കേള്‍ക്കപ്പെടുന്നതൊന്നും, അതെത്ര അവ്യക്തമായാലും, ശ്രദ്ധയില്‍ പെടാതെ പോകുന്നില്ല. ഈ രൂപത്തില്‍ കേള്‍ക്കുന്നവനും കേള്‍ക്കപ്പെടുന്നതിനെകുറിച്ച് സമ്പൂര്‍ണ അറിവ് ഉള്ളവനുമാണ് അസ്സമീഅ്. ആ വിശേഷണത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. കൂരിരുട്ടുള്ള രാത്രിയില്‍ ഉറച്ച പാറയില്‍ കറുത്ത ഉറുമ്പ് ഇഴയുന്ന നേരിയ ശബ്ദം പോലും കൃത്യമായി അവന്‍ അറിയുന്നു. രഹസ്യപരസ്യങ്ങള്‍ എന്ന വ്യത്യാസങ്ങള്‍ അവന്റെ കേള്‍വിയെ സംബന്ധിച്ചിടത്തോളം ബാധകമല്ല, കാതും ശ്രവണേന്ദ്രിയവും കൂടാതെയാണ് അവന്‍ കേള്‍ക്കുന്നത്. അവന്റെ ശ്രവണശക്തിക്ക് നാശമോ ഹാനിയോ സംഭവിക്കില്ല അതുകൊണ്ടു തന്നെ അവന്റെ കേള്‍വി സൃഷ്ടികളുടെ കേള്‍വിയോട് യാതൊരു നിലക്കും സാമ്യപ്പെടുത്താന്‍ സാധ്യമല്ല.
അല്ലാഹുവിന്റെ അനന്യമായ ഈ കഴിവിനെ സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ 20 സ്ഥലങ്ങളില്‍ അസ്സമീഅ് വിശേഷണ നാമമായി വന്നിരിക്കുന്നു. അല്‍ അലീം എന്ന അല്ലാഹുവിന്റെ വിശേഷണനാമത്തോട് ചേര്‍ന്നുകൊണ്ടും(2:127).
ഖരീബ് എന്ന ഗൂണനാമത്തോട് ബന്ധപ്പെടുത്തിയും(34:51) ബസ്വീര്‍ എന്ന ഗുണ വിശേഷണത്തിന് ശേഷവും(58:1) സമീഅ് അസ്സമീഅ് എന്ന പ്രയോഗം വന്നിട്ടുണ്ട്.