ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവും പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനും എല്ലാമായിരുന്നു കെ.സി. അബ്ദുല്ല മൗലവി. 1950 മുതല്‍ 1995ല്‍ തന്റെ മരണം വരെ അഖിലേന്ത്യാ കൂടിയാലോചന സമിതിയിലും (മജ്‌ലിസെ ശൂറ) പ്രതിനിധി സഭയിലും നീണ്ട നാല്‍പത്തിയഞ്ച് വര്‍ഷം ഇദ്ദേഹം സഭാംഗമായിരുന്നു.
1920 ഫെബ്രുവരി 22 ന് കുന്നത്ത് ചാലില്‍ ഹുസൈന്‍ മുസ്‌ലിയാരുടെയും അത്വിമയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം. പ്രാഥമിക പഠനം നാട്ടില്‍ നിന്ന് പൂര്‍ത്തിയാക്കിയ കെ.സി. പുത്തൂര്‍, പെരിങ്ങാടി ദര്‍സുകളില്‍ ഉപരിപഠനം നടത്തുകയും 1939ല്‍ വെല്ലൂര്‍ ബാഖിയാതു സ്വാലിഹാതില്‍ ചേരുകയും ചെയ്തു. എം.എഫ്.ബി. ബിരുദവും മദിരാശി സര്‍വകലാശാലയില്‍ നിന്ന് അഫ്ദ്വലുല്‍ ഉലമായും നേടിയ അദ്ദേഹം വാഴക്കാട് ദാറുല്‍ ഉലൂമിലും കാസര്‍ഗോഡ് ആലിയ അറബിക് കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.
1948 ജനുവരി 15-നു ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായ അദ്ദേഹം അതേവര്‍ഷം തന്നെ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രഥമ പന്ത്രണ്ടംഗ മജിലിസുശൂറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1959ല്‍െ ജമാഅത്തെ ഇസ്‌ലാമി അമീറായ അദ്ദേഹം 1965ലെ ഇന്ത്യാ-പാക് യുദ്ധവേളയിലും 75-ല്‍ ജമാഅത്ത നിരോധിച്ചതിനെത്തുടര്‍ന്നും അറസ്റ്റിലായി. 1959 മുതല്‍ 1990 വരെ വിവിധ ടേമുകളിലായി 22 വര്‍ഷം ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ അമീറായിരുന്നു കെ.സി. അബ്ദുള്ള മൗലവി.
വിദ്യാഭ്യാസ രംഗങ്ങളില്‍ നിത്യശ്രദ്ധ പുലര്‍ത്തിയിരുന്ന കെ.സിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായതാണ് ചേന്ദമംഗല്ലൂരിലെ മദ്‌റസതുല്‍ ഇസ്‌ലാമിയയും മദ്‌റസതുല്‍ ബനാത്തും. (മദ്‌റസതുല്‍ ബനാത് ഹോസ്റ്റല്‍ സൗകര്യത്തോടു കൂടെയുള്ള കേരളത്തിലെ ആദ്യ വനിതാ വിദ്യാലയമാണ്) 1967ല്‍ രൂപീകരിച്ച ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്റെ നേതൃത്വം മരണം വരെ കെ.സി.യുടെ കൈകളിലായിരുന്നു. എ.ഐ.സി, ദഅ്‌വ കോഴ്‌സുകളുടെ ഉപജ്ഞാതാവായ ഇദ്ദേഹം തന്നെയാണ് 'മജ്‌ലിസത്തഅ്‌ലീമുല്‍ ഇസ്‌ലാമി കേരളയുടെ രൂപീകരണത്തിനും പാഠ്യപദ്ധതിയിലും മുഖ്യപങ്ക് വഹിച്ചത്.'
വിവിധ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന കെ.സി. നിരവധി ഗ്രന്ഥങ്ങളും രചിച്ചു. 1995 ഓഗസ്റ്റ് 13-ന് അദ്ദേഹം വിടവാങ്ങി.
പ്രധാന ഗ്രന്ഥങ്ങള്‍
അല്ലാഹു ഖുര്‍ആനില്‍
പരലോകം ഖുര്‍ആനില്‍
ഇബാദത്ത്, ഒരു സമഗ്ര പഠനം
നമസ്‌കാരത്തിന്റെ ചൈതന്യം
പ്രബോധനം ഒരു മുഖവുര
ജിന്നുകളും മലക്കുകളും
ഖാദിയാനിസത്തിന്റെ അടിവേരുകള്‍
പ്രബോധനം ഖുര്‍ആനില്‍
പ്രബോധനത്തിന്റെ പ്രാധാന്യം
ഇസ്‌ലാമും സോഷ്യലിസവും (വിവര്‍ത്തനം)
സത്യമാര്‍ഗം (വിവര്‍ത്തനം)