പള്ളി ദര്‍സിലെ തന്റെ ഉസ്താദിനോട് ഒരു ബാലന്‍ ചോദിച്ചു. ''ഔലിയാക്കന്‍മാരുടെ പേരില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തുന്നതും അവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതും, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, യേശു, കന്യാമറിയം എന്നിവരുടെ പേരില്‍ അര്‍ച്ചന നടത്തുന്നതും തമ്മില്‍ എന്താണ് വ്യത്യാസം?'' ഉത്തരം മുട്ടിയ മുസ്‌ലിയാര്‍ ആ ബാലനെ ദര്‍സില്‍ നിന്നും പുറത്താക്കി. പില്‍കാലത്ത് കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖ സ്ഥാനീയനായ ഉമര്‍ മൗലവിയായിരുന്നു ആ സംശയാലുവായ ബാലന്‍. ആ പുറത്താക്കലാകട്ടെ പ്രശസ്ത പണ്ഡിതനായ കെ എം മൗലവിയുടെ ശിഷ്യത്വത്തിലേക്കുള്ള അവസരമാകുകയും ചെയ്തു.
മത പണ്ഡിതന്‍, ഖുര്‍ആന്‍ വിവര്‍ത്തകന്‍, ചിന്തകന്‍, പ്രമുഖ പ്രാസംഗികന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശോഭിച്ചിരുന്നു. 1917 ജൂലൈ 16ന് മലപ്പുറം ജില്ലയില്‍ പൊന്നാനിക്കടുത്ത് വെളിയങ്കോട്ടു ഗ്രാമത്തില്‍ കയര്‍ വ്യവസായി ആയിരുന്ന കുഞ്ഞഹമദിന്റെയും കടമ്പാളത്ത് പാത്തായുമ്മയുടെയും മകനായാണ് ജനനം. മാതൃ സഹോദരന്‍മാരുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ കുടുംബം തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തേക്ക് താമസം മാറുന്നത്. അവിടത്തെ പള്ളി ദര്‍സുകളിലാണ് ഉമര്‍ മൗലവി പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട് പൊന്നാനി, പുതുപൊന്നാനി, കുമരനെല്ലൂര്‍, താനൂര്‍, കൂട്ടായി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനം തുടര്‍ന്നു. താനൂരില്‍ പാങ്ങില്‍ അഹ്മദ് കൂട്ടി മുസ്‌ലിയാരുടെ ശിഷ്യനായും പഠിക്കുന്ന കാലത്താണ് മുകളില്‍ ഉദ്ധരിച്ച ആ ചോദ്യം ഉമര്‍ മൗലവി ഉസ്താദിന് നേരെ തൊടുത്തുവിട്ടത്. ഉത്തരം നല്‍കാതെ ദര്‍സില്‍ പുറത്താക്കപ്പെടുകയാണ് ഉസ്താദ് ചെയ്തത്. അങ്ങനെ 1941ല്‍ ഉമര്‍ മൗലവി പ്രശസ്ത പണ്ഡിതനായ കെ.എം. മൗലവിയുടെ ശിഷ്യത്വം തേടി തിരൂരങ്ങാടിയിലെത്തി.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങെളയും എതിര്‍ക്കാന്‍ സ്വന്തമായ ഭാഷ ഉപയോഗിച്ച ഉമര്‍ മൗലവി 1943ല്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായി. കോഴിക്കോട് പട്ടാള പള്ളിയില്‍ ഖുതുബ നിര്‍വഹിക്കുകയും ചെയ്തു. 1946 ല്‍ തിരൂരങ്ങാടി യതീംഖാനയുടെ മാനേജറായി. മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട്ട് സ്ഥിരതാമസമാക്കി. പള്ളി ദര്‍സില്‍ പഠിക്കുന്ന കാലത്ത് തന്നെ മുസ്‌ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങെളയും എതിര്‍ത്തിരുന്ന മൗലവി പഠനം കഴിഞ്ഞ് പുറത്തുവന്നതോടെ അവയ്‌ക്കെതിരെ ശക്തമായി രംഗത്തിറങ്ങി. ഇതിന്റെ പേരില്‍ പല എതിര്‍പ്പുകളും നേരിടേണ്ടിവന്നു. മലയാളത്തില്‍ ഖുതുബ നടത്തുന്നത് അപൂര്‍വമായിരുന്ന അക്കാലത്ത് കോഴിക്കോട് പട്ടാളപ്പള്ളിയില്‍ മലയാളത്തില്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ട് മാറ്റത്തിന്റെ കവാടങ്ങള്‍ കോഴിക്കോട് നഗരവാസികള്‍ക്ക് മുമ്പില്‍ തുറന്നിട്ടു.
