ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകനും മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരകനും സംഘാടകനുമായിരുന്നു പാറോല്‍ ഹുസൈന്‍ മൗലവി. കോഴിക്കോട്ടെ പാറോപ്പടി ജുമഅത്ത് പള്ളിയിലെ ഖത്തീബായിരുന്ന പാറോല്‍ കുഞ്ഞാമുട്ടി മൊല്ലയുടെയും മാളിയക്കല്‍ റുക്കയ്യയുടെയും പുത്രനായി 1900 ല്‍ കോഴിക്കോട്ട് ജനിച്ചു.
ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍, മലപ്പുറം ഗവര്‍മെന്റ് ട്രെയിനിങ്ങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ആധുനിക വിദ്യാഭ്യാസവും പൊന്നാനിയിലേയും, വെല്ലൂരിലേയും ദര്‍സുകളില്‍ നിന്ന് മതപഠനവും പൂര്‍ത്തിയാക്കി. പിതാവിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് പള്ളി ഖത്തീബാവുകയും ചെയ്തു. 1918 ല്‍ മദ്രസത്തുല്‍ മുഹമ്മദിയ്യ ആരംഭിച്ചപ്പോള്‍ അവിടെയും പിന്നീട് ജെ.ഡി.റ്റി ഇസ്‌ലാം സ്‌കൂളിലും കുറച്ചുകാലം അധ്യാപകനായിരുന്നിട്ടുണ്ട്. 1936 മുതല്‍ 1948 വരെ പാറോപ്പടി ജനറല്‍ സ്‌കൂള്‍ മാനേ ജരായും ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ചു. അതിനു ശേഷം കൊടുവായൂര്‍ എയ്ഡഡ് മാപ്പിള സ്‌കൂളിലും അധ്യാപകനായിരുന്നു.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍, മദ്രസ്സാ വിദ്യാഭ്യാസത്തെ ഇതു പ്രതികൂലമായി ബാധിച്ചു. ആധുനിക വിദ്യാഭ്യാസത്തിന്റെ നിലപാടും മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ 1925 ആഗസ്റ്റ് 11ാം തിയ്യതി മാതൃഭൂമി കെട്ടിടത്തോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് ഹാളില്‍ കോഴിക്കോട്ടെ മുസ്‌ലിംകളുടെ ഒരു പ്രത്യേക സമ്മേളനം ഹുസൈന്‍ മൗലവി വിളിച്ചുകൂട്ടി. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
അധ്യാപകനായിരുന്ന കാലത്ത് സ്വന്തം ചിലവില്‍ പുസ്തകങ്ങളും ഉച്ചഭക്ഷണവും നല്‍കി നാനാജാതി മതസ്ഥരായ പാവപ്പെട്ട വിദ്യാര്‍ഥികളെ പഠിപ്പിച്ചു. തന്റെ സ്വന്തം മാനേജ്‌മെന്റില്‍ നടത്തിയിരുന്ന സ്‌കൂളില്‍ മുസ്‌ലിം കുട്ടികള്‍ക്ക് മതപഠനത്തിനായി പ്രത്യേക ഏര്‍പ്പാടുകളുണ്ടാക്കി. പ്രാസംഗികനും എഴുത്തുകാരനുമായിരുന്നു. മൂസ്സാനബി, ഫിര്‍ഔന്‍, ടിപ്പുസുല്‍ത്താന്‍, ഇസ്‌ലാമിലെ വിവാഹ നിയമങ്ങള്‍, അന്‍വര്‍ പാഷ തുടങ്ങിയവ അദ്ദേഹം രചിച്ച കൃതികളാണ്.
ദേശീയ പ്രസ്ഥാനം വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ ആകര്‍ഷിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അടുത്ത അനുയായിയായിരുന്നു. മൊയ്തു മൗലവി, ഹസ്സന്‍കോയ മുല്ല തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിച്ചു.
ഇന്ത്യാവിഭജനവാദം ശക്തിപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിം മജ്‌ലിസിന്റെയും അണികളില്‍ നിന്നുകൊണ്ട് വിഘടനചിന്താഗതിയെ ശക്തിയായി എതിര്‍ത്തു. 1946 ല്‍ മദിരാശി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കുറുമ്പനാട് നിയോജകമണ്ഡലത്തില്‍ നിന്ന് മുസ്‌ലിം മജ്‌ലിസ് സ്ഥാനാര്‍ഥിയായി. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായ പി.പി. ഹസന്‍ കോയക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ടു.
