Skip to main content

എന്‍ പി അബ്ദുല്‍ ഖാദിര്‍ മൗലവി

അനന്യസാധാരണമായ വാക്ചാതുരിയും വിസ്മയം ജനിപ്പിക്കുന്ന സ്വഭാവമഹിമയും കരുത്തുറ്റ നേതൃപാടവവും ഒത്തിണങ്ങിയ ഇസ്വ്‌ലാഹി പണ്ഡിതനായിരുന്നു എന്‍ പി അബ്ദുല്‍ ഖാദിര്‍ മൗലവി.

1947 ആഗസ്ത് 16ന് കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ നീളപറമ്പില്‍ ഇമ്പിച്ചി അലിയുടെയും ഉമ്മാച്ചുവിന്റെയും ഏഴു മക്കളില്‍ ഇളയവനായി ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം അധികമൊന്നും നേടാന്‍ കഴിയാത്ത സാമൂഹിക ചുറ്റുപാടില്‍ പള്ളിദര്‍സായിരുന്നു വിദ്യാകേന്ദ്രമായി തെരഞ്ഞെടുത്തത്. പൂനൂര്‍, കൊടുവള്ളി തുടങ്ങിയ പ്രമുഖ ദര്‍സുകളിലായിരുന്നു മുഖ്യപഠനം. പൂനൂര്‍ കുഞ്ഞി ഇബ്‌റാഹീം മുസ്‌ല്യാരായിരുന്നു ആദ്യകാലത്തെ പ്രധാന ഗുരുനാഥന്‍.

ദര്‍സ് പഠനം കഴിഞ്ഞ് പ്രത്ഭനായ ഒരു പ്രസംഗകനായി സുന്നി സ്റ്റേജുകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. മാലമൗലീദുകള്‍ ഏതാണ്ട് മുഴുവന്‍ മനഃപാഠമായിരുന്നതിനാല്‍ അതെല്ലാം ഈണത്തില്‍ ചൊല്ലി പ്രസംഗം ആകര്‍ഷകമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കൊടുവള്ളി ദര്‍സില്‍ പഠിക്കുന്ന കാലത്താണ് രണ്ടാം പൂനൂര്‍ വാദപ്രതിവാദം നടന്നത്. മറുപക്ഷത്തെ ശക്തനായ വക്താവായിരുന്നെങ്കിലും മുജാഹിദ് പ്രസ്ഥാനത്തെപ്പറ്റിയും അതുള്‍ക്കൊള്ളുന്ന ആശയങ്ങളെപ്പറ്റിയും കൂടുതല്‍ പഠിക്കാന്‍ പൂനൂര്‍ വാദപ്രതിവാതം ഒരു നിമിത്തമായിത്തീര്‍ന്നു.

ദര്‍സ് പഠനം കഴിഞ്ഞപ്പോള്‍ അദ്ദേഹം വയനാട്ടിലെ ഒരു പള്ളിയില്‍ ഖാദിയായി നിയമിക്കപ്പെട്ടു. കെ ജെ യു അധ്യക്ഷനായിരുന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ ഒരു മതപ്രസംഗം അവിടെ നടക്കാനിടയായി. പ്രസംഗം അവസാനിക്കാറായപ്പോള്‍ സ്ഥലം ഖാദിയായ എന്‍ പി കുറേ ചോദ്യങ്ങളുമായി നേരെ സ്റ്റേജിലേക്ക് കയറിച്ചെന്നു. എന്‍ പി യുടെ ചോദ്യങ്ങള്‍ക്കെല്ലാം പല ഗ്രന്ഥങ്ങളും ഉദ്ധരിച്ച് ശൈഖ് മൗലവി വ്യക്തമായ ഉത്തരം നല്കി. ശൈഖ് മൗലവി പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് കിതാബുകള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം കണ്ടെത്തി. മറുപടി 'സത്യം' നിങ്ങളുടെ ഭാഗത്താണെന്നായിരുന്നു. പിന്നീട് ഖാദിസ്ഥാനം രാജിവെച്ച് ശൈഖ് മൗലവിയുടെ നാടായ ഉഗ്രപുരത്തേക്ക് അദ്ദേഹത്തോടൊപ്പം യാത്രയായി.

