Skip to main content

അല്‍ അദ്വീം

അല്‍ അദ്വീം(മഹാന്‍) എന്നത് അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ ഒന്നായി വിശുദ്ധ ഖുര്‍ആനില്‍ 9 തവണ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന ആയത്തുല്‍ കുര്‍സിയ്യ്(2:255) അവസാനിക്കുന്നത് അവന്‍ ഉന്നതനും മഹാനുമാകുന്നു (അല്‍ അലിയ്യുല്‍ അദ്വീം) എന്ന് പറഞ്ഞു കൊണ്ടാണ്. മറ്റൊരു സൂക്തം ഇപ്രകാരമാണ്: ''എന്നാല്‍ അവര്‍ തിരിഞ്ഞു കളയുന്ന പക്ഷം നബിയേ നീ പറയുക: 'എനിക്ക് അല്ലാഹു മതി, അവനല്ലാതെ ഒരു ദൈവവുമില്ല, അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നത്, അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥന്‍ (റബ്ബുല്‍ അർശില്‍ അദ്വീം)’’ (9:129). മനുഷ്യന് ഗ്രഹിക്കാനോ ഊഹിക്കാനോ പരിധി നിശ്ചയിക്കാനോ വിലമതിക്കാനോ കഴിയാത്ത മഹത്വത്തിന്റെ ഉടമസ്ഥനാണ് അല്ലാഹു. അല്ലാഹുവിന്റെ മഹത്വത്തോട് യാതൊന്നും സാദൃശ്യപ്പെടുത്തുക സാധ്യമല്ല. ആകാശഭൂമികളിലുള്ള സര്‍വതും, മലക്കുകളും പ്രവാചകന്മാരും ബുദ്ധിയുള്ള അവന്റെ അടിമകളും അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവന്ന് പ്രകീര്‍ത്തനം നടത്തുന്നു. അല്ലാഹു പറയുന്നു ''ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളതും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല, തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു’’(17:44). നബി(സ) അരുളി: ‘‘രണ്ടു വാക്യങ്ങള്‍ പരമകാരുണികന് പ്രിയപ്പെട്ടവയാണ്. അത് നാവിന് ഭാരം കറഞ്ഞതും 'തുലാസി'ല്‍ കനം തൂങ്ങുന്നവയുമാണ്. അല്ലാഹു എത്ര പരിശുദ്ധന്‍! അവന് തന്നെയാണ് സ്തുതി. മഹാനായ അല്ലാഹു എത്ര പരിശുദ്ധനാണ്! (സുബ്ഹാല്ലാഹി വബിഹംദിഹീ സുബ്ഹാനല്ലാഹില്‍ അദ്വീം).

അദ്വീം എന്ന പദം ഭാഷയില്‍ ജഡിക വസ്തുക്കളില്‍ വലുതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ആകാശവും ഭൂമിയും പോലെ മനുഷ്യന്റ കാഴ്ച്ചയുടെ പരിധിയില്‍ പരിമിതപ്പെടാത്ത വലിയ വസ്തുക്കള്‍ക്കും അദ്വീം എന്ന പദം പ്രയോഗിക്കുന്നു. എന്നാല്‍ മനുഷ്യ ബുദ്ധിയുടെയോ, ഭാവനയുടെയോ അനുമാനങ്ങള്‍ക്കും നിഗമനങ്ങള്‍ക്കുമപ്പുറം വലുതായ കാര്യങ്ങളെ കുറിക്കാന്‍ അദ്വീം എന്ന പദം ഉപയോഗിക്കുന്നു. ആ അര്‍ഥത്തില്‍ വലിയവന്‍ അല്ലെങ്കില്‍ മഹാന്‍, മഹത്വമുള്ളത് എന്ന വിശേഷണം യോജിക്കുന്നത് അല്ലാഹുവിന് മാത്രമാണ്. അല്ലാഹുവിന്റെ മഹത്വമുള്‍ക്കൊള്ളുന്നതിന്റെ ഭാഗമാണ് അവനിലുള്ള വിശ്വാസവും അവന്റെ വിശുദ്ധവചനമായ ഖുര്‍ആന്‍ അനുസരിച്ചുള്ള ജീവിതവും അവന്റെ തിരുദൂതരായ മുഹമ്മദ്(സ)യോടുള്ള ആദരവും അനുധാവനവും. അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്ന മന്ത്രധ്വനികളും ആത്മാര്‍ഥമായി അവനോട് നടത്തുന്ന താഴ്മയും പ്രാര്‍ഥനയും പശ്ചാത്താപവും മറ്റ് ആരാധനാമുറകളുമെല്ലാം അല്ലാഹുവിന്റെ മഹത്വത്തെ അംഗീകരിക്കുന്നതിന്റെ അടയാളമാണ്. അവനോടുള്ള സ്‌നേഹവും  പ്രതീക്ഷയും ആഗ്രഹവും അവന്റെ താക്കീതിനോടുള്ള ഭയപ്പാടും എല്ലാം ഒരടിമക്ക് ഉണ്ടാകുമ്പോള്‍ അവന്‍ അല്ലാഹുവിന്റെ മഹത്വത്തെയാണ് അംഗീകരിക്കുന്നത്. അല്‍ അദ്വീം (മഹാന്‍) എന്ന വിശേഷണ നാമത്തിന് അര്‍ഹന്‍ അല്ലാഹു അല്ലാതെ ആരുമില്ല.

Feedback