പ്രാപഞ്ചിക രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്നതും ശാസ്്രതീയ വീക്ഷണങ്ങള്‍ക്ക് ഖുര്‍ആനിക അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നതുമായ രചനകള്‍ കൊണ്ട് ഇസ്‌ലാമിക വിജ്ഞാനത്തെ സമ്പുഷ്ടമാക്കിയ അപൂര്‍വ്വ പണ്ഡിത പ്രതിഭയാണ് എന്‍ജിനീയര്‍ എ എം ഉസ്മാന്‍.
തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സെക്ഷന്‍ ഓഫിസറായി തുടങ്ങി ചീഫ് എന്‍ജിനീയറായി വിരമിച്ച എ എം ഉസ്മാന്‍ ഔദ്യോഗിക ജീവിതം നയിക്കുമ്പോള്‍ തന്റെ ധൈഷണിക സംഭാവനകള്‍ സമൂഹത്തിന് നല്‍കുന്നതിനു വേണ്ടി ആവോളം ശ്രമിച്ചിരുന്നു. ഡോക്ടര്‍ ഉസ്മാന്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'അല്‍ മുനീര്‍' ഇംഗ്ലീഷ് മാഗസിനിലും കോഴിക്കോട്ടെ 'ദ മെസേജ്' മാഗസിനിലും ഖുര്‍ആനിക വിഷയങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ലേഖനങ്ങള്‍ അേദ്ദഹം എഴുതി. മതപരമായ വിജ്ഞാനത്തെ ശാസ്ത്രവിജ്ഞാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ കൊണ്ടാണ് അദ്ദേഹം ഇവ രണ്ടു തമ്മിലുള്ള പാലം പണിതത്.
യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ച തൗഹീദും തഖ്ദീറും (1991-യുവത ബുക് ഹൗസ്), സമയത്തിന്റെ ആപേക്ഷികത(1998), വികസിക്കുന്ന പ്രപഞ്ചം(1990), പ്രകാശത്തിന് മേല്‍ പ്രകാശം (1995), ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര (2000), ഖുര്‍ആനും പ്രപഞ്ച ശാസ്ത്രം, വര്‍ണ്ണമെന്ന പ്രതിഭാസം(1987- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്), ഖുര്‍ആന്‍ ചിന്തകള്‍(കോട്ടക്കല്‍ ഇസ്‌ലാമിക് ലൈബ്രറി) എന്നിവയാണ് പ്രധാന കൃതികള്‍. ഉസ്മാന്‍ സാഹിബിന്റെ പ്രഥമ ഇംഗ്ലീഷ് കൃതി 'മേഴ്‌സി ഓഫ് അല്ലാഹ്' (1988-തിരുവനന്തപുരം അറഫാ പബ്ലിക്കേഷന്‍സ്) ആണ്. ഈ കൃതിയുടെ മലയാള ഭാഷാന്തരം 'അല്ലാഹുവിന്റെ കരുണ' (1991-കോഴിക്കോട് അറഫാ പബ്ലിക്കേഷന്‍സ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'വികസിക്കുന്ന പ്രപഞ്ചം' എന്ന കൃതിക്ക് 1990ലെ ഏറ്റവും മികച്ച ഇസ്‌ലാമിക ്രഗന്ഥത്തിനുള്ള അബൂദാബി മുസ്‌ലിം റൈറ്റേഴ്‌സ് ഫോറം അവാര്‍ഡും 'സമയത്തിന്റെ ആപേക്ഷികത' എന്ന കൃതിക്ക് തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ ്രപത്യേക അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
1923 ല്‍ പൊന്നാനിയില്‍ ജനനം. പിതാവ് കച്ച് മേമന്‍ സ്വദേശി ഹാജി ദാവൂദ് സേട്ടും മാതാവ് പൊന്നാനി അവറാന്‍ കുട്ടി മുസ്‌ലിയാരകത്ത് സാറു ഉമ്മ ബീവിയും. പൊന്നാനി തഅ്‌ലീമുല്‍ ഇസ്‌ലാം സ്‌കൂളിലാണ് പ്രാഥമിക പഠനം. അമ്മാവന്‍ എ എം മൗലവിയും സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ.വി. ഇബ്രാഹിം കുട്ടി മാസ്റ്റവും ആറാം വയസില്‍ പിതാവ് നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ രക്ഷാകര്‍ത്താക്കള്‍ കൂടിയായിരുന്നു. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ മതപഠനം നടത്തി, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസ കാലം വളരെ ക്ലേശകരമായിരുന്നു.
വിദ്യാര്‍ഥി ജീവിതത്തില്‍ കലാ, കായിക, സാംസ്‌കാരിക മത്സരങ്ങളില്‍ എന്നും ഒന്നാമനായിരുന്നു. പൊന്നാനി അച്യുത വാര്യര്‍ ഹൈസ്‌കൂളില്‍ നിന്ന് ഒന്നാം സ്ഥാനത്തോടെ പാസായി. കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളജിലായിരുന്നു ഇന്റര്‍മീഡിയറ്റ് പഠനം. മദ്രാസിലെ ഗിണ്ടി എന്‍ജിനിയറിംഗ് കോളജില്‍ സിവില്‍ എന്‍ജിനിയറിംഗ് കോഴ്‌സിനു പ്രവേശം നേടി. 1943ല്‍ നാല് വര്‍ഷത്തെ പഠന കോഴ്‌സില്‍ ഒന്നാം ക്ലാസോടെ ബി. ഇ. ഡിഗ്രി കരസ്ഥമാക്കി. മദ്രാസില്‍ നിന്നും എന്‍ജിനിയറിംഗ് ബിരുദം നേടി വീട്ടില്‍ എത്തുമ്പോഴേക്കും ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നിയമന ഉത്തരവ് ലഭിച്ചിരുന്നു. കോയമ്പത്തൂരിലെ ഗോപിച്ചെട്ടി പാളയം പി.ഡബ്ല്യ.ഡി. ഇറിഗേഷന്റെ സെക്ഷന്‍ ഓഫീസറായി ആദ്യ നിയമനം.
ഈസമയം കാക്കിനഡയിലേയും കോയമ്പത്തൂരിലേയും രണ്ട് എന്‍ജിനിയറിംഗ് കോളജില്‍ ലക്ചററായും ജോലി ചെയ്തു. 1949ല്‍ മദ്രാസ് ഇലക്ട്രിക്‌സിറ്റി ബോര്‍ഡില്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ വരെയുള്ള വിവിധ തസ്തികകളില്‍ ആറു വര്‍ഷം ജോലി ചെയ്തു. ട്യൂട്ടികോറിന്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷന്റെ ചീഫ് എന്‍ജിനിയറായി. 1978ല്‍ വിരമിച്ചു. സേവനകാലത്തും ശേഷവും വിജ്ഞാന മേഖലയിലെ പുതിയ അറിവുകള്‍ തേടിപ്പിടിച്ച് എന്നും വിജ്ഞാന കുതുകിയായി ജീവിച്ചു.
മരണം: 2007 ഡിസംബര്‍ 04.