Skip to main content

അല്‍ബാഖീ


അല്ലാഹു സ്വയംഭൂവും ശാശ്വതനുമാണ്. അനന്തമായി നിലനില്‍ക്കുന്നതിനാല്‍ അവന്‍ അല്‍ബാഖീ എന്ന വിശേഷണത്തിന് അര്‍ഹനാണ്. ആ അനന്തത ഒരു കണക്കുകൊണ്ടും കണക്കാക്കാനാവില്ല. അതിനാല്‍ അല്ലാഹു ശാശ്വതനാണ്. 'അബദിയ്യ്' എന്ന വാക്കുകൊണ്ടും ഈ ആശയം കുറിക്കാറുണ്ട്.

അല്ലാഹു അന്ത്യമില്ലാത്തവന്‍ എന്നതുപോലെ ആദ്യമില്ലാത്തവനുമാണ്. അനാദി എന്ന അര്‍ഥത്തിന് 'അസലി' എന്ന വാക്കും ഉപയോഗിക്കാറുണ്ട്.

ഉണ്‍മയെ ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ ബന്ധപ്പടുത്തുമ്പോഴാണ് ഈ പദങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുന്നത്. എന്നാല്‍ അല്ലാഹു സ്ഥലകാലങ്ങള്‍ക്കതീതനായതിനാല്‍ അവന് അതിന്റെ പരിമിതികള്‍ ബാധകവുമല്ല. അവന്‍ കാലം തുടങ്ങുന്നതിനു മുമ്പേയുണ്ട്. കാലത്തെ സൃഷ്ടിച്ചത് അവനാണ്. അതുകൊണ്ടാണ് റസൂല്‍(സ) പറഞ്ഞ ഒരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു ഇങ്ങനെ പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 'ഞാന്‍ തന്നെയാണ് കാലം, നിങ്ങള്‍ കാലത്തെ പഴിക്കരുത്, എന്റെ കൈകൊണ്ടാണ് രാത്രിയും പകലും മാറിമാറി വരുന്നത്'.

സ്ഥലകാലങ്ങള്‍ക്കതീതനായ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാകുന്നു. 'അല്ലാഹു അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ (അല്‍ഹയ്യ്) (2:255) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

'അവിടെ (ഭൂമുഖത്ത്) ഉള്ള എല്ലാവരും നശിച്ചു പോകുന്നവരാകുന്നു. മഹത്വവും ഉദാരതയുമുള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്' (55:26,27).

സര്‍വവും സൃഷ്ടിച്ചവനും സര്‍വനിയന്താവുമായിട്ടുള്ളവന് മാത്രമേ എന്നെന്നും ജീവിച്ചിരിക്കുന്നവനും അവശേഷിക്കുന്നവനും ആകാന്‍ അര്‍ഹതയുള്ളൂ. അല്ലാഹു (അല്‍ബാഖീ) (എന്നെന്നും അവശേഷിക്കുന്നവന്‍ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനാണ്.
 

Feedback