എല്ലാ കാര്യങ്ങള്‍ക്കും മതിയായവന്‍ അല്ലാഹു മാത്രമാണ്. അല്‍ ഹസീബ് (മതിയായവന്‍) എന്ന വിശേഷണം ദൈവേതരരില്‍ ഉണ്ടാവുക തികച്ചും അസംഭവ്യമാണ്. പ്രപഞ്ചത്തിലെ വസ്തുക്കള്‍ നിലനില്‍ക്കുന്നത് പരസ്പരം ആശ്രയിച്ചിട്ടാണ്, എല്ലാവര്‍ക്കും അല്ലാഹുവിന്റെ ആശ്രയം കൂടിയേതീരൂ. അവന് ആരുടേയോ ആശ്രയമോ സഹായമോ വേണ്ടതില്ല. കാരണം അവന്‍ അല്‍ ഹസീബ് (മതിയായവന്‍) ആണ്. എല്ലാത്തിനും മതിയായവനായ അല്ലാഹു മാത്രം എനിക്ക് മതിയെന്ന് ദാസന്‍ വിശ്വസിച്ച് അവനില്‍ ഭരമേല്‍പ്പിക്കണം. മതിയായവന്‍ എന്ന അര്‍ഥത്തില്‍ ഹസീബ് എന്നതിന്റെ ക്രിയാരൂപവും ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ‘‘വല്ലവനും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്’’ (65:03).
‘‘ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു അവരെ ഭയപ്പെടണമെന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കാന്‍ ഏറ്റവും നല്ലത് അവനത്രേ”(3:173). ‘‘തന്റെ ദാസന് അവന്‍ മതിയായവനല്ലയോ”?(39:36). വിഗ്രഹാരാധകരായ ശത്രുക്കള്‍ ഇബ്രാഹീം(അ)യെ അഗ്നിയില്‍ എറിഞ്ഞപ്പോള്‍ സര്‍വവും അല്ലാഹുവില്‍ സമര്‍പ്പിച്ച് അദ്ദേഹം ഉരുവിട്ടത് 'എനിക്ക് അള്ളാഹു മതി അവന്‍ ഭരമേല്‍പ്പിക്കപ്പെടാന്‍ എത്ര നല്ലവനാണ്' എന്നായിരുന്നു.
നബി(സ)ക്കും സത്യവിശ്വാസികള്‍ക്കും അല്ലാഹു ധൈര്യം പകര്‍ന്നു കൊടുത്തിരുന്നതും ഈ വാക്കുകള്‍ കൊണ്ടായിരുന്നു:
‘‘നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു മതി’’(8:64).
ഹാസിബ്, ഹാസിബീന്‍, ഹസീബ് എന്നിങ്ങനെ പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ ഗുണനാമമായിട്ട് കണക്ക് നോക്കുന്നവന്‍, വിചാരണ ചെയ്യുന്നവന്‍ എന്ന അര്‍ഥത്തിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
‘‘ഉയിര്‍ത്തെഴുനേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി’’ (21:47).
‘‘എന്നിട്ട് അവര്‍ അവരുടെ യഥാര്‍ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് തിരിച്ചയക്കപ്പെടും അറിയുക അവനത്രേ തീരുമാനാധികാരം അവന്‍ അതിവേഗം കണക്ക് നോക്കുന്നവനാകുന്നു’’(6:62).
‘‘നീ നിന്റെ ഗ്രന്ഥം വായിച്ച് നോക്കുക നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി (എന്ന്) അവരോട് അന്ന് പറയപ്പെടും’’(17:14). അല്ലാഹുവിന്റെ അപാരമായ കഴിവിനെയും അതിസൂക്ഷ്മമായ അറിവിനെയും സൂചിപ്പിക്കുന്ന അത്യുല്‍കൃഷ്ടമായ ദൈവിക നാമമാണ് അല്‍ ഹസീബ്.