Skip to main content

ടി.സി. മുഹമ്മദ് മൗലവി

'ശാഫിഈകളെന്നു പറയുന്നവരേ, നിങ്ങള്‍ ശാഫിഈ മദ്ഹബിലേക്ക് മടങ്ങൂ' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ വാളുയര്‍ത്തിയ നേതൃശബ്ദമാണ് ടി.സി. മുഹമ്മദ് മൗലവിയുടെത്. അനാചാരങ്ങള്‍ക്കെതിരെ ശബ്ദവും തൂലികയും പടവാളാക്കിയ ടി.സി. മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന അന്ധവിശ്വാസത്തെ തുറന്നെതിര്‍ത്തതിനാല്‍ അദ്ദേഹം യാഥാസ്ഥികര്‍ക്കു മുന്നില്‍ കണ്ണിലെ കരടായി. സംഭവ ബഹുലമായ ആ ജീവിതത്തില്‍ ഒരു മാലയിലെ മുത്തുകളെന്നപോലെ കോര്‍ത്തെടുക്കുവാന്‍ കഴിയുന്ന ധാരാളം സംഭവങ്ങളുണ്ട്.

1936 ജൂലൈ ഒന്നിന് തുടികാവ് അഹമ്മദിന്റെയും ചെങ്ങണത്ത് ആഇശയുടെയും മകനായി, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പുത്തന്‍ പള്ളിക്ക് സമീപം എരമംഗലത്താണ് ജനനം. അന്നത്തെ കാലത്ത് അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ പഠനം നടത്തിയ അദ്ദേഹം പള്ളി ദര്‍സുകളില്‍ പത്ത് വര്‍ഷം ഉപരിപഠനം നടത്തി. പിന്നീട് ദാറുല്‍ ഉലൂം ദയൂബന്ദിലെത്തി ഏറ്റവും പ്രശസ്ത ഹദീസ് ഗ്രന്ഥങ്ങളായ കുതുബുസ്സിത്തയുടെ 'ദൗറ' പൂര്‍ത്തിയാക്കി 'ഖാസിമി' ബിരുദം നേടിയ അദ്ദേഹം യുനാനി  മെഡിസിനില്‍ ഡി യു എമ്മു പൂര്‍ത്തിയാക്കി. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം, എടക്കഴിയൂര്‍, വാടാനപ്പള്ളി, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളിലും പിന്നീട് എടവണ്ണ ജാമിഅ നദ്‌വിയ, പുളിക്കല്‍  ജാമിഅ സലഫിയ തുടങ്ങിയവിടങ്ങളിലുമായി രണ്ട് വ്യാഴവട്ടക്കാലം അധ്യാപകനായി ജീവിതം നയിച്ചു.

കെ.എന്‍.എമ്മിന്റെ ജന. സെക്രട്ടറിയായിരുന്ന കെ.പി. മുഹമ്മദ് മൗലവിയുമായുള്ള അടുപ്പമാണ് ടി.സി.യെ മുജാഹിദ് പ്രസ്ഥാനത്തിലെക്കെത്തിക്കുന്നത്. സമൂഹത്തിലെ ജീര്‍ണതക്കെതിരില്‍ മൗലവി പോരാട്ടം തുടങ്ങുന്നത് ഖുതുബയിലൂടെയാണ്. ശാഫിഈ പണ്ഡിതന്മാരോട് ശാഫിഈ മദ്ഹബ് വെച്ച് മൗലവി സംവാദങ്ങള്‍ നടത്തി. പല സ്ഥലങ്ങളിലും ഖണ്ഡനമണ്ഡനങ്ങള്‍ നടന്നു. ശാഫിഈ മദ്ഹബിനെ അടിസ്ഥാനമാക്കി വാദപ്രതിവാദം നടത്തിയാല്‍ ടി.സി.യോട് ജയിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, പട്ടാമ്പിയില്‍ വെച്ച് ജുമുഅ ഖുതുബ അറബിയിലായിരിക്കണമെന്നതിന് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് തെളിവിന് ശ്രമിച്ചു. എന്നാല്‍ ശാഫിഈ മദ്ഹബില്‍ നിന്ന് തെളിവ് കൊണ്ടുവരണം എന്ന വ്യവസ്ഥയില്‍ മുറുകെ പിടിച്ച ടി.സി. മുഹമ്മദ് മൗലവി കാന്തപുരത്തിന്റെ ദുര്‍വ്യാഖ്യാനത്തെ ചവറ്റുകുട്ടയിലെറിഞ്ഞു.

