദേഹത്തിന്റെ വിവാദപരമായ നടപടികളായിരുന്നു. മലബാറിലെ സുന്നി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പവും അനൈക്യവും സൃഷ്ടിച്ചു കൊണ്ടുള്ള നിലപാടുകളെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള മലബാറിലെ പണ്ഡിതന്മാര്‍ നിശിതമായി വിമര്‍ശിച്ചു.
മരണം: 1958 മാര്‍ച്ച് 8ന് കോഴിക്കോട്ട്.