കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ യുവജനനിര കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ പ്രമുഖനാണ് കെ വി മൂസ സുല്ലമി. 1944ല്‍ മലപ്പുറം ജില്ലയിലെ കീഴ്പറമ്പ് ഗ്രാമപഞ്ചായത്തില്‍പെട്ട കുനിയില്‍ ജനനം. പൗര പ്രമുഖനായിരുന്ന കെ വി അബ്ദുറഹ്മാന്‍ കുട്ടി ഹാജിയുടെയും ഫാത്വിമക്കുട്ടിയുടെയും പതിനൊന്ന് മക്കളിലെ ആദ്യപുത്രന്‍. കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയിലായിരുന്നു പ്രാഥമിക പഠനം. 1961 മുതല്‍ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജില്‍ ചേര്‍ന്നു. 1966ല്‍ അഫ്ദലുല്‍ ഉലമാ ബിരുദം നേടി.
കുനിയില്‍ പ്രദേശത്തെ വിദ്യാനികേതനമായ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജായിരുന്നു പ്രഥമ തട്ടകം. രണ്ട് വര്‍ഷത്തിന് ശേഷം 1968ല്‍ പത്തനാപുരം യു പി സ്‌കൂളില്‍ അറബി അധ്യാപകനായി. മരിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും വിരമിച്ചിരുന്നില്ല.
1947ല്‍ തന്റെ ജന്മനാട്ടില്‍ രൂപീകൃതമായ ഹുമാത്തുല്‍ ഇസ്‌ലാം സംഘമായിരുന്നു കെ വിയുടെ ആദ്യത്തെ പ്രവര്‍ത്തനകേന്ദ്രം. സംഘടനാ ബോധവും ആദര്‍ശവീര്യവും എന്തും നേരിടാനുള്ള കെല്പും കെ വി യുടെപര്യായപദങ്ങളായിരുന്നു. 1966 സെപ്തംബര്‍ 17ന് കോഴിക്കോട് മിശ്കാത്തുല്‍ ഹുദാ മദ്‌റസയില്‍ ചേര്‍ന്ന ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) രൂപീകരണ യോഗത്തില്‍ കെ വി പ്രവര്‍ത്തക സമിതി അംഗമായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞ് 1970ല്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഐ എസ് എമ്മിന്ന് കൂടുതല്‍ ഉണര്‍വ് നേടാന്‍ അദ്ദേഹത്തിന്റെ കാലത്ത് സാധിച്ചിരുന്നു.
1970 മുതല്‍ 1975 വരെയും 1978 മുതല്‍ 1982 വരെയുമാണ് കെ വി ഐ.എസ്.എം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഐ.എസ്.എമ്മിന്റെ മുഖപത്രം 'ശബാബ്' 1974ലാണ് പാക്ഷികമായി പ്രസിദ്ധീകരണമാരംഭിച്ചത്. 1982ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുമ്പോള്‍ 320 ശാഖകളിലായി ഐ.എസ്.എം എന്ന യുവജന സംഘടന വളര്‍ന്നു പന്തലിച്ചിരുന്നു.
അഗതികള്‍ക്ക് അത്താണിയായിരുന്ന കെ.വി അരീക്കോട് കേന്ദ്രമായി രൂപീകരിച്ചിരുന്ന 'നിച്ച് ഓഫ് ട്രുത്ത്' ന്റെ ഡയരക്‌റായി ഏറെക്കാലം ശ്രേദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആരും സംരക്ഷിക്കാനില്ലാത്തവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി താമസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ്സ്ഥാനാര്‍ഥിയായി വാര്‍ഡുമെമ്പറായ അദ്ദേഹം 1991-96 കാലഘട്ടത്തില്‍ കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റായി.
മുജാഹിദ് സമ്മേളനങ്ങളില്‍ എന്നും പന്തല്‍ നിര്‍മാണത്തിന്റെ ചുമതകള്‍ അദ്ദേഹത്തിനായിരുന്നു. 1987 കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്ക പ്പെട്ടതോടെ കെ വിക്കു വിശ്രമിക്കാന്‍ സമയമില്ലാതായി. ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഖാദിര്‍ മൗലവി 1996ല്‍ ഹജ്ജിനു പോയപ്പോള്‍ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്കിയത് കെ വിക്കായിരുന്നു. ആ ചുമതലയില്‍ ഇരുന്നു കൊണ്ടുതന്നെയാണ് അദ്ദേഹം മരിച്ചത്. ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. വേണ്ടത്ര സൗകര്യങ്ങളുള്ള ഒരു വീടുപോലും ഉണ്ടായിരുന്നില്ല. പക്ഷേ പലര്‍ക്കും വീട് നിര്‍മിച്ച് നല്കാന്‍ അദ്ദേഹം ഉത്സാഹം കാട്ടി.
1996 മെയ് 17ന് അദ്ദേഹം അന്തരിച്ചു. ഊര്‍ങ്ങാട്ടിരിയിലെ ആമിനയാണ് ഭാര്യ. ഹസീന, ഹബീബ്, മെഹ്ബൂബ് എന്നിവര്‍ മക്കളാണ്.