വെല്ലൂരില്‍ നിന്നും തിരിച്ചെത്തിയ കാലം. ഒരു വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇമാമിന്റെ പ്രാര്‍ഥനക്കായി കാതോര്‍ത്തിരുന്ന സദസ്സിനു മുമ്പാകെ എം ടി അബ്ദുറഹ്മാന്‍ എന്ന യുവാവ് സ്ഫുടമായ മലയാളത്തില്‍ വികാരോജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഖുത്വുബ ഒരാളും നമസ്‌കാരത്തിന് നേതൃത്വം (ഇമാമത്ത്) മറ്റൊരാളും നിര്‍വഹിക്കുകയെന്ന സമ്പ്രദായമായിരുന്നു അപ്പോള്‍ പള്ളിയില്‍ തുടര്‍ന്നിരുന്നത്. ഇതിന്നെതിരിലുള്ള അതിശക്തമായ രോഷപ്രകടനമായിരുന്നു പ്രസംഗം. ഉസ്താദായ കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാരടക്കമുള്ള സദസ്യരില്‍ ആരും തന്നെ ആ ചെറുപ്പക്കാരനെ പിന്തിരിപ്പിക്കാന്‍ ധൈര്യപ്പെട്ടില്ല. പിന്നീട് ആ സമ്പ്രദായം പള്ളിയില്‍നിന്നും എടുത്തുമാറ്റപ്പെട്ടു. വാഴക്കാട് ജുമാഅത്ത് പള്ളിയിലെ സാമ്പ്രദായികാചാരത്തിന്റെ ഒരു പൊളിച്ചെഴുത്തായിരുന്നു അത്.
ഇസ്വ്‌ലാഹി ആദര്‍ശ പ്രചാരണ രംഗത്ത് ആവേശോജ്ജ്വലമായ സേവനങ്ങളുടെ കഥകളുള്ള എം ടി അബ്ദുറഹ്മാന്‍ മൗലവി 1919 ജുലായ് 1ന് മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമത്തില്‍ ജനിച്ചു. വാഴക്കാട് ജുമുഅത്തു പള്ളി ഖാദിയായിരുന്ന മുസ്‌ല്യാരകത്ത് തോട്ടത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെയും വാഴക്കാട് തോട്ടത്തില്‍ അഹ്മദ് ഹാജിയുടെ മകള്‍ ആഇശയുടെയും മകനാണ് എം ടി അബ്ദുറഹ്മാന്‍.
കുഞ്ഞഹമ്മദ് ഹാജി പൊന്നാനി മഖ്ദും പരമ്പരയില്‍പെട്ട പണ്ഡിതനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയ എം ടി അബ്ദുറഹ്മാന്‍ പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠനം നടത്തി പ്രസിദ്ധ പണ്ഡിതന്മാരായ ഖുത്വുബി മുഹമ്മദ് മുസ്‌ല്യാര്‍, പള്ളിപ്പുറം അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ഉപരിപഠനത്തിന്ന് ചേര്‍ന്നു. 1944-ല്‍ ഒന്നാം ക്ലാസ്സോടെ എം എഫ് ബി ബിരുദം കരസ്ഥമാക്കി. ഇതേയവസരത്തില്‍ തന്നെ പ്രൈവറ്റായി മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്ദല്‍ ഉലമ പ്രിലിമിനറി പരീക്ഷയും ജയിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ അദ്ദേഹം പട്ടാമ്പി സംസ്‌കൃത കോളജില്‍ നിന്നും അഫ്ദല്‍ഉല്‍ ഉലമ പ്രൈവറ്റായി എഴുതി ജയിച്ചു.
പ്രമുഖ ഇസ്വ്‌ലാഹീ പണ്ഡിതരായിരുന്ന ശൈഖ് മുഹമ്മദ് മൗലവി, കെ സി അലവി മൗലവി, അബുസ്സലാഹ് മൗലവി, എം ആലിക്കുട്ടി മൗലവി, ചേന്ദമംഗല്ലൂര്‍ മുഹമ്മദ് മൗലവി എന്നിവര്‍ മൗലവിയുടെ സഹപാഠികളാണ്. വാഴക്കാട് ദാറുല്‍ ഉലുമിലെ അധ്യാപകനായി എം ടി നിയമിക്കപ്പെട്ടു. എം സി സി അബ്ദുറഹ്മാന്‍ മൗലവിയായിരുന്നു അന്ന് ദാറുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പല്‍. പി സെയ്ദ് മൗലവി, കെ പി മുഹമ്മദ് മൗലവി, കെ എന്‍ ഇബ്‌റാഹീം മൗലവി, മുഹ്‌യിദ്ദീന്‍ ആലുവായ്, എന്‍ കെ അഹ്മദ് മൗലവി, കെ മൊയ്തു മൗലവി തുടങ്ങിയവര്‍ അന്ന്അവിടെ വിദ്യാര്‍ഥികളായിരുന്നു. ഇവരെല്ലാം എം ടിയുടെ പ്രമുഖ ശിഷ്യരില്‍പെട്ടവരാണ്.
