ജീവിതവും മരണവും സമസ്തക്ക് വേണ്ടി മാറ്റിവെച്ച നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു നാട്ടിക വി. മൂസ മുസ്‌ലിയാര്‍.
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ എടയാട്ടൂരില്‍ 1952 ഏപ്രില്‍ 2ന് വെമ്പുള്ളി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനായിട്ടാണ് ജനനം. അറിവിന്റെ ബാലപാഠങ്ങള്‍ നാട്ടില്‍ നിന്നു തന്നെ അഭ്യസിച്ച മൂസ മുസ്‌ലിയാര്‍ ചെങ്ങര ജുമുഅത്ത് പള്ളിയില്‍ നിന്നും പൊന്നാനി മഉൗനതുല്‍ ഉലൂമില്‍ നിന്നും കൂടുതല്‍ വിജ്ഞാനം കരസ്ഥമാക്കി. നാട്ടിലെ ഔപചാരിക പഠനം കഴിഞ്ഞപ്പോള്‍ പുറത്തുള്ള സ്ഥാപനങ്ങളെയാണ് ഇദ്ദേഹം ലക്ഷ്യം വെച്ചത്. വെല്ലൂരിലെ ബാഖിയാതുസ്വാലിഹാതിലും ദയുബന്ദിലെ ദാറുല്‍ ഉലൂമിലും പഠിച്ച മൂസ മുസ്‌ലിയാര്‍ അഫ്‌സലുല്‍ ഉലമ ബിരുദവും കരസ്ഥമാക്കി.
പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജോലിചെയ്തു. താന്‍ പഠനം നടത്തിയ പൊന്നാനി മഊനതുല്‍ ഇസ്‌ലാമില്‍ തന്നെയാണ് ആദ്യമായി ജോലിക്ക് കയറിയത്. തുടര്‍ന്ന് ചേന്ദമംഗല്ലൂര്‍ സുന്നിയ്യയില്‍ അധ്യാപകനായും നാട്ടിക ജുമാ മസ്ജിദില്‍ ഖാദ്വിയായി സേവനം അനുഷ്ഠിച്ചു. ഈ സമയത്താണ് ഇദ്ദേഹത്തിന്റെ പേരിനോട് കൂടെ നാട്ടിക എന്ന് ചേര്‍ക്കാന്‍ തുടങ്ങിയത്.
അറിവ് പകരുന്നതിനോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുവാനും ഇദ്ദേഹം മുന്നില്‍ നിന്നു. ദേശമംഗലം എം.ഐ.സി, ജാമിഅ ഇസ്‌ലാമിയ, മഞ്ചേരി ദാറുല്‍ ഹികം ചെമ്മാനിയോട് എന്നീ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ പരിശ്രമഫലമായിരുന്നു.
നാട്ടിക ഉസ്താദ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹം തന്റെ 49-ാം വയസ്സില്‍ 2001 ഒക്‌ടോബര്‍ 4-ന് ഇഹലോകവാസം വെടിഞ്ഞു.
പ്രധാന കൃതികള്‍
തൗഹീദും ശിര്‍ക്കും
സുന്നത്ത് ജമാഅത്തിനൊരു മുഖവുര
മുസ്‌ലിം ലീഗ് സേവന പാതയില്‍
മുസലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും
മാസപ്പിറവി
മുസ്‌ലിം വ്യക്തി നിയമം
ഖാദിയാനിസം
ശരീഅത്ത്
മുജാഹിദ് പ്രയാണം, ഹൃദയ വൈകല്യങ്ങളുടെ കലവറ.