ആകാശങ്ങളെയും ഭൂമിയെയും ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചവന്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന അല്ലാഹുവിന്റെ വിശേഷണ നാമമാണ് അല്‍ ഫാത്വിര്‍ (സ്രഷ്ടാവ്). വിശുദ്ധ ഖുര്‍ആനില്‍ 6 സ്ഥലങ്ങളില്‍ ഫാത്വിര്‍ എന്ന പദം വന്നിട്ടുണ്ട്. 'പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു, അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക. തീര്‍ച്ചയായും അല്ലാഹുവിന് കീഴ്‌പ്പെട്ടവരില്‍ ഒന്നാമനായിരിക്കാനാണ് ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്' (6:14).
(നബിയേ) നീ പറയുക: 'നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക (എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും) അപ്പോള്‍ ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ചുകൊണ്ടു വരിക എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യ തവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്റെ നേരെ (നോക്കിയിട്ട്) അവര്‍ തലയാട്ടിക്കൊണ്ട് പറയും. എപ്പോഴായിരിക്കും അത്? നീ പറയുക. അത് അടുത്ത് തന്നെ ആയേക്കും'(17:51).
ഏതൊന്നിനെയും ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. മുന്‍ മാതൃകകളില്‍ നിന്ന് രൂപം കല്പന ചെയ്യുക പ്രയാസകരമായ ഒന്നല്ല. എന്നാല്‍ 'ഫത്വറ' എന്ന ക്രിയാധാതു സൂചിപ്പിക്കുന്നത് പോലെ ശൂന്യതയില്‍ നിന്ന് സൃഷ്ടിപ്പ് നടത്തിയവന്‍, ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവന്‍ എന്നീ വിശേഷണങ്ങള്‍ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. നബി(സ) രാത്രിയില്‍ എഴുനേല്‍ക്കുമ്പോള്‍ അല്ലാഹുവിനോട് നടത്തിയ പ്രാര്‍ത്ഥനയില്‍ ഫാത്വിര്‍ എന്ന വിശേഷണനാമം ഉപയോഗിക്കാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: നബി(സ) രാത്രിയില്‍ എഴുന്നേറ്റാല്‍ അദ്ദേഹം പ്രാര്‍ഥിക്കും 'അല്ലാഹുവേ ഇസ്രാഫീലിന്റെയും മീക്കാഈലിന്റെയും ജിബ്‌രീലിന്റെയും രക്ഷിതാവായ അല്ലാഹുവേ, ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായവനേ (ഫാത്വിര്‍), ദൃശ്യവും അദൃശ്യവും അറിയുന്നവനെ, നിന്റെ അടിമകള്‍ക്കിടയില്‍ അവര്‍ അഭിപ്രായ ഭിന്നതയില്‍ ആയ കാര്യത്തില്‍ നീയാണ് വിധികല്‍പ്പിക്കുന്നവന്‍. നിന്റെ അനുമതിപ്രകാരം അഭിപ്രായ ഭിന്നതയില്‍ ആയ കാര്യത്തില്‍ സത്യത്തിലേക്ക് നീ എന്നെ വഴി നടത്തേണമേ. നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് നീ വഴി കാണിക്കുന്നു (സ്വഹീഹ് മുസ്‌ലിം).
നബി (സ) നമസ്‌കാരത്തിലെ പ്രാരംഭ പ്രാര്‍ഥനയായി ചൊല്ലിയിരുന്ന വജ്ജഹ്തു വജ് ഹിയ... എന്ന് തുടങ്ങുന്ന പ്രാര്‍ഥനയുടെ സാരാംശം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായവനിലേക്ക് ഞാന്‍ എന്റെ മുഖത്തെ നേര്‍ക്കുനേരെ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല(സ്വഹീഹ് മുസ്‌ലിം).
സൃഷ്ടി എന്ന ദൈവിക ഗുണത്തെ സൂചിപ്പിക്കുന്ന ഈ വിശേഷണം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. ശൂന്യതയില്‍ നിന്ന് ഒന്നും സൃഷ്ടിക്കുവാന്‍ എല്ലാ സൃഷ്ടികളും അശക്തരാവുന്നു.