എന്‍.വി. അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തില്‍ അരീക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ജംഇയ്യത്തുല്‍ മുജാഹിദീനുമായി മൗലവി സഹകരിച്ചിരുന്നു. 1950ല്‍ പണ്ഡിതന്‍മാരും നേതാക്കളുമായ 13 പേര്‍ ചേര്‍ന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ചപ്പോള്‍ 14ാമനായി ഉമര്‍ മൗലവിയും അതില്‍ അംഗമാക്കപ്പെട്ടു.
1955ല്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാര പ്രമുഖനായ ഇ. അഹമ്മദ് കുഞ്ഞി ഹാജിയുടെ ക്ഷണം സ്വീകരിച്ച് കപ്പലില്‍ യാത്രയായി. ഹജ്ജ് കഴിഞ്ഞ് മൗലവി മക്കയില്‍ തന്നെ തങ്ങി. രിയാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായ പാകിസ്താന്‍കാരന്‍ മുഹമ്മദ് ശരീഫ് എന്ന ഒരു യുവാവുമായി പരിചയപ്പെട്ടു. അയാളുടെ സഹായത്തോടെ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിച്ചു. 1959ല്‍ അഞ്ചാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കി. സൗദി അറേബ്യയില്‍ കിട്ടുമായിരുന്ന ജോലി വേണ്ടന്ന് വെച്ച് കേരളത്തിലേക്ക് മടങ്ങി. റിയാദ് യൂനിവേഴ്‌സിറ്റിയുടെ കുല്ലിതുശ്ശരീഅയില്‍ പ്രൊഫസറായിരുന്ന ശൈഖ് ഇബ്‌നുബാസ് മൗലവിയെ വളരെയധികം സഹായിച്ചിരുന്നു. ദാറുല്‍ ഇഫ്തായുടെ ചെയര്‍മാനായിരുന്നപ്പോള്‍ അദ്ദേഹം മൗലവിയെ ഹാജിമാര്‍ക്കുള്ള ഉപദേഷ്ടാവായി നിയമിച്ചു. സഊദി അറേബ്യയില്‍ മതരംഗത്ത് അദ്ദേഹം 'ഉമര്‍ അഹ്മദ് മലൈബാരി' എന്നാണ് അറിയപ്പെട്ടിരുന്നത്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ലാളിത്യവും സൂക്ഷ്മതയും പുലര്‍ത്തിയിരുന്ന അദ്ദേഹം ആദര്‍ശ പ്രചാരണത്തിന് ജീവിതം മാറ്റിവെച്ചു. മതപ്രസംഗത്തില്‍ അപാരമായ പ്രാഗത്ഭ്യമുണ്ടായിരുന്ന അദ്ദേഹം വിശ്വാസ വ്യതിയാനങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുന്നതിലും യാഥാസ്ഥിതിക മുസ്‌ലിയാക്കന്‍മാരുടെ തെറ്റായ മതവിധികളെ വിമര്‍ശിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു.
തിരൂരങ്ങാടി യതീംഖാനയുടെ തുടക്കം മുതല്‍ അതിന്റെ എക്‌സിക്യുട്ടീവ് അംഗമായിരുന്ന ഉമര്‍ മൗലവി തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂള്‍ മോങ്ങം, അന്‍വാറുല്‍ ഇസ്‌ലാം കോളജ്, എടവണ്ണ ജാമിഅ നദ്‌വിയ്യ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മക്ക കേന്ദ്രമായുള്ള ദാറുല്‍ ഇഫ്തായുടെ കേരളത്തിലെ മുബല്ലിഗ് ആയി പത്തു വര്‍ഷം ജോലി ചെയ്തു. തിരൂര്‍ക്കാട് സലഫീ മസ്ജിദ്, മദ്‌റസത്തുല്‍ അത്ഫാല്‍, കൊച്ചിയിലെ സല്‍സബീല്‍ പള്ളി, വെളിയങ്കോട് മുജാഹിദ് മസ്ജിദ് എന്നിവയുടെ സ്ഥാപകനും ഉമര്‍ മൗലവിയാണ്. പുളിക്കല്‍ സലഫി യൂണിവേഴ്‌സിറ്റിയില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970ലും 77ലും കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്നു.
