ഇസ്‌ലാമിക ഗാനങ്ങളാലും മാപ്പിളപ്പാട്ടുകളാലും കേരള മുസ്‌ലിം ജനതയുടെ ഹൃദയം കവര്‍ന്ന മതപണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു റഹീം കുറ്റ്യാടി. സ്വാതന്ത്യസമര സേനാനിയും പണ്ഡിതനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചെറുമകനുമായിരുന്ന കുറ്റിയാടി എം.അബ്ദുല്ലക്കുട്ടി മൗലവിയുടെയും ശൈഖ് ഹമദാനി തങ്ങളുടെ മകളായ മാഹിയിലെ മുസ്‌ല്യാരകത്ത് കുഞ്ഞിഫാത്തിമയുടെയും മകനായി 1943 ലാണ് അദ്ദേഹം ജനിക്കുന്നത്.
മാപ്പിളപ്പാട്ട് രചനാ രംഗത്ത് തന്റേതായ ഇശലുകള്‍ സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. നൂറിലധികം മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഏറെ പ്രശസ്തമാണ് ''ഉണ്ടോ സഖീ ഒരു കുല മുന്തിരി'' എന്നു തുടങ്ങുന്ന ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ചരിത്രം പറയുന്ന ഗാനം. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഈ പാട്ട് കേള്‍ക്കാത്തവരായി ആരും തന്നെയുണ്ടാവില്ല എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ അളിയനും പ്രമുഖ പണ്ഡിതനുമായിരുന്ന ഇബ്‌റാഹീം മൗലവിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ ഗാനത്തിന്റെ രചന. 1972 ല്‍ എ ടി ഉമര്‍ ഈ ഗാനത്തിന്ന് ഈണം നല്‍കി. റഹ്മാന്‍ ഓര്‍ക്കാട്ടേരിയും പിന്നീട് റഹീം കുറ്റ്യാടിയുടെ അനുജന്‍ ഹമീദ് ശര്‍വാനി, ശൈലജ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഇന്നും കേരളക്കരയില്‍ പാടിക്കൊണ്ടിരിക്കുന്ന നിത്യഹരിതങ്ങളില്‍ ഒന്നാണ്.
റഹീം കുറ്റ്യാടിയുടെ തൂലികയില്‍ നിന്ന് പിറന്നു വീണ പ്രശസ്തമായ മറ്റനേകം ഗാനങ്ങളുമുണ്ട്. ''സൗറെന്ന ഗുഹയില്‍ പണ്ട്, സന്മാര്‍ഗ തേരുകള്‍ രണ്ട്'', ''വട്ടം കറങ്ങുന്ന ഗോളങ്ങള്‍, വിണ്ണില്‍ വെട്ടിത്തിളങ്ങുന്ന താരങ്ങള്‍'', ''പള്ളിപ്പറമ്പിലെ കാട്ടിനുള്ളില്‍ ആരുണ്ട് കാണുവാന്‍'' തുടങ്ങിയവ ഇതിന്നുദാഹരണമാണ്. ഇസ്‌ലാമികമായ സന്ദേശങ്ങളെയും ചരിത്രങ്ങളെയും ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ച് ജനമനസ്സുകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്.
ഗാനരചയിതാവ് എന്നതിനോടൊപ്പം തന്നെ മികച്ച ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു റഹീം കുറ്റ്യാടി. ഹൈന്ദവ-ക്രൈസ്തവ- ഇസ്‌ലാമിക ദര്‍ശനങ്ങളെ താരതമ്യം ചെയ്ത് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അഗ്രഗണ്യനായിരുന്നു. ശ്ലോകങ്ങളും വചനങ്ങളുമെല്ലാം ഉദ്ധരിച്ച് അനേകം ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. ഇസ്വ്‌ലാഹീ പ്രഭാഷണ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന മൗലവി, കുറ്റ്യാടിയിലെ ഇസ്വ്‌ലാഹീ മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ചക്കാരനായി മാറി. ദീര്‍ഘകാലം കല്ലിക്കണ്ടി മസ്ജിദുല്‍ മുജാഹിദീന്‍, കോഴിക്കോട് ശാദുലി മസ്ജിദ്, കാദിരിക്കോയ പള്ളി, കുറ്റ്യാടി പള്ളി എന്നിവിടങ്ങളില്‍ ഖതീബായി ജനങ്ങള്‍ക്ക് നന്മയുടെ സന്ദേശങ്ങള്‍ കൈമാറി. ആറു വര്‍ഷത്തോളം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചിരുന്നു. ഇക്കാലത്ത് ഖത്തര്‍ മതകാര്യ വകുപ്പിന്റെ കീഴില്‍ ദര്‍വീഷ് മസ്ജിദിലും അല്‍ഗാനം, അബ്ദുല്ല ബിന്‍താനി എന്നിവിടങ്ങളിലെ പള്ളികളിലും ജുമുഅ ഖുതുബയുടെ പരിഭാഷകനായി സേവനമനുഷ്ഠിച്ചു.
കരണ്ടോട് എല്‍.പി സ്‌കൂള്‍, നാദാപുരം ജി.യു.പി സ്‌കൂള്‍ എന്നിങ്ങനെ വിവിധ സ്‌കൂളുകളില്‍ അധ്യാപന ജീവിതം നയിച്ച അദ്ദേഹം 1999 ല്‍ അധ്യാപന ജീവിതത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു. കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, ഖത്തര്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ദൈവത്തെ തേടി (ഗീത-ബൈബിള്‍-ഖുര്‍ആന്‍ സമന്വയ ദര്‍ശനം), അവനാണ് ദൈവം (വേദങ്ങളുടെ ആത്മസാരം), ഖുര്‍ആനും പൂര്‍വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങള്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍, ഉണ്ടോ സഖീ ഒരു കുല മുന്തിരി (ഗാനസമാഹാരം) തുടങ്ങി പത്തോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു. അതോടൊപ്പം തീപ്പന്തം, വല്ലാത്ത ദുനിയാവ്, നൈലിന്റെ വിലാപം എന്നീ നാടകങ്ങള്‍ക്ക് ഗാനരചന നടത്തിയതും ഇദ്ദേഹമാണ്.
മത-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1964ല്‍ കുറ്റ്യാടി കേന്ദ്രീകരിച്ച് രൂപീകൃതമായ 'ആസാദ് കലാമന്ദിര്‍' എന്ന സാമൂഹിക സാംസ്‌കാരിക സംഘടനയുടെ മുഖ്യസാരഥി, 1970 ല്‍ കുറ്റ്യാടിപ്പുഴയോട് ചേര്‍ന്ന കുമ്പളത്ത് നിലവില്‍ വന്ന മൈലിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്ഥാപകരില്‍ ഒരാള്‍ എന്നിങ്ങനെ വിശാലമായ മേഖലകളില്‍ അദ്ദേഹം സേവന നിരതനായി.
ഫാത്തിമ, ഹഫ്‌സ, സലീന എന്നിവര്‍ ഭാര്യമാരായിരുന്നു. എം.ഉമൈബ, റഹീന, നഈമ, തസ്‌നീം, ഡോ.ഉമൈര്‍ഖാന്‍, ഫായിസ്, മുസ്‌ന, ഇഹ്‌സാന്‍, റസീം എന്നിവരാണ് മക്കള്‍. 2021 സെപ്തംബര്‍ 10 ന് അന്തരിച്ചു.