Skip to main content

അല്‍ അസീസ്

അല്ലാഹുവിന്റെ സവിശേഷ നാമമായിട്ടുള്ള അല്‍ അസീസ്(പ്രതാപശാലി) വിശുദ്ധഖുര്‍ആനില്‍ 92 സ്ഥലങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും ഹകീം, അലീം, ദുന്‍തിഖാം, ഗഫൂര്‍, ഗഫ്ഫാര്‍, ഹമീദ് തുടങ്ങിയ ഗുണനാമങ്ങളോട് ചേര്‍ത്തിയാണ് അസീസ് എന്ന പ്രയോഗം വന്നിട്ടുള്ളത്. ഏറ്റവുമധികം തവണ അല്‍ അസീസ്(പ്രതാപശാലി) എന്ന വിശേഷണനാമം ചേര്‍ന്ന് വന്നിരിക്കുന്നത് ‘അല്‍ ഹകീം'(യുക്തിമാന്‍) എന്ന അല്ലാഹുവിന്റെ ഗുണനാമത്തോട് കൂടെയാണ്. മറ്റേതൊരു വിശേഷണനാമങ്ങളെ പോലെതന്നെ അല്ലാഹുവിന്റെ പ്രതാപം അന്തസ്സ് (ഇസ്സത്ത്) നും തുല്യത ഉണ്ടായിരിക്കുക അസംഭവ്യം. അതിനെ ഏതെങ്കിലും നിലക്ക് ഭൂമിയിലുള്ള സൃഷ്ടികളുടെ പ്രതാപവുമായി സാദൃശ്യപ്പെടുത്താന്‍ ഒരിക്കലും സാധ്യമല്ല. പ്രതാപത്തിന്റെ സാക്ഷാല്‍ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണ്. അത് കൊണ്ട് യഥാര്‍ഥ പ്രതാപിയും അവന്‍ മാത്രമാണ്. അല്ലാഹു അവന്റെ ഇഛപ്രകാരം പ്രതാപവും നിന്ദ്യതയും അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. അല്ലാഹു പറയുന്നു: ‘‘പറയുക, ആധിപത്യത്തിന്റെ ഉടമസ്ഥമായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു’’(3:26). ഐഹിക ജീവിതത്തില്‍ അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യരുടെ പ്രതാപത്തിന് നിദാനം സമ്പത്ത്, അധികാരപദവി, ആരോഗ്യം, മറ്റു സ്ഥാനമാനങ്ങള്‍, പ്രശസ്തി എന്നിവയൊക്കെയാവാം. ഇവയൊക്കെ നല്‍കുന്നതും തടയുന്നതും നിലനിര്‍ത്തുന്നതും നശിപ്പിക്കുന്നതും പോഷിപ്പിക്കുന്നതും ശോഷിപ്പിക്കുന്നതും എല്ലാം അല്ലാഹുമാത്രമാണ്. അപ്പോള്‍ അവനാണ് യഥാര്‍ത്ഥ പ്രതാപി. അല്ലാഹു പറയുന്നു: ‘‘തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു'’(10:65). ഇഹത്തിലെയും പരത്തിലെയും വിജയവും രക്ഷയുമാണ് യഥാര്‍ഥപ്രതാപം. അതിന്റെ  മാര്‍ഗരേഖയായി അവന്‍ അവതരിപ്പിച്ച വിശുദ്ധഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. അതുകൊണ്ടാണ് അല്ലാഹു  വിശുദ്ധഖുര്‍ആനെ കിതാബുന്‍ അസീസ്(പ്രതാപമുള്ള ഒരു ഗ്രന്ഥം) എന്നു വിശേഷിപ്പിച്ചിട്ടുള്ളത് (41:41).

Feedback