എന്‍ പി എന്ന ഇസ്വ്‌ലാഹീ നവാഗതന്‍ ഉഗ്രപുരം മുജാഹിദ് പള്ളിയില്‍ ഖതീബായും മദ്‌റസയില്‍ അധ്യാപകനായും ചേര്‍ന്നു. ശൈഖ് മൗലവിയും എന്‍ പിയും ഗുരുവും ശിഷ്യനും പിതാവും പുത്രനുമെന്ന പോലെ അവിടെ ജീവിച്ചു. ഒരു നിഴലുപോലെ ശൈഖിനെ അദ്ദേഹം പിന്തുടരുകയും ചെയ്തു.

അന്ന് സുല്ലമുസ്സലാം അറബിക് കോളജ് പ്രിന്‍സിപ്പലായിരുന്നു ശൈഖ് മൗലവി. അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരം ഒഴിവ് സമയങ്ങളില്‍ എന്‍ പി അവിടെ ക്ലാസ്സില്‍ വന്നിരിക്കുമായിരുന്നു. എ പി അബ്ദുല്‍ ഖാദിര്‍ മൗലവി അവിടെ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കാലമായിരുന്നു അത്. അവിടം മുതല്‍ ഇണ പിരിയാത്ത കൂട്ടുകാരും സഹ പ്രവര്‍ത്തകരുമായി മരണം വരെ എന്‍ പി, എ പി യോടൊപ്പം പ്രവര്‍ത്തിച്ചു.

എന്‍ പിയുടെ നേതൃത്വത്തില്‍ തെക്കന്‍ കേരളത്തില്‍ ഇസ്വ്‌ലാഹി സന്ദേശം വേരുറപ്പിച്ചു. എറണാകുളം പുല്ലേപ്പടി ദാറുല്‍ഉലും കേന്ദ്രീകരിച്ച്. കോയമ്പത്തൂരിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. തലശ്ശേരിയിലും മംഗലാപുരത്തും ഉത്തര കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രസ്ഥാന വളര്‍ച്ചക്ക് എന്‍ പി ചെയ്ത സേവനങ്ങള്‍ പ്രധാനമാണ്. തലശ്ശേരിയില്‍ ഇന്ന് കാണുന്ന മാറ്റത്തില്‍ എന്‍ പി യുടെ പങ്ക് വളരെ വലുതാണ്.
ദാറുല്‍ ഇഫ്തയുടെ ക്ഷണപ്രകാരമുള്ള ഹജ്ജ് യാത്രക്കായി 1978ല്‍ ഉമര്‍ മൗലവി, എ പി അബ്ദുല്‍ ഖാദിര്‍ മൗലവി എന്നിവരോടൊത്ത് അദ്ദേഹം സുഊദി അറേബ്യയില്‍ പര്യടനം നടത്തി. ദാറുല്‍ ഇഫ്തയുടെ പ്രതിനിധിയായി അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു. നാട്ടില്‍ തിരിച്ചെത്തിയ എന്‍.പി എടവണ്ണ ജാമിഅ നദവിയ്യയില്‍ അധ്യാപകനായി ചേര്‍ന്നു. 1978 മുതല്‍ 1999ല്‍ മരിക്കുന്നത് വരെ അദ്ദേഹം ജാമിഅയുടെ ശക്തി സ്രോതസ്സുകളില്‍ ഒരാളായി വര്‍ത്തിച്ചു. 

എ പി അബ്ദുല്‍ ഖാദിര്‍ മൗലവിക്ക് ശേഷം ജാമിഅയുടെ പ്രിന്‍സിപ്പല്‍ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. വലിയൊരു വിദ്യാഭ്യാസ സമുച്ചയമായി എടവണ്ണ സലാഹ് നഗറിനെ പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തക സമിതി അംഗം. കെ എന്‍ എം സംസ്ഥാന കൗണ്‍സിലര്‍, മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, മോങ്ങം വനിതാ കോളേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അന്ത്യം.

ദര്‍സ് വിദ്യാഭ്യാസത്തിന് പുറമെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമ ബിരുദവും അലിഗര്‍ യൂനിവേഴ്‌സിറ്റിയുടെ എം എ(അറബിക്) ഡിഗ്രിയും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.  പൂക്കോട്ടുര്‍ ഗവ. സ്‌കൂള്‍ അധ്യാപികയായിരുന്ന പി പി ആസ്യയാണ് ഭാര്യ. അഞ്ചു മക്കള്‍: അഹ്മദ് നസീം, നജീബ, അനീസ്, ശമീമ, ഹിശാം. മോങ്ങം.
 

Feedback