തുടര്‍ന്ന് ദാറുല്‍ ഉലൂമില്‍ ഇരുപത് ദിവസം തുടര്‍ച്ചയായി നടത്തിയ സുദീര്‍ഘമായ പ്രഭാഷണ പരമ്പര സാധാരണക്കാരിലേക്ക് ഇസ്വ്‌ലാഹീ ആദര്‍ശമെത്തിക്കാന്‍ അവസരമൊരുക്കി. പ്രദേശവാസികളില്‍ എം ടിയുടെ പ്രഭാഷണങ്ങള്‍ ഏറെ ചലനങ്ങളുണ്ടാക്കി. 1963 കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ ഖണ്ഡനപ്രഭാഷണം അവസാനം വാദപ്രതിവാദത്തിലുമെത്തി. കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാര്‍ തുടങ്ങി പല പ്രഗത്ഭ സുന്നീ പണ്ഡിതന്മാരും മറുഭാഗത്ത് അണിനിരന്നെങ്കിലുംഎം ടിയുടെ കൂര്‍മബുദ്ധിക്കും യുക്തിവൈഭവത്തിനും ഖുര്‍ആന്‍, ഹദീസ്, മദ്ഹബ് കിതാബുകളിലുള്ളഅഗാധ പാണ്ഡിത്യത്തിനും മുമ്പില്‍ അടിയറവ് പറയുകയായിരുന്നു.
ദാറുല്‍ ഉലൂമിലെ നാലു വര്‍ഷത്തെ സേവനത്തിനുശേഷം തന്റെ പ്രവര്‍ത്തനകേന്ദ്രം തെക്കന്‍ കേരളത്തിലേക്ക് അദ്ദേഹം പറിച്ചുനട്ടു. ചങ്ങനാശ്ശേരിയിലെ ഹിദായത്തുല്‍ അനാം അറബിക് കോളെജില്‍ പ്രിന്‍സിപ്പലായി ചേര്‍ന്നു. തിരുവിതാംകൂറിലെ പ്രഥമ അന്തേവാസികളുടെ ട്രാവന്‍കൂര്‍ മുസ്‌ലിം ഓര്‍ഫനേജ് സ്ഥാപിച്ചു. പിന്നീട് പിതാവ് മരണപ്പെട്ടതോടെകോഴിക്കോട് ജെ ഡി ടി ഇസ്‌ലാമില്‍ അധ്യാപകനായി ചേര്‍ന്നു. ജെ ഡി ടിയില്‍ അധ്യാപകനായിരിക്കെ ജെ ഡി ടിയുടെപരിഷ്‌കരണ സംരംഭങ്ങളില്‍ മതപരമായ നേതൃത്വം അദ്ദേഹം നല്കിയിരുന്നു. 1921ല്‍ മലബാര്‍ ലഹളമൂലം സംഭവിച്ച ഭീഷണകരമായ സാമുദായികാവസ്ഥ പരിഹരിക്കാനും കൊല്ലപ്പെട്ടവരുടെ യതീമുകളായ മക്കളെ സംരക്ഷിക്കാനുമായിരുന്നു അഹ്‌ലേ ഹദീസ് നേതാക്കളായ ഖുസൂരി കുടുംബം ജെ ഡി ടി ഇസ്‌ലാം സ്ഥാപിച്ചത്.
ജെ ഡി ടിയിലെസേവനത്തിനുശേഷം കൊച്ചിയിലെ എടവനക്കാട് ഇര്‍ശാദിയ്യ മദ്‌റസയില്‍ പത്തുവര്‍ഷക്കാലം പ്രധാനാധ്യപകനായി അദ്ദേഹം സേവനം ചെയ്തു. പിന്നീട് കാസറഗോഡ് അലിയ്യ അറബിക് കോളജില്‍ പ്രധാനാധ്യാപകനായി. അക്കാലത്ത് ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെയും മറ്റും വേദികളില്‍ സ്ഥിരം പ്രഭാഷകനായിരുന്നു അദ്ദേഹം. വേദി ഏതായിരുന്നാലും തന്റെ വിശ്വാസവും ആദര്‍ശവും വ്യക്തമാക്കുന്നതില്‍ ഒട്ടും വൈമനസ്യം അദ്ദേഹം കാണിച്ചിരുന്നില്ല.
ഒരിക്കല്‍ പ്രസിദ്ധമായ ആലുവാ മണപ്പുറത്ത് മൂന്നു ദിവസത്തെ പ്രഭാഷണ പരിപാടിക്ക് ക്ഷണിക്കപ്പെട്ട അദ്ദേഹത്തിന് ശ്രോതാക്കളുടെ അഭ്യര്‍ഥനമാനിച്ച് ആഴ്ചകളോളം പ്രഭാഷണപരമ്പര തുടരേണ്ടിവരികയുണ്ടായി. കൊച്ചിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'അല്‍ഫാറൂഖ്' മാസികയില്‍ നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. 'ജുമുഅ ഖുത്വുബ മദ്ഹബുകളില്‍' എന്നതാണ് മുഖ്യരചന. 'സ്ത്രീകളും ജമാഅത്തു നമസ്‌കാരങ്ങളും' എന്ന അപ്രകാശിത ഗ്രന്ഥവും രചനയില്‍ പെടുന്നു.
മുസ്‌ല്യാരകത്ത് പറമ്പില്‍ മറിയുമ്മയാണ് ഭാര്യ. അബ്ദുറഊഫ്, ഇനായത്തുല്ല, അബ്ദുല്‍ ജലീല്‍, നസ്‌റുല്ല എന്നിവര്‍ മക്കളും എം ടി അഹ്മദ് മൗലവി, എം ടി അബ്ദുറഹീം, എം ടി അബ്ദുല്ല മൗലവി, എം ടി അബ്ദുസ്സമദ് മൗലവി, എം ടി അബ്ദുല്‍ കരീം എന്നിവര്‍ സഹോദരങ്ങളുമാണ്.
2009ല്‍ അന്തരിച്ചു.