അല്ലാഹുവിന്റെ ശക്തിയെ (മതാനത്ത്) കുറിക്കുന്ന ഒരു വിശേഷണ നാമമാണ് അല്‍ മതീന്‍. അല്ലാഹുവിന് സമ്പൂര്‍ണ ശക്തിയുള്ളവന്‍ (അല്‍ ഖവിയ്യ്) ശക്തന്‍ (അല്‍ മതീന്‍) എന്നീ വിശേഷണ നാമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. അവന്‍ മാത്രമാണ് പരമമായ ശക്തിയുടെയും സമ്പൂര്‍ണമായ കഴിവിന്റെയും ഉടമ. അവന്റെ ശക്തിക്ക് ക്ഷയമോ ദൗര്‍ബല്യമോ തീര്‍ത്തും അസംഭവ്യം. അതുല്യശക്തിയും സമ്പൂര്‍ണ ശക്തിയും സദാ നിലനില്‍ക്കുന്നത് അവനില്‍ മാത്രമാണ്. സര്‍വ്വ കാലത്തും സര്‍വ്വ ലോകത്തും അവന്റെ പ്രതാപവും മഹത്വവും യാതൊരു പോരായ്മയും അപാകതയും ഇല്ലാതെ പൂര്‍ണാര്‍ഥത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു: 'തീച്ചയായും ഞാനും എന്റെ ദൂതന്മാരും തന്നെയാണ് വിജയം നേടുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു'(58:21).
സൃഷ്ടിപ്പില്‍ ഓരോന്നിലും അല്ലാഹുവിന്റെ അപാരമായ ശക്തി(മതാനത്തിന്റെ)യുടെ അടയാളങ്ങള്‍ കാണാന്‍ കഴിയും. ചിന്തിക്കുന്ന ആളുകള്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവ് ബോധ്യപ്പെടുകയും അവര്‍ അവനോട് താഴ്മയും വിനയഭാവം പ്രകടിപ്പിക്കുകയും ചെയ്യും. അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹന്‍ എന്ന അടിസ്ഥാനപരമായ വിശ്വാസ ദര്‍ശനം സ്വീകരിക്കാന്‍ അല്ലാഹുവിനെ യഥാവിധി ഉള്‍ക്കെള്ളുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: 'എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും'(51:56-58).
ലോകത്തുള്ള ജീവജാലങ്ങള്‍ക്കുള്ള ഉപജീവനത്തിന്റെ വഴികളൊരുക്കിക്കൊടുത്തിരിക്കുന്നത് അല്ലാഹുവാണ്. അല്ലാഹുവിന്റെ ശക്തിയുടെയും കഴിവിന്റെയും ദൃഷ്ടാന്തങ്ങള്‍ അവന്‍ സൃഷ്ടികള്‍ക്ക് അന്നം നല്‍കുന്നതിലും അത് അവര്‍ക്ക് സ്വായത്തമാക്കാനുള്ള മാര്‍ഗങ്ങള്‍ സംവിധാനിച്ചതിലും ചിന്തിക്കുന്ന ഏതൊരാള്‍ക്കും കണ്ടെത്താന്‍ സാധിക്കും. പ്രബലരും ശക്തരും തങ്ങളാണെന്ന അഹങ്കാര ചിന്തക്ക് മനുഷ്യരടക്കമുള്ള സൃഷ്ടികള്‍ക്ക് യാതൊരു അവകാശമോ അര്‍ഹതയോ ഇല്ല. കാരണം ശക്തനും പ്രബലനുമായ അല്ലാഹു അവര്‍ക്ക് അനുഗ്രഹവും ഔദാര്യവുമായി ഇറക്കിക്കൊടുത്ത കാര്യങ്ങളുടെ പേരില്‍ ആണ് മനുഷ്യന്‍ ശക്തന്മാരും കൈക്കരുത്തുള്ളവരുമെന്ന് ദുരഭിമാനം കൊള്ളുന്നത്.
അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വം നിലകൊള്ളാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസും ഇറക്കിക്കൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്. അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും അദൃശ്യമായ നിലയില്‍ സഹായിക്കുന്നവരെ അവന്ന് അറിയാന്‍ വേണ്ടിയാണ് ഇതെല്ലാം. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു'(57:25).