1939ല്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 1941ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വാര്‍ പ്രോപ്പഗേറ്ററായിരുന്നു പി വി മുഹമ്മദ് മൗലവി എന്ന അബൂ ലൈല. മദ്രാസ് റജിമെന്റ് ആര്‍മിയില്‍ രണ്ടര വര്‍ഷത്തോളം ജോലി ചെയ്ത അദ്ദേഹം അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസ് സൂപ്രണ്ടായി. യുദ്ധാനന്തരം വെള്ളക്കാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പി വി ജോലി രാജിവെച്ചു. 1945 ല്‍ നാട്ടിലേക്ക് തിരിച്ച അദ്ദേഹം തിരൂരങ്ങാടിയില്‍ നൂറുല്‍ ഇസ്‌ലാം മദ്രസയിലെ പ്രധാന അധ്യാപകനായി ജോലി ഏറ്റെടുത്തു. മതപണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍, കവി, സാഹിത്യപ്രവര്‍ത്തകന്‍, പത്രാധിപര്‍, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച വ്യക്തിയാണ് അബു ലൈല പി.വി. മുഹമ്മദ് മൗലവി.
പി വിക്ക് സമശീര്‍ഷകനായി മറ്റൊരു അറബി കവിയും കേരളത്തില്‍ ജന്‍മമെടുത്തിട്ടില്ല. തുളച്ചു കയറുന്നവയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ബഹുഭാഷാ പണ്ഡിതനായിരുന്ന പി വി വിവിധ ഭാഷകളില്‍ കവിതകളും ലേഖനങ്ങളെഴുതി. മഹാകവി കുമാരനാശാന്റെ 'വീണപൂവ്' അറബി ഭാഷയില്‍ പദ്യരീതിയില്‍ വിവര്‍ത്തനം ചെയ്ത നന്‍മണ്ട അബൂബക്കര്‍ മൗലവി ഒരിക്കല്‍ പറഞ്ഞു. കേരളത്തില്‍ ധാരാളം പേര്‍ കവിത എഴുതാറുണ്ടെങ്കിലും കവിത്വമുള്ള ഒരേയൊരു കവി അബൂ ലൈലയാണെന്ന്.
കവിത പാക് പാര്‍ലമെന്റിലും
സ്‌നേഹിക്കുന്ന കാര്യങ്ങളെ പ്രശംസിക്കാനും ചീത്തയെന്ന് തോന്നുന്ന കാര്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മടി കാണിച്ചില്ല. വിലാപ കാവ്യങ്ങള്‍, അനുമോദനാശംസകള്‍, പരിഹാസ കാവ്യങ്ങള്‍, വിമര്‍ശന കാവ്യങ്ങള്‍ തുടങ്ങി കവിതയുടെ എല്ലാ മേഖലകളിലും അബൂലൈല വിഹരിച്ചിട്ടുണ്ട്. പാകിസ്താന്‍ സ്ഥാപകന്‍ മൗലാന മുഹമ്മദലി ജിന്നയുടെ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് എഴുതിയ സുദീര്‍ഘമായ കവിത ഒരു കാലഘട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. പാകിസ്താന്‍ സര്‍ക്കാറിന്റെ പാരിതോഷികം നേടിയ ഈ കവിത പാക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. സൈനിക സേവനത്തിനായി പോകുമ്പോള്‍ തീവണ്ടിയില്‍ വെച്ച് ആത്മ സുഹൃത്ത് അബൂസല്‍മ കെ കെ എം ജമാലുദ്ദീന്‍ മൗലവിക്ക് എഴുതിയ 'ലൗഅതുല്‍ ഫിറാഖ് (വിരഹ വേദന) എന്ന കവിതയില്‍ വിരഹദുഃഖം വളരെ വൈകാരികമായി അവതരിക്കുന്നതോടൊപ്പം തന്നെ ജീവിത വിജയത്തിന് ചുറ്റുപാടുകളില്‍ നിന്നുള്ള നിരന്തരമായ മാറ്റം അനിവാര്യമാണെന്ന് കൂടി ഉണര്‍ത്തുന്നുണ്ട് കവി.
