ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി. ജമാഅത്തെ ഇസ്‌ലാമി പണ്ഡിത സഭയായ ഇത്തിഹാദുല്‍ ഉലമ കേരളയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.
മണിശ്ശേരി വീരാന്‍ കുട്ടി ആച്ചുമ്മ ദമ്പതികളുടെ മകനായി 1941-ല്‍ മലപ്പുറം ജില്ലയിലെ മൊറയൂരിലാണ് ജനനം. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, മധുര കാമരാജ് യൂണിവേഴ്‌സിറ്റി, ഖത്തര്‍ അല്‍ മഅ്ഹദുദ്ദീനി എന്നിവിടങ്ങളിലായിരുന്ന പഠനം. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഖുര്‍ആന്‍, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ സവിശേഷ പഠനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ആലിയ അറബിക് കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജ്, കുറ്റ്യാടി ഇസ്‌ലാമിയ കോളജ്, ശാന്തപുരം അല്‍ ജാമിഅല്‍ ഇസ്‌ലാമിയ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കുറച്ച് കാലം പ്രബോധനം വാരികയിലും സേവനമനുഷ്ഠിച്ചു.
ഖത്തറിലെ മഅ്ഹദുദ്ദീനിയില്‍ പഠിച്ച കാലത്ത് പണ്ഡിതന്‍മാരും നേതാക്കളുമായ ശൈഖ് യൂസുഫുല്‍ ഖറദാവി, ശൈഖ് അലി ജമ്മാസ്, അബ്ദുല്ലത്വീഫ് സായിദ് തുടങ്ങിയവര്‍ തുടങ്ങിയവരുടെ ശിഷ്യത്വം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. പഠന ശേഷം ഖത്തറിലെ സുഊദി അറേബ്യന്‍ എംബസിയില്‍ ദീര്‍ഘ കാലം ജോലി ചെയ്തു. മലയാള പ്രസിദ്ധീകരണങ്ങളുടെ സെന്‍സര്‍ഷിപ്പ് ജോലിയും ചെയ്തിരുന്നു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സ്ഥാപകാംഗം, അതിന്റെ തന്നെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ശരീഅ മര്‍ക്കസ് കൗണ്‍സില്‍ മെമ്പര്‍, ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ പത്രമാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കുന്ന സമിതിയംഗം, ഇത്തിഹാദുല്‍ ഉലമാ കേരള പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സംഘടന അംഗമായിരുന്ന സലീം മൗലവി, നിരവധി ആനുകാലികങ്ങളില്‍ അറബിയിലും മലയാളത്തിലും സ്ഥിരമായി എഴുതിയിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ വിവര്‍ത്തനത്തിലും പങ്കാളിയായിട്ടുണ്ട്.
'ജമാഅത്തെ ഇസ്‌ലാമി: സംശയങ്ങളും മറുപടിയും', 'ജിന്നും ജിന്നുബാധയും', മഹ്ദി എന്ന മിഥ്യ, ഏകദൈവ വിശ്വാസം (വിവര്‍ത്തനം) എന്നിവയാണ് കൃതികള്‍.
ഭാര്യമാര്‍: സഫിയ, ആഇശ ബീവി. മക്കള്‍: സുമയ്യ, മുനാ, അസ്മ, സാജിദ, യാസ്മിന്‍, സുഹൈല, ബനാന്‍, ഉസാമ, അനസ്, യാസിര്‍, അര്‍വ.
2023 ആഗസ്ത് 23 ന് മരണപ്പെട്ടു.