1972 ല്‍ ഷൊര്‍ണൂര്‍ വെട്ടിക്കാട്ടിരി മഹല്ലില്‍ അഞ്ച് വയസുകാരനായ സയ്യിദ് ഇസ്മാഈല്‍ ഉണ്ണിക്കോയ തങ്ങള്‍ എന്ന കുട്ടി മരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ പിതാവുള്‍പ്പടെ പള്ളിക്കമ്മിറ്റി കുട്ടിക്ക് ദിവ്യ സിദ്ധികളുണ്ടെന്നും പറഞ്ഞ് ഖബര്‍സ്ഥാനില്‍ ജാറം കെട്ടാന്‍ തുടങ്ങി. നല്ലവരായ ചില നാട്ടുകാര്‍ ഈ ബിസിനസിനെ എതിര്‍ക്കുകയും ടി.സി.യെ സമീപിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബനുസരിച്ച് ജാറം ഉണ്ടാക്കല്‍ ഹറാം ആണെന്ന് ഫത്‌വ നല്‍കി. വിഷയം കോടതിയിലെത്തി. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ ജാറം അനിസ്‌ലാമികമാണെന്ന് വിധിയെഴുതി. അത് പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവ് നല്‍കി. കോടതി വാദത്തിനിടയില്‍ സമസ്ത പണ്ഡിതന്മാരുടെ കളവുകള്‍ കോടതിക്ക് ചിരിക്കാനും ശാസിക്കാനുമുള്ള വകയും നല്‍കി.

ചാലിശ്ശേരിയില്‍ താമസിച്ചിരുന്ന അദ്ദേഹം തന്റെ വീടിനോട് ചേര്‍ന്ന് ചെറിയ പള്ളിയും ഉണ്ടാക്കിയിരുന്നു. അവിടെ പ്രശ്‌നമുണ്ടാക്കാന്‍ വന്ന യാഥാസ്ഥിതികര്‍ക്ക് കണക്കിന് കൊടുത്തു വിട്ട ചരിത്രവും ടി.സിക്കുണ്ട്. പഠന-ഗവേഷണ ചികിത്സയില്‍ മുഴുകിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. യുനാനി, ആയുര്‍വേദം, ഹോമിയോ എന്നീ മേഖലകളില്‍ നിപുണനായിരുന്ന അദ്ദേഹത്തിന് നാല് മരുന്നുകള്‍ക്ക് പേറ്റന്റുകളുമുണ്ട്. മലേഷ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അവ കയറ്റിയയക്കുകയും ചെയ്തിരുന്നു. പുളിക്കല്‍ ജാമിഅ സലഫിയ്യക്ക് കീഴില്‍ ആരംഭിച്ച 'ഇലാള്' മരുന്നുല്പാദന കേന്ദ്രത്തിന്റെ ശില്പി അദ്ദേഹമായിരുന്നു. 2016 നവംബര്‍ 14ന് 80-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.

പ്രധാന ഗ്രന്ഥങ്ങള്‍


യൂനാനി ചികിത്സകന്‍
ഖുര്‍ആന്‍ ഒരു സമഗ്ര പഠനം
തിരുനബിയുടെ വൈദ്യവിധികള്‍
മെറ്റീരിയ മെഡിക്ക
പതിനൊന്ന് മാസത്തെ യൂനാനി കോഴ്‌സ്
ഹിപ്‌നോട്ടിസം (ഗൈഡ്)

Feedback