Skip to main content

കണാരണ്ടി അമ്മദ് മുസ്‌ല്യാർ

കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിനടുത്ത് പാറക്കടവിലെ പുരാതന തറവാടായ വളപ്പില്‍ മേമുണ്ടോത്ത് ഹസ്സന്‍ കുട്ടി മുസ്‌ല്യാരുടെയും വളപ്പില്‍ മുയ്യാരിക്കണ്ടി മാമയുടെയും മകനാണ് കണാരണ്ടി അമ്മദ് മുസ്‌ല്യാർ . 1923 ല്‍ ജനനം.

വിനയഭാവവും സൗമ്യശീലവും നിറഞ്ഞ പാണ്ഡിത്യത്തിന്‍റെ മുഖം. ആളുകള്‍ ബഹുമാനത്തോടെ കാണാരണ്ടി ഉസ്താദ് എന്നോ കാണാരണ്ടി ഓര്‍ എന്നോ മാത്രം വിളിക്കും. പിതാവ് ഹസ്സന്‍ കുട്ടി മുസ്‌ല്യാരും അവരുടെ പിതാവ് കുഞ്ഞിശൈഖ് മുസ്‌ല്യാരും തികഞ്ഞ പണ്ഡിതരായിരുന്നു. യമനില്‍ വേരുള്ള ഹമദാനി കുടുംബത്തിലെ അബ്ദുറഹിമാന്‍ ഹമദാനിയുടെ മകനാണ് കുഞ്ഞിശേഖ് മുസ്‌ല്യാർ . മുജാഹിദ് പ്രസ്ഥാനത്തിലെ പഴയകാല പണ്ഡിതരില്‍ പ്രമുഖനായ ആയഞ്ചേരിയിലെ കെ.കെ.എം ജമാലുദ്ദീന്‍ മൗലവി പിതാവിന്‍റെ സഹോദരീ പുത്രനാണ്.

പാറക്കടവ് ബോര്‍ഡ് സ്കൂളിലാണ് ഭൗതിക പഠനം. പിതാവില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാരുടെ ശിഷ്യഗണങ്ങളില്‍ പ്രധാനിയായി. പാറക്കടവിലെ വലിയ ഖാളിയാര്‍ എന്നറിയപ്പെട്ടിരുന്ന തലശ്ശേരി പുതിയ വീട്ടില്‍ അബ്ദുല്ല മുസ്‌ല്യാർ , തുന്നംകണ്ടി കുഞ്ഞേറ്റി മുസ്‌ല്യാർ , പൊന്നംങ്കോട്ട് അമ്മദ് മുസ്‌ല്യാർ, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാർ എന്നിവരുടെയും ശിഷ്യത്വം നേടി.  പാറക്കടവ് ജുമുഅത്ത് പള്ളിയിലെ ഖാദിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.  അവിടെ ദീര്‍ഘകാലം ദര്‍സ് നടത്തി. മുടവന്തേരി, പുല്ലൂക്കര എന്നിവിടങ്ങളിലും ദര്‍സ് നടത്തിയിട്ടുണ്ട്. വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാർ, തൈക്കണ്ടി കുഞ്ഞബ്ദുല്ല മുസ്‌ല്യാർ തുടങ്ങിയവര്‍ ശിഷ്യഗണങ്ങളാണ്. നല്ല വാഗ്മിയായിരുന്നു. നാല്പത് ദിവസങ്ങളോളം  തുടര്‍ച്ചയായ വയള് പരമ്പരയിലെ  സജീവ സാന്നിധ്യമായിരുന്നു. പാറക്കടവിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാമിന്‍റെ പ്രഭാവമെത്തിക്കുന്നതില്‍ കണാരണ്ടിയുടെ പങ്ക് നിസ്തുലമാണ്.

ഖത്വ്റുന്നദാ എന്ന കിതാബിന് ശറഹ് എഴുതിയിട്ടുണ്ട്. അല്‍ ഹുജ്ജുല്‍ വാഫിര്‍ ഫീ ബുലൂഖിദ്ദഅവത്തി ലില്‍ കാഫിര്‍ എന്ന അറബി മലയാളം ഗ്രന്ഥവും ഉദ്ദത്തുന്നാസിഖ്, മാലിഹൂലന്‍മാര്‍ എന്നീ ചെറു ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 

വാര്‍ധക്യസഹജമായ അസുഖം മൂലം 1997 ഓഗസ്റ്റ് 17 (1418 റബീഉല്‍ ആഖര്‍ 11)  വ്യാഴാഴ്ച്ച അദ്ദേഹം വിടവാങ്ങി. 74 വയസ്സായിരുന്നു. പാറക്കടവിലെ പഴയ പള്ളിയില്‍ ഖബറടക്കം. അബ്ദുറഹ്മാന്‍, അബ്ദുല്ല, മറിയം എന്നിവര്‍ മക്കളാണ്. കൈതറോല്‍ അയിശുവാണ് ഭാര്യ. കണാരണ്ടി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ മൂത്ത സഹോദരനാണ്. യ്യവനത്തില്‍ മരണപ്പെട്ടു പോയ അബ്ദുല്ല ഇളയ സഹോദരനും കണാരണ്ടി മറിയം, അയിശു എന്നിവര്‍ സഹോദരിമാരുമാണ്. 

Feedback