സമസ്ത സുന്നിയുടെ നേതാവും പ്രഭാഷകനും പണ്ഡിതനും എഴുത്തുകാരനുമൊക്കെയായി തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു കെ.ടി. മാനുമുസ്‌ലിയാര്‍ എന്ന മുഹമ്മദ് മുസ്‌ലിയാരുടേത്.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പ്രദേശത്തെ കണ്മത്ത് ഗ്രാമത്തില്‍ 1932 ല്‍ കുഞ്ഞാറയുടെയും ഇത്തിക്കുട്ടിയുടെയും മകനായിട്ടാണ് ഇദ്ദേഹത്തിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചതിനാല്‍ ദാരിദ്ര്യമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. അത്‌കൊണ്ട് തന്നെ നാലാം ക്ലാസില്‍ വെച്ച് സ്‌കൂള്‍ പഠനം അവസാനിപ്പിച്ച അദ്ദേഹം ദര്‍സുകളിലാണ് തുടര്‍പഠനം നടത്തിയത്. ആ പഠനം അദ്ദേഹത്തെ വെല്ലൂര്‍ ബാഖിയാതു സ്സ്വാലിഹാതില്‍ എത്തിച്ചു. 1957 ല്‍ അവിടെ നിന്ന് ബിരുദം കരസ്ഥമാക്കി.
നാട്ടിലെത്തിയ ഉടനെ സേവനപാതയില്‍ സജീവമായി. തന്റെ സമീപ പ്രദേശമായ ഇരിങ്ങാട്ടിരിയില്‍ ഖാദ്വിയും മുദരിസുമായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് സമസ്തയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന്റെ നേതൃപദവിയിലേക്കുള്ള രംഗപ്രവേശം ഈ ഖാദ്വിസ്ഥാനത്തോടെയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറിയായിത്തീര്‍ന്ന ഇദ്ദേഹം വിദ്യാഭ്യാസ രംഗത്തും തന്റേതായ പങ്ക് രേഖപ്പെടുത്തി. കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനം അദ്ദേഹത്തിന്റെ നേതൃത്വത്തിലും വീക്ഷണത്തിലും വളര്‍ന്നുവന്ന സ്ഥാപനമാണ്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പെരിന്തല്‍മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജിന്റെ ജനറല്‍ കണ്‍വീനറുമായിരുന്നു.
ജീവിതം മുഴുവന്‍ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ആത്മകഥയാണ് 'ജീവിതത്തിന്റെ കൈയ്യൊപ്പുകള്‍'. 2009 ഫെബ്രുവരി-1ന് കെ.ടി. മാനുമുസ്‌ലിയാര്‍ നിര്യാതനായി.