അല്‍ ബാസിത്വ് (നിവര്‍ത്തുന്നവന്‍) എന്ന ഗുണനാമവും അതിന്റെ വിപരീതാര്‍ഥമുള്ള അല്‍ ഖാബിദ്വ് (ചുരുട്ടുന്നവന്‍) എന്നതും അല്ലാഹുവിന്റെ വിശേഷണ നാമമായി വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വന്നിട്ടുണ്ട്. വിശാലമായി നല്‍കാന്‍ കഴിവുള്ളവനായവനാണ് അല്ലാഹു. ക്ലിപ്തപ്പെടുത്താനും പരിമിതപ്പെടുത്താനും അവന്‍ കഴിയുന്നവനാണ്. തന്റെ ഔദാര്യം അടിമകള്‍ക്കുമേല്‍ വിശാലമാക്കുന്നവന്‍, നിവര്‍ത്തുന്നവന്‍ (അല്‍ ബാസ്വിത്) ആണ് അല്ലാഹു. ഓരോ അടിമയ്ക്കും കണക്കാക്കിവെച്ച അവധി എത്തിയാല്‍ മരണം നല്‍കിക്കൊണ്ട് ആത്മാവിനെ ചുരുട്ടുന്നവന്‍ (അല്‍ ഖാബിദ്വ്) പിടിച്ചെടുക്കുന്നവന്‍ ആകുന്നു. ചിലര്‍ക്ക് ആത്മാവിനെ നീട്ടിക്കൊടുക്കുകയും ചെയ്യുന്നു.
ത്വാലൂത്തിനെ രാജാവായി നിയോഗിച്ചതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നത് ഇങ്ങനെയാണ്:
‘‘അല്ലാഹു അദ്ദേഹത്തെ നിങ്ങളേക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു’’(2:247). ബസ്ത്വത് എന്ന പ്രയോഗം ഇവിടെ നടത്തിയത് വിശാലത, വര്‍ധനവ് എന്ന അര്‍ഥത്തിലാണ്'.
പിടിച്ചുവെക്കുക (യഖ്ബിദ്വു), വിട്ടു കൊടുക്കുക (യബ്‌സുത്വു) വിപരീതാര്‍ഥമുള്ള ഈ രണ്ട് ക്രിയകളും ഒരേ സൂക്തത്തില്‍ അല്ലാഹു പ്രയോഗിച്ചിരിക്കുന്നു.
‘‘അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവന്‍ ആരാണ്? എങ്കില്‍ അല്ലാഹു അവന്നത് അനേകം ഇരട്ടികളായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ് (ധനം)പിടിച്ചു വെയ്ക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്കു തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും’’(2:245).
അടിമയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ്വ) പറഞ്ഞത് യബ്‌സുത്വു എന്നാണ്.
നബി(സ്വ) അരുളി: ‘നിശ്ചയം അല്ലാഹു പകലില്‍ ഒരു പാപി ചെയ്ത കുറ്റത്തിന് പശ്ചാത്താപം സ്വീകരിക്കുന്നതിനായി രാത്രിയില്‍ അവന്റെ കൈനീട്ടുന്നു. രാത്രിയില്‍ പാപി ചെയ്ത കുറ്റത്തിന് പശ്ചാത്താപം സ്വീകരിക്കാനായി പകലില്‍ അവന്റെ കൈകള്‍ നീട്ടുന്നു'(മുസ്‌ലിം).
ചുരുക്കത്തില്‍ അത്യുദാരനും രാജാധിരാജനും സര്‍വ്വജ്ഞനുമായ അല്ലാഹു അവന്റെ ഔദാര്യമായി ഉപജീവനം അടക്കമുള്ള കാര്യങ്ങളില്‍ അവന്റെ അടിമകള്‍ക്കുമേല്‍ വിശാലമാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു. തീര്‍ത്തും അവന്റെ ഉദ്ദേശ്യങ്ങള്‍ക്കനുസ്സരിച്ചാണിത്. സമ്പത്തും ജീവനും അധികാരവും ഒക്കെ പിടിച്ചു വെക്കുകയും വിശാലമാക്കിക്കൊടുക്കുകയും ചെയ്യുന്നു. അവന്‍ വിശാലമാക്കുന്നതിനെ പിടിച്ചുവെക്കാനോ ചുരുട്ടികളയാനോ ആര്‍ക്കും സാധ്യമല്ല. അവന്‍ പിടിച്ച്‌വെച്ച് പരിമിതപ്പെടുത്തിയതിനെ വിശാലമാക്കാനോ ആര്‍ക്കും സാധ്യമല്ല. ആ അര്‍ഥത്തില്‍ സര്‍വതിന്റെയും സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു മാത്രമാണ് അല്‍ ബാസിത്വ് (നിവര്‍ത്തുന്നവന്‍) എന്ന ഗുണനാമത്തിന് അര്‍ഹനായിട്ടുള്ളവന്‍.