മുസ്‌ലിംകളെ മത-രാഷ്ട്രീയ പ്രബുദ്ധരാക്കുക എന്ന ഉദ്ദേശത്തോടെ 1930 ല്‍ 'മലബാരി' എന്ന പേരില്‍ ദിനപത്രം തുടങ്ങി. കുറച്ചുകാലമേ നടന്നുള്ളൂ. പിന്നീട് 1952 ല്‍ വാരികയായി മലബാരി വീണ്ടും പുറത്തിറക്കിയെങ്കിലും അതും മുന്നോട്ടു പോയില്ല. 'അല്‍ അമീന്‍' പത്രാധിപസമിതിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1925 ല്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ സമ്മേളനത്തില്‍ മലബാറിലെ മാപ്പിളമാരെ അന്തമാനില്‍ കൊണ്ടുപോയി കുടിയിരുത്താനുള്ള മദിരാശി ഗവണ്‍മെന്റിന്റെ അന്തമാന്‍ സ്‌കീമിനോട് എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയമവതരിപ്പിച്ചത് അദ്ദേഹമാണ്. അന്തമാന്‍ സ്‌കീമിനെതിരെ പൊതുജനാഭിപ്രായം വളര്‍ത്തുന്നതിന് സഹായകമായിരുന്നു ഈ ശ്രമം. അന്തമാന്‍ സ്‌കീമിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ അല്‍ അമീന്‍ പത്രത്തിലും അതുപോലുള്ള മറ്റു പ്രസിദ്ധീകരണങ്ങളിലും നോട്ടീസ് മുഖേനയും മറ്റും ശ്രമിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാരായിരുന്നു പ്രസിഡണ്ട്. പള്ളി മദ്‌റസകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന മുസ്‌ല്യാക്കന്മാരെ കോഴിക്കോട് ടൗണ്‍ഹാളില്‍ ക്ഷണിച്ചുവരുത്തി ഒരു സംഘടനയുടെ കീഴില്‍ അണിനിരത്തിയതിന്റെ പിന്നിലെ ശക്തി അദ്ദേഹമായിരുന്നു. തന്റെ രാഷ്ട്രീയാഭിപ്രായങ്ങളും വീക്ഷണങ്ങളും സമസ്തയുമായി യോജിക്കാതെ വന്നതോടെ സെക്രട്ടറിസ്ഥാനം രാജി വെച്ചു. പിന്നീടുള്ള പ്രവര്‍ത്തനം അതിനെതിരെയായിരുന്നു.
കേരള സംസ്ഥാന മുസ്‌ലിം മജ്‌ലിസിന്റെ പ്രവര്‍ത്തന സമിതിയംഗവും കോഴിക്കോട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. മുസ്‌ലിം മജ്‌ലിസിനെ രാഷ്ട്രീയവേദിയെന്നപോലെ ഉല്‍പതിഷ്ണുക്കളുടെ പ്രസ്ഥാനമാക്കി മാറ്റുന്നതിലും നിര്‍ണായകമായ പങ്കു വഹിച്ചു.
കടവിന്റകത്തു മാളിയക്കല്‍ മൊയ്തീന്‍കോയയുടെ മകള്‍ ഫാത്തിമാബിയാണ് ആദ്യഭാര്യ. 1921 ലായിരുന്നു വിവാഹം. വരനായി ഭാര്യാഗൃഹത്തിലേക്ക് പോകുമ്പോഴും ഖദര്‍ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അക്കാലത്ത് അതൊരു കൗതുക കാഴ്ചയായിരുന്നു. പി.എം. കുഞ്ഞമ്മദ് കോയ (കോയ ബസാറിലെ കച്ചവടക്കാരന്‍) പി.എം. മൊയ്തീന്‍ കോയ (റിട്ടയര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍) എം.എസ്.എസ്. മുന്‍ സെക്രട്ടറിയും ബിസിനസ്സുകാരനുമായ പി.എം. മുഹമ്മദ്‌കോയ എന്നീ പുത്രന്‍മാരും ഇമ്പിച്ചി പാത്തുമ്മബി, ഇമ്പിച്ചാമിനബി, ആയിശബി, കദീശബി എന്നീ പെണ്‍മക്കളും ആദ്യവിവാഹത്തിലെ സന്തതികളാണ്.
മലപ്പുറം അബ്ദുറഹിമാന്‍ നഗറിലെ അദ്ധ്യാപികയായ മുംതാസിനെ രണ്ടാമതായി വിവാഹം ചെയ്തു. ഇതിലുള്ള സന്താനങ്ങളാണ് കോയമ്പത്തൂര്‍ എയര്‍ ക്രാഫ്റ്റില്‍ ജോലി ചെയ്തിരുന്ന മഹ്മൂദും അധ്യാപികയായ പാറോല്‍ റുക്കിയ്യയും.
1954 ജൂലായ് 11 ാം തിയ്യതി 54 ാം വയസ്സില്‍ നിര്യാതനായി. ചേവായൂര്‍ കാഞ്ഞിരത്തില്‍ ജുമുഅത്ത് പള്ളിയങ്കണത്തില്‍ അന്ത്യവിശ്രമം,