Skip to main content

അല്‍ ഖവിയ്യ്

അല്ലാഹുവിന്റെ ജ്ഞാനവും കഴിവും ആധിപത്യവുമെല്ലാം അവന്റെ ശക്തിയുടെ കൂടി നിദര്‍ശനങ്ങളാണ്. നമുക്ക് ചുറ്റുമുള്ള സചേതനവും അചേതനവുമായ സകല വസ്തുക്കളും അല്ലാഹുവിന്റെ ശക്തിയുടെ പ്രകടമായ ദൃഷ്ടാന്തങ്ങളായി തിരിച്ചറിയാനും സാധിക്കും. അല്ലാഹുവിന്റെ അനന്യമായ ശക്തിയെ ദ്യോതിപ്പിക്കാന്‍ വേണ്ടി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അല്‍ ഖവിയ്യ്. ഖവിയ്യ് എന്ന പദത്തിന് ശക്തിയുടെ എല്ലാ തലങ്ങളും ഒത്തുചേര്‍ന്നവനും ഒരിക്കലും ദൗര്‍ബല്യം പിടികൂടാത്തവന്‍ എന്നുമാണ് അര്‍ഥമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനില്‍ ഒമ്പത് സ്ഥലങ്ങളില്‍ അല്‍ ഖവിയ്യ് (ശക്തന്‍) എന്ന വിശേഷണ നാമം വന്നിട്ടുണ്ട്. ദുല്‍ ഖുവ്വതില്‍ മതീന്‍ (ശക്തനും പ്രബലനും) എന്ന ഒരു പ്രയോഗം അല്ലാഹുവിന്റെ ഒരു ഗുണനാമമായി സൂറത്തുദ്ദാരിയാത്തിലെ 58ാം സൂക്തത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ ശിക്ഷയുമായി ബന്ധപ്പെടുത്തികൊണ്ട് 'ഖവിയ്യുന്‍' (ശക്തന്‍) എന്ന വിശേഷണം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

ഫിര്‍ഔന്റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ് (8:52). അല്‍ അസീസ് (പ്രതാപശാലി) എന്ന വിശേഷണ നാമത്തോട് ചേര്‍ത്ത് ഖവിയ്യ് പ്രയോഗിച്ച രണ്ട് സൂക്തങ്ങള്‍ ഇവയാണ്. 'യാതൊരു ന്യായവും കൂടാതെ ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രേ അവര്‍. മനുഷ്യരെ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നെങ്കില്‍ പല സന്യാസി മഠങ്ങളും കൃസ്തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം കൂടുതലായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ അല്ലാഹു ശക്തനും പ്രതാപിയും തന്നെയാക്കുന്നു (22:40).

'സത്യ നിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യ വിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു' (33:25). 

ധിക്കാരവും ദൈവനിഷേധവും നടത്തുന്ന ശത്രുക്കള്‍ക്ക് സ്വൈര്യവിഹാരം നടത്താന്‍ അല്ലാഹു അനുവദിക്കുകയില്ല. അവരുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് സത്യവിശ്വാസികളെ പിന്തുണക്കാനും സഹായിക്കാനുള്ള കരുത്തും പ്രതാപവും അല്ലാഹുവിന് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ അന്തിമ വിജയം സത്യവിശ്വാസികള്‍ക്കായിരിക്കും. പ്രതാപശാലിയും ശക്തനുമായ അല്ലാഹുവെ ഒരാള്‍ക്കും പരാജയപ്പെടുത്താന്‍ സാധ്യമല്ല. കാരണം അവന്റെ ശക്തി സര്‍വ്വതിനേക്കാളും മികച്ചുനില്‍ക്കുന്നു. പ്രതാപത്തിലും പോരായ്മകളും അപൂര്‍ണതയും കൂടികലര്‍ന്നിരിക്കും. അല്ലാഹുവിന്റെ ഈ അനന്യമായ ശക്തിയിലുള്ള ദൃഢവിശ്വാസമാണ് വിശ്വാസികള്‍ക്ക് സദാ ഉണ്ടാവേണ്ടത്. സര്‍വര്‍ക്കും ആശ്രയമായിട്ടുള്ള അല്ലാഹുവിന്റെ അപാരമായ ശക്തിയെക്കുറിച്ച തികഞ്ഞ ബോധ്യത്തോടെ സത്യവിശ്വാസി ഉരുവിടേണ്ട വാക്യമാണ് 'ലാ ഹൗലവലാ ഖുവ്വത ഇല്ലാ ബില്ലാ' (ചലനമോ ശക്തിയോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല). 

ഒരിക്കല്‍ നബി (സ) അബൂ മൂസല്‍ അശരി (റ) യോട് ചോദിച്ചു: സ്വര്‍ഗത്തിലെ നിധികളില്‍ പെട്ട ഒരു നിധിയെക്കുറിച്ച് ഞാന്‍ താങ്കളെ അറിയിച്ചു തരട്ടയോ? അദ്ദേഹം പറഞ്ഞു: അതേ. നബി (സ) പറഞ്ഞു: നീ പറയണം 'ലാ ഹൗലവലാ ഖുവ്വത ഇല്ലാ ബില്ലാ' (നിന്നെകൊണ്ടല്ലാതെ ചലനമോ ശക്തിയോ ഇല്ല)അല്ലാഹുവിന്റെ അപാരമായ ശക്തിയും അതുല്യമായ കഴിവും യാതൊന്നിനോടും സാമ്യപ്പെടുത്താന്‍ സാധ്യമേയല്ല.
 

Feedback