പ്രമുഖ ഖുര്‍ആന്‍ വിവര്‍ത്തകനായിരുന്ന ഉമര്‍ മൗലവിയുടെ ആദ്യത്തെ കൃതി ഖുര്‍ആന്‍ പരിഭാഷ (തര്‍ജുമാനുല്‍ ഖുര്‍ആന്‍) ആയിരുന്നു. ഖുര്‍ആനിലെ 'അര്‍റഹ്മാന്‍', അമ്മ ജുസുഅ് പരിഭാഷ തയ്യാറാക്കി. ആറു വാല്യങ്ങളിലായി വാക്കര്‍ഥം സഹിതം ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കപ്പെട്ടു. സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ് പ്രസിദ്ധീകരിച്ച ഈ സമ്പൂര്‍ണ്ണ പരിഭാഷയ്ക്ക് 14 പതിപ്പുകള്‍ പുറത്തിറങ്ങി.
വിശുദ്ധ ഖുര്‍ആന്‍ അറബിമലയാള പരിഭാഷ, വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, ഫാത്തിഹയുടെ തീരത്ത്, ഹജ്ജിന്റെ വിളക്ക്, ലാഇലാഹ ഇല്ല'ല്ലായുടെ അര്‍ഥം, ഇബാദത്തിന്റെ അര്‍ഥം, ജവാബുല്‍ മലബാരി, മദ്ഹബുന്‍ ജദീദ് എന്നിവയാണ് മൗലവിയുടെ കൃതികള്‍. വിവിധ വിഷയങ്ങളിലായി നൂറുകണക്കിന് ലഘുലേഖകളും നോട്ടീസുകളും അച്ചടിച്ച് വിതരണം ചെയ്തു. 'സല്‍സബീല്‍' എന്ന പേരില്‍ 30 വര്‍ഷത്തോളം ഒരു മാസിക പ്രസിദ്ധീകരിച്ചു. മിക്കവാറും മൗലവി സ്വന്തമാണ് അതിലെ ലേഖനങ്ങളും കുറിപ്പുകളുമെല്ലാം എഴുതിയിരുന്നത്.
കോഴിക്കോട് പട്ടാളപ്പള്ളി, തിരൂരങ്ങാടി തറമ്മല്‍ പള്ളി, വെളിയങ്കോട് സലഫി മസ്ജിദ്, കൊച്ചി പുതിയ പള്ളി, തിരൂര്‍ക്കാട് സല്‍സബീല്‍ മസ്ജിദ് തുടങ്ങി പല പള്ളികളില്‍ ഖത്വീബായി പ്രവര്‍ത്തിട്ടുണ്ട്. എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം വിട്ടുവീഴ്ചയില്ലാത്ത തീവ്രമായ ശൈലിക്കുടമയായിരുന്നു അദ്ദേഹം. ആദര്‍ശ വ്യതിയാന വിഷയങ്ങളില്‍ സുന്നി വിഭാഗത്തോടും ജമാഅത്തെ ഇസ്‌ലാമിയോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഉമര്‍ മൗലവി ഖണ്ഡന പ്രസംഗങ്ങളിലൂടെ പൊള്ളയായ ആദര്‍ശങ്ങളെ തുറന്നുകാണിച്ചിരുന്നു. യഥാര്‍ഥ ആദര്‍ശത്തില്‍ വ്യതിചലിച്ച ഇതര സംഘടനകളോട് മുസ്‌ലിം ആകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുകളയക്കാന്‍ പോലും അദ്ദേഹം തയ്യാറായിരുന്നു. ഇബാദത്ത് എന്ന സാങ്കേതിക ശബ്ദത്തിന് അര്‍ഥം നല്‍കിയതില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും പാടെ പിഴച്ചുപോയെന്ന് ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച അദ്ദേഹം പ്രസംഗ പരമ്പരകളിലൂടെ ആദര്‍ശ വ്യതിയാനത്തെ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ശ്രമിച്ചിരുന്നു.
1943ല്‍ തിരൂര്‍ക്കാട് മുസ്‌ലിയാരകത്ത് മൊയ്തീന്‍കുട്ടിയുടെ മകള്‍ ഫാത്തിമക്കുട്ടിയേയും പിന്നീട് അരീക്കോട് മണ്ണില്‍തൊടി ഉണ്ണിമൊയ്തീന്‍ മുസ്‌ലിയാരുടെ മകള്‍ ആസ്യയേയും വിവാഹം കഴിച്ചു. പ്രൊഫ. ഹബീബാപാഷ, ആമിന, ബശീര്‍, ഡോ. സാലിം, അബ്ദുല്ല, മുബാറക്, ജൗഹര്‍, ഹബീബ് എന്നിവര്‍ മക്കളാണ്. ചരിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. എന്‍.കെ. മുസ്തഫാ കമാല്‍ പാഷ മരുമകനാണ്.
2000 ഫെബ്രുവരി 18ന് 84ാമത്തെ വയസില്‍ അദ്ദേഹം നിര്യാതനായി.