1941ലെ കൊടുങ്കാറ്റിനെ കുറിച്ച് എഴുതിയ 'ആസ്വിഫ്' എന്ന കവിതയില്‍ അതിന്റെ ഭീകരതയും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളും പ്രതിപാദിക്കുന്നതോടെ പ്രകൃതി നിയമങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളെ കുറിച്ചും ജനം പാഠമുള്‍കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉണര്‍ത്തുന്നുണ്ട്.
1935ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടിയില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'അല്‍ മുര്‍ശിദ്' അറബി മലയാള മാസികയുടെ പത്രാധിപ സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു. സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ടുള്ള പഠനാര്‍ഹങ്ങളായ ലേഖനങ്ങളും വിവര്‍ത്തനങ്ങളും അറബിക്കവിതകളും കൊണ്ട് അല്‍ മുര്‍ശിദിന്റെ താളുകളെ അദ്ദേഹം സമ്പന്നമാക്കി. മുസ്‌ലിംകളും ശാസ്ത്ര പഠനവും, അധ്വാനം, ഖുര്‍ആനും ആധുനിക ശാസ്ത്രങ്ങളും തുടങ്ങിയ അദ്ദേഹത്തിന്റെ ലേഖന പരമ്പരകള്‍ വായനക്കാരെ ഏറെ ആകര്‍ഷിച്ചവയായിരുന്നു.
1937ല്‍ അദ്ദേഹം ചാലിയം സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം സജീവ രാഷ്ട്രീയ പത്രപ്രവര്‍ത്തനങ്ങളില്‍ മുഴുകി. തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ചന്ദ്രിക' ദിനപത്രത്തിന്റെ സഹ പത്രാധിപരായും മാനേജറായും അദ്ദേഹം പ്രവര്‍ത്തിച്ചു. തന്റെ ശക്തമായ തൂലിക കൊണ്ട് അദ്ദേഹം സമുദായത്തേയും ചന്ദ്രികയേയും പ്രതിരോധിച്ചു. ദേശീയ പത്രങ്ങളുടെ ഇരട്ട മുഖങ്ങളെ പി വി തന്റെ ശക്തമായ ലേഖനങ്ങളിലൂടെ വലിച്ചുകീറി. പിന്നീട് 1945ല്‍ ജോലി രാജിവച്ച് തിരിച്ചെത്തി. പുനഃപ്രസിദ്ധീകരണമാരംഭിച്ച 'അല്‍ മുര്‍ശിദി'ന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും തീരൂരങ്ങാടി യതീംഖാനയുടെ സര്‍വതോന്‍മുഖമായ പുരോഗതിയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
പുളിക്കല്‍ പേരുകേട്ട കുടുംബമായ പേഴംകാട്ടില്‍ തറവാട്ടില്‍ പരേതനായ വാലഞ്ചേരി ബീരാന്‍ സാഹിബിന്റെയും അപ്പിടിയന്‍ ഖദീജ സാഹിബിന്റെയും പുത്രനായി 1913ല്‍ ജനനം. പിതൃവ്യനും പണ്ഡിതനുമായിരുന്ന പി പി ഉണ്ണീന്‍കുട്ടി മൗലവിയില്‍ നിന്ന് പ്രാഥമിക മതപഠനങ്ങള്‍ അഭ്യസിച്ചു. പുളിക്കല്‍ മദ്രസതുല്‍ മുനവ്വറയാണ് പ്രഥമ പഠനകേന്ദ്രം.
