പാണക്കാട് സയ്യിദ് വംശപരമ്പരയില്‍പ്പെട്ട, മലബാറില്‍ കുടിയേറിപ്പാര്‍ത്ത ആദ്യകണ്ണി 18-ാം നൂറ്റാണ്ടില്‍ അറേബ്യയിലെ ഹളര്‍മൗതില്‍ നിന്നാണ് കേരളത്തില്‍ വന്നത്. പൂക്കോയ തങ്ങളുടെ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങള്‍ അന്നത്തെ പണ്ഡിതന്മാരില്‍ പ്രമുഖനും മഹാനുമായിരുന്നു. പൂക്കോയ തങ്ങളുടെ മകനായ സെയ്ദ് മുഹമ്മദ് കോയത്തി തങ്ങളുടെ മകനാണ് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ എന്ന പേരില്‍ വിഖ്യാതനായ പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങള്‍.
ഒരു ആത്മീയ നേതാവിന്റെ നേതാവിന്റെ പരിവേഷമുണ്ടായിരുന്ന പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ സമസ്ത സുന്നി വിഭാഗത്തിന്റെ അത്യുന്നത നേതാവായിരുന്നു. 1959 ജനു.29, 30 തിയതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡിന്റെ സമ്മേളനോദ്ഘാടകന്‍ തങ്ങളായിരുന്നു. 24/2/1973ന് ചേര്‍ന്ന സമസ്ത മുശാവറയോഗം അദ്ദേഹത്തെ മുശാവറ അംഗമായി തെരഞ്ഞെടുത്തു.
മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അദ്ദേഹം 1968 മുതല്‍ എസ് വൈ എസ് സ്റ്റേറ്റ് പ്രസിഡന്റ് ആയിരുന്നു. സമസ്തയുടെ ആദ്യത്തെ സനദ്ദാന കോളേജ് പാട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം നിരവധി അനാഥാലയങ്ങളുടെയും മുന്‍നിരയില്‍ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആസ്ഥാനമായ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട് നിരവധി പേരുടെ അഭയകേന്ദ്രമായിരുന്നു. ദിനംപ്രതി എത്തുന്ന നൂറുകണക്കിന് സന്ദര്‍ശകരുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നയതന്ത്ര ചാതുരിയോടെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു. വിവാദമായ പല പ്രവര്‍ത്തനങ്ങളിലും വിധി കല്പിച്ച അദ്ദേഹം കോടതികളില്‍ നടക്കുന്ന കേസുകള്‍പോലും രമ്യതയോടെ പരിഹരിച്ച് കേസ് പിന്‍വലിപ്പിച്ചിട്ടുണ്ട്.
1975 ജൂലായ് 6ന് അദ്ദേഹം നാഥനിലേക്ക് യാത്രയായി.