പ്രസംഗത്തിനു തുടക്കം ഐക്യസംഘം സമ്മേളനത്തില്‍
കേരള മുസ്‌ലിം സംഘടിത പ്രസ്ഥാനത്തിന്റെ ആദ്യ രൂപമായ 'കേരള മുസ്‌ലിം ഐക്യസംഘ'ത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് നടക്കുമ്പോള്‍ അദ്ദേഹം മദ്രസത്തുല്‍ മുഹമ്മദിയ്യയിലെ വിദ്യാര്‍ഥിയായിരുന്നു. തന്റെ പ്രസംഗ ചാതുര്യം പ്രകടിപ്പിക്കാനുള്ള നല്ല അവസരം ഇതാണെന്ന് മനസിലാക്കിയ പി വി സംഘാടകരുടെ മുമ്പില്‍ തന്റെ ആഗഹം അറിയിച്ചു. പി വിയുടെ ധൈര്യവും ആവേശവും കണ്ട് സംഘാടകര്‍ ആ ബാലനു പ്രസംഗാനുമതി നല്‍കി. ഐക്യ സംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗം പി വിയെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. ഡബിള്‍ പ്രമോഷനാവുകയും ചെയ്തു. പി വിയുടെ സര്‍ഗ്ഗാത്മക കഴിവ് കണ്ടറിഞ്ഞ ഐക്യ സംഘം ജനറല്‍ സെക്രട്ടറി മണപ്പാട് കുഞ്ഞഹമ്മദ് ഹാജി തുടര്‍പഠനത്തിനായി തന്റെ നാടായ കൊടുങ്ങല്ലൂര്‍ ഏറിയാട്ടേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. മണപ്പാടിന്റെ വസതിയായ ഐക്യവിലാസത്തില്‍ താമസിച്ചു കൊണ്ട് പി വി കൊടുങ്ങല്ലൂര്‍ ഏറിയാട് സ്‌കൂളില്‍ പഠനം തുടര്‍ന്നു. അതോടെ അവിടങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സ്ഥിരം പ്രാസംഗികനായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. പിന്നീട് ഏറിയാട് നിന്നും ആലുവയിലെത്തി. ബൃഹത്തായ ഗ്രന്ഥപാരായണമൊരുക്കിയത് ആലുവ ജീവതമാണ്. 1932 ല്‍ കോഴിക്കോട് ചാലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും പ്രൈവറ്റായി എഴുതി എസ്.എസ്.എല്‍.സി. പാസായി. 1932 ജൂലൈയില്‍ അദ്ദേഹം കോഴിക്കോട് അധ്യാപക പരിശീലന കേന്ദ്രത്തില്‍ ട്രൈയിനിംഗിനു ചേര്‍ന്നു. ട്രെയിനിംഗിനു ശേഷം ചാലിയം മദ്രസത്തുല്‍ മനാര്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപകനായി സേവനം ആരംഭിച്ചു.
നിരന്തരമായ യാത്ര പി വിക്ക് ഒരു ഹരമായിരുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കും ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കും അദ്ദേഹം നിരന്തരം സഞ്ചരിച്ചു. സ്വാതന്ത്ര്യാനന്തരം അദ്ദേഹം കറാച്ചിയിലേക്ക് യാത്രതിരിച്ചു.
കറാച്ചിയിലെ സൗദി എംബസിയില്‍ ഒരു ദ്വിഭാഷിയായി ജോലിയില്‍ പ്രവേശിച്ചു. അന്നത്തെ സൗദി അംബാസിഡര്‍ സയ്യിദ് അബ്ദുല്‍ ഹമീദ് ഖത്തിബ് ഒരു പ്രസിദ്ധ കവിയും സഹൃദയനുമായിരുന്നു. അവരുടെ ബന്ധം ശക്തമാവുകയും പി വി ഹിജാസിലേക്ക് പോകുകയും ചെയ്തു. ഹിജാസ് ജീവിതകാലത്തും അദ്ദേഹം നിരന്തരമെഴുതി നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ക്കയച്ചു കൊടുത്തു. ആരോഗ്യപരമായി പൊതുവെ ദുര്‍ബലനായിരുന്ന പി വിക്ക് ഹിജാസ് ജീവിതം പ്രയാസപൂര്‍ണമാകുകയും രോഗിയായി മാറുകയും ചെയ്തു. പാകിസ്താന്‍ അംബാസിഡറായിരുന്ന സത്താര്‍ സേട്ടു സാഹിബിന്റെ ഇടപെടലിനെ തുടര്‍ന്ന് പാകിസ്താന്‍ ആശുപത്രിയില്‍ പൂര്‍ണ്ണ ചികിത്സ ലഭിച്ചുവെങ്കിലും ആ കര്‍മ യോഗി തന്റെ 39ാം വയസില്‍ 1951 ജൂലൈ 18ാം തിയ്യതി റബ്ബിലേക്ക് യാത്രയായി.